ഹിറ്റ്മാന്‍ ഉറച്ചു തന്നെ... ഇനി ടെസ്റ്റിലും കാണാം വെടിക്കെട്ട്, ഇത്തവണ പിഴയ്ക്കില്ലെന്ന് രോഹിത്

മുംബൈ: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാന്‍മാരുടെ നിരയിലാണ് ഹിറ്റ്മാനെന്ന് ആരാധകര്‍ ഓമനപ്പേരിട്ടു വിളിക്കുന്ന രോഹിത് ശര്‍മയുടെ സ്ഥാനം. ഏകദിനത്തിലും ട്വന്റി20യിലുമെല്ലാം രോഹിത്തിന്റെ അവിസ്മരണീയ ബാറ്റിങ് പ്രകടനങ്ങള്‍ ഇതിനകം കണ്ടു കഴിഞ്ഞു. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അത്ര ഹിറ്റാവാന്‍ അദ്ദേഹത്തിനായിട്ടില്ല. ഇടയ്ക്കു അവസരം ലഭിച്ചപ്പോഴൊന്നും ടെസ്റ്റില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാനാവാത്തതിനെ തുടര്‍ന്നു രോഹിത്തിന് സ്ഥാനം നഷ്ടമായിരുന്നു.
എന്നാല്‍ ഓസ്ട്രലിയക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ രോഹിത്തിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ അവസരം മുതലെടുത്ത് ടീമില്‍ സ്ഥാനമുറപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.

ഏറെ പ്രതീക്ഷയില്‍
ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് രോഹിത് പറഞ്ഞു. ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി പരിശീനമെന്നോണം ട്വന്റി20 പരമ്പരയില്‍ ഇന്ത്യ കളിക്കുന്നുണ്ട്. ഇവയില്‍ മികച്ച പ്രകടനം നടത്തുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. ടെസ്റ്റിനു ഇനിയുമേറെ സമയമുണ്ട്. ഇപ്പോഴത്തെ ഫോം തുടരാന്‍ കഴിഞ്ഞാല്‍ ടെസ്റ്റിലും മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ് ഉറച്ചു വിശ്വസിക്കുന്നത്. ടെസ്റ്റ് മല്‍സരങ്ങള്‍ ഏറെക്കാലമായി താന്‍ ആവേശത്തോടെ നോക്കിക്കാണുന്നതാണ്. ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കളിക്കാനിറങ്ങുന്നത് താന്‍ ഏറെ ഇഷ്ടപ്പെടുന്നതായും രോഹിത് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞതിനെക്കുറിച്ച് ചിന്തിക്കുന്നില്ല
കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്നു രോഹിത് വ്യക്തമാക്കി. ഓരോ മല്‍സരവും പുതിയ വെല്ലുവിളിയാണ്. ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ മുമ്പത്തെ പ്രകടനങ്ങളെക്കുറിച്ച് ആലോചിക്കുന്നില്ല.
ഓരോ മല്‍സരത്തിനും ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയാല്‍ കാര്യങ്ങളെ സിംപാളായി കാണാനേ ശ്രമിച്ചിട്ടുള്ളൂ. അമിതമായി ചിന്തിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിത്തീരുമെന്നും രോഹിത് ചൂണ്ടിക്കാട്ടി.

25 ടെസ്റ്റുകള്‍ കളിച്ചു
2013ലാണ് രോഹിത് ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇതുവരെ 25 ടെസ്റ്റുകളില്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. 39.97 ശരാശരിയില്‍ 1479 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം.
ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറിയടക്കം അടിച്ചുകൂട്ടി ലോക റെക്കോര്‍ഡ് സ്ഥാപിച്ചിട്ടുള്ള ഹിറ്റ്മാന് പക്ഷെ ടെസ്റ്റില്‍ തന്റെ യഥാര്‍ഥ മികവ് ഇതുവരെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. കരിയറിലെ ആദ്യ രണ്ടു ടെസ്റ്റുകളിലും സെഞ്ച്വറിയുമായി വരവറിയിച്ച അദ്ദേഹം പിന്നീട് ചിത്രത്തില്‍ നിന്നു തന്നെ അപ്രത്യക്ഷനാവുകയായിരുന്നു.

മൂന്നു സെഞ്ച്വറി മാത്രം
25 ടെസ്റ്റുകളില്‍ നിന്നും മൂന്നു സെഞ്ച്വറികള്‍ മാത്രമേ ഇന്ത്യക്കു വേണ്ടി ഇതുവരെ രോഹിത് നേടിയിട്ടുള്ളൂ. 177 ആണ് ഉയര്‍ന്ന സ്‌കോര്‍. 2013ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ഈ വര്‍ഷം ജനുവരി 13ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ കളിച്ച ശേഷം രോഹിത് ടെസ്റ്റ് ടീമില്‍ നിന്നും പുറത്താണ്.
ദക്ഷിണാഫ്രിക്കയില്‍ രണ്ടു ടെസ്റ്റുകളിലായി നാല് ഇന്നിങ്‌സുകള്‍ കളിച്ച രോഹിത്തിന് ആകെ നേടാനായത് 78 റണ്‍സ് മാത്രമാണ്. ഇതോടെ ടെസ്റ്റില്‍ അദ്ദേഹത്തിനു സ്ഥാനവും നഷ്ടാവുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications