സിഡ്‌നി:തരക്കേടില്ലാതെ കളിച്ച് വരികയായിരുന്ന രവീന്ദ്ര ജഡേജ ഇല്ലാത്ത റണ്ണിന് വേണ്ടി ഓടി റണ്‍ ഔട്ടായി. അതിന് പിറകേ ശക്തമായ ചതിരിച്ചുവരവിന്റെ സാധ്യത കാണിച്ച് ധോണി ആഞ്ഞടിച്ച് തുടങ്ങുകയായിരുന്നു. 65 പന്തിൽ 65 റണ്‍സെടുത്ത ധോണി കൂടി ഔട്ടായതോടെ ഇന്ത്യ ജയിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.
ധോണിക്ക് പിറകേ അശ്വിനും മോഹിതും കൂടി പുറത്തായി. ഇന്ത്യയുടെ സ്‌കോര്‍ ഒമ്പതിന് 232. ശേഷിക്കുന്നത് നാല് ഓവറുകള്‍ മാത്രം
മുന്‍നിര വിക്കറ്റുകള്‍ കൊഴിഞ്ഞുപോയതിനെ തുടര്‍ന്ന് അജിന്‍ക്യ രഹാനെയും ക്യാപ്റ്റന്‍ ധോണിയും ചേര്‍ന്ന് ഇന്ത്യയെ കരയ്ക്കടുപ്പിക്കുകയായിരുന്നു. അതിനിടെ രഹാനെയും പുറത്ത്. 44 റണ്‍സെടുത്ത രഹാനെയെ സ്റ്റാര്‍ക്ക് ആണ് പുറത്താക്കിയത്. വിക്കറ്റ് കീപ്പര്‍ ഹാഡിന്‍ ക്യാച്ചെടുത്തു. ആദ്യം അമ്പയര്‍ ഔട്ട് വിധിച്ചില്ലെങ്കിലും ഓസ്‌ട്രേലിയ റിവ്യൂ കൊടുത്ത് ഔട്ട് വാങ്ങി. ഇന്ത്യ 37 ഓവറില്‍ അഞ്ച് വിക്കറ്റിന് 179.
2003 ലോകകപ്പിലെ ഫൈനല്‍ 2015 ലെ സെമിഫൈനലില്‍ ആവര്‍ത്തിക്കുമോ എന്നാണ് ഇപ്പോള്‍ ചോദ്യം.
ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോറിനെ നേരിടുന്ന ഇന്ത്യക്ക് തകര്‍ച്ചയിലാണ്. മികച്ച രീതിയില്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന ശിഖര്‍ ധവാന് പിറകേ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിയും രോഹിത് ശര്‍മയും പുറത്തായി. മിച്ചല്‍ ജോണ്‍സണെ സിക്‌സറിന് പറത്തിയ രോഹിത്തിനെ അടുത്ത പന്തില്‍ ജോണ്‍സണ്‍ കുറ്റി തെറിപ്പിച്ചു. രോഹിത് 48പന്തില്‍ നിന്ന് 34 റണ്‍സെടുത്തു . മിച്ചല്‍ ജോണ്‍സന്റെ ബൗണ്‍സര്‍ ഹുക്ക് ചെയ്യാനുള്ള ശ്രമം പാളി, വിക്കറ്റ് കീപ്പറുടെ കൈയ്യില്‍ കുരുങ്ങിയാണ് കോലി പുറത്തായത്. വൈസ് ക്യാപ്റ്റന് 13 പന്തില്‍ നിന്ന് ഒരു റണ്‍ മാത്രമേ എടുക്കാനായുള്ളു
41 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത ധവാനെ പുറത്താക്കിയത് ഹാസില്‍വുഡ് ആണ്. ലെഗ് സൈഡിലേക്ക് ഉയര്‍ത്തിയടിച്ച പന്ത് ബൗണ്ടറി ലൈനിനരികില്‍ മാക്‌സ് വെല്‍ പിടിച്ചു. ആറ് ബൗണ്ടറികളും ഒരു സിക്‌സറും അടിച്ച് മികച്ച ഫോമിലായിരുന്നു ധവാന്‍.

കഴിഞ്ഞ ഏഴ് മത്സരങ്ങളെ പോലെ എതിര്‍ ടീമിനെ ഓളൗട്ടാക്കാന്‍ ടീം ഇന്ത്യക്ക് സെമി ഫൈനലില്‍ കഴിഞ്ഞില്ല. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ത്താടിയപ്പോള്‍ സ്‌കോര്‍ അമ്പത് ഓവറില്‍ 328.
ഏഴ് വിക്കറ്റുകള്‍ പിഴുതെടുക്കാനെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞുള്ളൂ. അതില്‍ നാലും വീഴ്ത്തിയത് ഉമേഷ് യാദവ് ആണ്. ഒമ്പത് ഓവറില്‍ 72 റണ്‍സ് വിട്ടുകൊടുത്താണ് യാദവ് നാല് വിക്കറ്റ് വീഴ്ത്തിയത്.

മോഹിത് ശര്‍മ രണ്ടും, ആര്‍ അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി. തുടക്കത്തില്‍ കൃത്യതയോടെ പന്തെറിഞ്ഞ മുഹമ്മദ് ഷമിക്ക് വിക്കറ്റൊന്നും കിട്ടിയില്ല. വാലറ്റത്ത് മിച്ചല്‍ ജോണ്‍സണ്‍ നടത്തിയ വെടിക്കെട്ടാണ് ഓസ്‌ട്രേലിയയെ മികച്ച സ്്‌കോറില്‍ എത്തിച്ചത്. 12 പന്തില്‍ നിന്ന് ജോണ്‍സണ്‍ 27 റണ്‍സെടുത്തു.