ടെസ്റ്റില്‍ 199ന് പുറത്ത്, ദുര്‍വിധി നേരിട്ട സൂപ്പര്‍ താരങ്ങളെ അറിയാം, രണ്ട് ഇന്ത്യക്കാരും

സെഞ്ച്വറിക്കും ഇരട്ട സെഞ്ച്വറിക്കും ഒരു റണ്‍സകലെ പുറത്താവുകയെന്നത് ശരിക്കും വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണ്. ബാറ്റ്‌സ്മാന്റെ വലിയ പ്രതീക്ഷകള്‍ കൈയകലെ അവസാനിക്കുന്നത് മാനസികമായി താരങ്ങളെ തളര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. സെഞ്ച്വറിക്ക് ഒരു റണ്‍സകലെ പുറത്തായ താരങ്ങളെ പരിഗണിച്ചാല്‍ വലിയ പട്ടിക തന്നെ പറയാനാവും. എന്നാല്‍ ടെസ്റ്റില്‍ 12 താരങ്ങളാണ് ഇരട്ട സെഞ്ച്വറിക്ക് ഒരു റണ്‍സകലെ പുറത്തായവര്‍. ഇത് ആരൊക്കെയാണെന്ന് അറിയാമോ ? പരിശോധിക്കാം.

മുദാസര്‍ നാസര്‍

മുദാസര്‍ നാസര്‍

മുന്‍ പാകിസ്താന്‍ ബാറ്റ്‌സ്മാന്‍ മുദാസര്‍ നാസര്‍ ഈ ദുര്‍വിധി നേരിട്ട താരങ്ങളിലൊരാളാണ്. 1984ല്‍ ഇന്ത്യക്കെതിരായ മത്സരത്തിലാണ് അദ്ദേഹം 199ല്‍ പുറത്തായത്. ഓള്‍റൗണ്ടറായ താരം പാകിസ്താനായി 76 ടെസ്റ്റില്‍ നിന്ന് 4114 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ 10 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും ഉള്‍പ്പെടും. 66 ടെസ്റ്റ് വിക്കറ്റും മുദാസര്‍ നാസറിന്റെ പേരിലുണ്ട്. 122 ഏകദിനത്തില്‍ നിന്ന് 2653 റണ്‍സും 111 വിക്കറ്റുമാണ് അദ്ദേഹം നേടിയത്.

മുഹമ്മദ് അസ്ഹറുദ്ദീന്‍

മുഹമ്മദ് അസ്ഹറുദ്ദീന്‍

ഈ നിര്‍ഭാഗ്യം വേട്ടയാടി ആദ്യത്തെ ഇന്ത്യക്കാരനാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. 1986ലാണ് അസ്ഹറുദ്ദീന്റെ ഈ പുറത്താകല്‍. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് 199 റണ്‍സില്‍ അസ്ഹറുദ്ദീന് പുറത്താവേണ്ടി വന്നത്. ഇന്ത്യക്കായി 99 ടെസ്റ്റ് കളിച്ച് 6215 റണ്‍സ് നേടിയ അസ്ഹറുദ്ദീന്റെ ഉയര്‍ന്ന സ്‌കോര്‍ 199 റണ്‍സാണ്. ടെസ്റ്റില്‍ 22 സെഞ്ച്വറി നേടിയെങ്കിലും ഒരു തവണ പോലും ഇരട്ട സെഞ്ച്വറിയിലേക്കെത്താന്‍ സാധിച്ചിട്ടില്ല.

സനത് ജയസൂര്യ

സനത് ജയസൂര്യ

മുന്‍ ശ്രീലങ്കന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ സനത് ജയസൂര്യയും 199 റണ്‍സില്‍ പുറത്തായിട്ടുണ്ട്. 1997ലായിരുന്നു ജയസൂര്യക്ക് ഈ തിരിച്ചടി നേരിട്ടത്. ഇന്ത്യക്കെതിരായ മത്സരത്തിലാണ് ജയസൂര്യ 199ന് പുറത്തായത്. ഈ മത്സരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ഇന്ത്യക്കായി സെഞ്ച്വറി നേടിയിരുന്നു. 110 ടെസ്റ്റില്‍ നിന്ന് 6973 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 14 സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും ഉള്‍പ്പെടും. 340 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

സ്റ്റീവ് വോ

സ്റ്റീവ് വോ

മുന്‍ ഓസീസ് ഇതിഹാസ നായകന്‍ സ്റ്റീവ് വോയും 199ന് പുറത്തായിട്ടുണ്ട്. 1999ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് സ്റ്റീവ് വോ 199ല്‍ മടങ്ങിയത്. 168 ടെസ്റ്റില്‍ നിന്ന് 10927 റണ്‍സാണ് സ്റ്റീവ് വോ നേടിയത്. 32 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 200 റണ്‍സാണ് സ്റ്റീവ് വോയുടെ ഉയര്‍ന്ന സ്‌കോര്‍. ഓസ്‌ട്രേലിയയുടെ ലോകകപ്പ് ജേതാവായ ക്യാപ്റ്റനാണ് സ്റ്റീവ് വോ. 2004ലാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

യൂനിസ് ഖാന്‍

യൂനിസ് ഖാന്‍

പാകിസ്താന്‍ ഇതിഹാസ താരം യൂനിസ് ഖാനും 199ന് പുറത്തായിട്ടുണ്ട്. 2006ല്‍ ഇന്ത്യക്കെതിരെയാണ് യൂനിസിന് ഈ ദുര്‍വിധി നേരിടേണ്ടി വന്നത്. ലാഹോറില്‍ നടന്ന ടെസ്റ്റിലായിരുന്നു ഈ പുറത്താകല്‍. ഇൗ മത്സരം സമനിലയിലാണ് കലാശിച്ചത്. 118 ടെസ്റ്റില്‍ നിന്ന് 10099 റണ്‍സ് നേടിയിട്ടുള്ള യൂനിസ് 34 സെഞ്ച്വറിയും ആറ് ഇരട്ട സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.

ഇയാന്‍ ബെല്‍

ഇയാന്‍ ബെല്‍

മുന്‍ ഇംഗ്ലണ്ട് താരം ഇയാന്‍ ബെല്ലും 199ന് പുറത്തായിട്ടുണ്ട്. 2008ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ഉഇത്. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തിലാണ് ബെല്‍ 199ല്‍ മടങ്ങിയത്. ക്ലാസിക് താരമായ ബെല്‍ 118 ടെസ്റ്റില്‍ നിന്ന് 7727 റണ്‍സാണ് നേടിയത്. ഇതില്‍ 22 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും ഉള്‍പ്പെടും. 235 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന വിശേഷണമുള്ള സ്റ്റീവ് സ്മിത്ത് 2015ലാണ് 199ല്‍ പുറത്തായത്. വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ഇത്. 85 ടെസ്റ്റില്‍ നിന്ന് 8010 റണ്‍സ് നേടിയ സ്മിത്ത് 27 സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും ഇതിനോടകം നേടിയിട്ടുണ്ട്. ടെസ്റ്റില്‍ നിലവിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഓസ്‌ട്രേലിയയുടെ സ്മിത്ത്. വിക്കറ്റെടുക്കാന്‍ പ്രയാസമുള്ള ബാറ്റ്‌സ്മാനാണ് സ്മിത്ത്.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

2016ലാണ് ഇന്ത്യയുടെ കെ എല്‍ രാഹുല്‍ 199ല്‍ പുറത്തായത്. ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇത്. ചെന്നൈയില്‍ നടന്ന മത്സരത്തിലാണ് ഒരു റണ്‍സകലത്തില്‍ രാഹുലിന് ഇരട്ട സെഞ്ച്വറി നഷ്ടമായത്. 43 ടെസ്റ്റില്‍ നിന്ന് 2547 റണ്‍സാണ് രാഹുലിന്റെ പേരിലുള്ളത്. ഇതില്‍ ഏഴ് സെഞ്ച്വറിയും ഉള്‍പ്പെടും. 199 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഡീന്‍ എല്‍ഗര്‍, ഫഫ് ഡുപ്ലെസിസ്, ഏഞ്ചലോ മാത്യൂസ്

ഡീന്‍ എല്‍ഗര്‍, ഫഫ് ഡുപ്ലെസിസ്, ഏഞ്ചലോ മാത്യൂസ്

ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗര്‍ 2017ല്‍ ബംഗ്ലാദേശിനെതിരെയാണ് 199ല്‍ പുറത്തായത്. ദക്ഷിണാഫ്രിക്ക 333 റണ്‍സിന് മത്സരം ജയിച്ചെങ്കിലും ഒരു റണ്‍സകലെ എല്‍ഗര്‍ക്ക് ഇരട്ട സെഞ്ച്വറി നഷ്ടമായി. 2020ല്‍ ഫഫ് ഡുപ്ലെസിസും 199ല്‍ പുറത്തായി. ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ഈ പുറത്താകല്‍. അവസാനമായി ഏഞ്ചലോ മാത്യൂസാണ് 199ല്‍ പുറത്തായത്. നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെയാണ് ഒരു റണ്‍സകലെ മാത്യൂസിന് ഇരട്ട സെഞ്ച്വറി നഷ്ടമായത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, May 18, 2022, 13:09 [IST]
Other articles published on May 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X