ടിനു മുതല്‍ സഞ്ജുവരെ, നമ്മുടെ ദേശീയ ക്രിക്കറ്റര്‍മാര്‍!
തിരുവനന്തപുരം: കര്‍ണാടകത്തിന്റെ ആറും ഏഴും കളിക്കാരൊക്കെ ഒരേസമയം ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ്, കുംബ്ലെ തുടങ്ങി പലരും കഴിവു കൊണ്ടും പിന്നെ പലരും കര്‍ണാടക ലോബിയുടെ സ്വാധീനം കൊണ്ടും. എന്നാല്‍ അപ്പോഴൊന്നും ഒരു മലയാളിയെ ദേശീയ ടീമില്‍ കളിപ്പിക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല. ഇന്ന് കേറും നാളെ കേറും എന്ന് പറഞ്ഞ് അനന്തപദ്മനാഭന്‍ കാത്തിരുന്നത് മാത്രം മെച്ചം.
രഞ്ജി ട്രോഫിയിലെ ഏറ്റവും താഴെത്തട്ടില്‍ കിടക്കുന്ന കേരളത്തിന് ടിനു യോഹന്നാനിലൂടെയാണ് ഒരു അന്താരാഷ്ട്ര ക്രിക്കറ്ററെ കിട്ടിയത്. അത് വരെ ഒരു സുനില്‍ വത്സലന്റെയും മുള്ളുമ്പോള്‍ വീണ മലയാളി ബന്ധമുള്ള മറ്റ് താരങ്ങളുടെ പേരും പറഞ്ഞിരിക്കുമായിരുന്നു നമ്മള്‍. ടിനു വന്നു, പിന്നെ ശ്രീശാന്ത് വന്നു. ഇപ്പോഴിതാ സഞ്ജു സാംസണും.
കേരളം സ്വന്തമെന്ന് പറഞ്ഞ് അഭിമാനിച്ചിരുന്ന കളിക്കാരുടെ പട്ടിക നോക്കൂ.

ടിനു യോഹന്നാന്‍
കേരളത്തില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എത്തിയ ആദ്യത്തെ പൂര്‍ണ്ണ മലയാളിയാണ് ടിനു യോഹന്നാന്‍. ലോംഗ് ജംപ് താരി ടി സി യോഹന്നാന്റെ മകന്‍. ആവറേജ് കളിക്കാരനായിരുന്ന ടിനു വേഗം തന്നെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായി.

ശ്രീശാന്ത്
ചെറുതെങ്കിലും സംഭവ ബഹുലം. ഉയര്‍ച്ച താഴ്ചകള്‍ കണ്ട കരിയറായിരുന്നു ശ്രീശാന്തിന്റേത്. ഇന്ത്യയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാകാനുള്ള പൊട്ടന്‍ഷ്യല്‍ താരത്തില്‍ നിന്നും ക്രിക്കറ്റില്‍ നിന്നും വിലക്കപ്പെട്ടവനായി. എങ്കിലും ശ്രീ രണ്ട് ലോകകപ്പുകള്‍ നേടി.

സഞ്ജു സാംസണ്‍
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ അരുമ ശിഷ്യന്‍. ഐ പി എല്ലില്‍ കളിക്കാനായി ദ്രാവിഡിന് കീഴില്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയതോടെയാണ് ഈ വിഴിഞ്ഞം കാരന്റെ തലയിലെഴുത്ത് മാറിയത്. വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റിംഗുമാണ് സഞ്ജുവിന്റെ തട്ടകം.

അജയ് ജഡേജ
ഹരിയാനക്കാരന്‍ അജയ് ദൗലത്സിംഗ്ജി ജഡേജയെ അമ്മ ആലപ്പുഴക്കാരിയാണ് എന്ന പേരില്‍ ജഡ്ഡു എന്ന് വിളിച്ചു സ്‌നേഹിച്ചിട്ടുണ്ട് കേരളം. കൊച്ചിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളി ജയിപ്പിച്ചപ്പോള്‍ ജന്മനാട് പോലെയാണ് ജഡ്ഡുവിനെ മലയാളികള്‍ വാരിപ്പുണര്‍ന്നത്.

റോബിന്‍ ഉത്തപ്പ
കര്‍ണാടക രഞ്ജി ടീമിലൂടെ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച റോബിന്‍ ഉത്തപ്പയ്ക്കും ഉണ്ട് ഒരു മലയാളി ബന്ധം. ഉത്തപ്പയുടെ അച്ഛന്‍ കുടക് സ്വദേശിയാണ്. കോഴിക്കോട്ടുകാരിയായ അമ്മ റോസലിനിലൂടെയാണ് ഉത്തപ്പയ്ക്ക് കേരള ബന്ധം.

എബി കുരുവിള
മലയാളിയാണെങ്കിലും എബി കുരുവിള കളിച്ചത് മുംബൈക്ക് വേണ്ടിയാണ്. പത്ത് ടെസ്റ്റുകളിലും 25 ഏകദിനത്തിലും കളിച്ചു ഈ ആലപ്പുഴക്കാരന്‍ ഫാസ്റ്റ് ബൗളര്‍. കെ പി ഭാസ്‌കര്‍, സുനില്‍ വത്സലന്‍ എന്നീ മലയാളികള്‍ പകരക്കാരായി ഇന്ത്യന്‍ ടീമിലെത്തിയെങ്കിലും കളിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications