ധാക്ക: സിംബാബ്‌വേയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ജയിച്ചതിനൊപ്പം ഒരു പിടി റെക്കോര്‍ഡുകളും സ്വന്തമാക്കി ബംഗ്ലാദേശ്. ഓപ്പണിങ് വിക്കറ്റില്‍ വമ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ തമീം ഇഖ്ബാലും ലിറ്റണ്‍ ദാസുമാണ് ആരാധകരുടെ മനസില്‍ എന്നെന്നും ഇടംപിടിക്കുന്ന ഇന്നിങ്‌സുകളുമായി കളംനിറഞ്ഞത്. പരമ്പര 3-0 എന്ന നിലയില്‍ ബംഗ്ലാദേശ് സ്വന്തമാക്കുകയും ചെയ്തു.
തമീമും ലിറ്റണ്‍ ദാസും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ നേടിയ 292 റണ്‍സ് കൂട്ടുകെട്ട് ബംഗ്ലാദേശിന്റെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടുകെട്ടാണ്. ലിറ്റണ്‍ ദാസ് 176 റണ്‍സെടുത്തപ്പോള്‍ തമീം 128 റണ്‍സും സ്വന്തമാക്കി. അവസാന 9.4 ഓവറില്‍ നേടിയത് 140 റണ്‍സാണ്. മഴമൂലം കളി തടസ്സപ്പെടുമ്പോള്‍ 33.2 ഓവറില്‍ 182 റണ്‍സ് എന്ന നിലയിലായിരുന്ന ബംഗ്ലാദേശ് 43 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സാണ് പടുത്തുയര്‍ത്തിയത്.

ബംഗ്ലാദേശിനുവേണ്ടി ഓപ്പണറായി ഇറങ്ങിയ രണ്ടുപേരും ഒരു കളിയില്‍ സെഞ്ച്വറി നേടുന്നത് ഇതാദ്യമായാണ്. നാലാം തവണയാണ് ഒരേ കളിയില്‍ രണ്ട് ബംഗ്ലാ താരങ്ങള്‍ സെഞ്ച്വറി നേടുന്നത്. നേരത്തെ ഷാക്കിബ് അല്‍ ഹസ്സനും മുഹമ്മദുള്ളയും ചേര്‍ന്ന് നേടിയ 224 റണ്‍സ് ആയിരുന്നു ഏതു വിക്കറ്റിലേയും ഉയര്‍ന്ന കൂട്ടുകെട്ട്. അത് ലിറ്റണും തമീമും ചേര്‍ന്ന് തകര്‍ക്കുകയും ചെയ്തു.
ഓപ്പണിങ് കൂട്ടുകെട്ട് ബംഗ്ലാദേശിനുവേണ്ടി 200 കടക്കുന്നതും ആദ്യം. ഏകദിന ചരിത്രത്തിലെ മൂന്നാമത്തെ വലിയ ഓപ്പണിങ് കൂട്ടുകെട്ടുമാണിത്. ലിറ്റണ്‍ ദാസിന്റെ 176 റണ്‍സ് വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍ കൂടിയാണ്. എംഎസ് ധോണി(183), ക്വിന്റണ്‍ ഡി കോക്ക്(178) എന്നിവരാണ് മുന്നിലുള്ളവര്‍. ഒരു ഏകദിനത്തില്‍ 8 സിക്‌സര്‍ നേടിയ ലിറ്റണ്‍ ഇക്കാര്യത്തിലും ബംഗ്ലാദേശിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി. 7 സിക്‌സര്‍ നേടിയ തമീമിനേയാണ് പിന്നാലാക്കിയത്.
തമീമും ലിറ്റണും ചേര്‍ന്ന് നേടിയ 14 സിക്‌സറുകള്‍ ഒരു മത്സരത്തില്‍ ബംഗ്ലാദേശിന്റെ ഉയര്‍ന്ന സിക്‌സറുകളുമായി. 176 റണ്‍സ് നേടിയ തമീമാണ് ഇനി ബംഗ്ലാദേശിന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറര്‍. ബൗണ്ടറിയിലൂടെ മാത്രം 100 റണ്‍സില്‍ അധികം കണ്ടെത്തിയും ലിറ്റണ്‍ റെക്കോര്‍ഡിട്ടു. തമിം ഇഖ്ബാലിന്റെ 98 റണ്‍സാണ് ലിറ്റണ്‍ മറികടന്നത്.
മൂന്നാം ഏകദിനത്തില്‍ മഴ കളിച്ചെങ്കിലും ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 123 റണ്‍സിന് ബംഗ്ലാദേശ് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 43 ഓവറില്‍ 322 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിംബാബ്വെ 37.3 ഓവറില്‍ 218 റണ്‍സിന് കൂടാരം കയറി.