മുംബൈ: വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഇന്ത്യയെ തച്ചുതകര്‍ത്ത ലെന്‍ഡല്‍ സിമ്മണ്‍സ് വ്യാഴാഴ്ച സെമി ഫൈനല്‍ കളിച്ചത് ഹോം ഗ്രൗണ്ടില്‍. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണിംഗ് ബാറ്റ്‌സ്മാനാണ് 31 കാരനായ ഈ ട്രിനിഡാഡ് ക്രിക്കറ്റര്‍. സ്ഥിരം ഓപ്പണറാണെങ്കിലും സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ സിമ്മണ്‍സ് ബാറ്റ് ചെയ്തത് നാലാം നമ്പറില്‍. 51 പന്തില്‍ 7 ഫോറും 5 സിക്‌സും പറത്തി മാന്‍ ഓഫ് ദ മാച്ചായി ലെന്‍ഡല്‍ സിമ്മണ്‍സ്.
ക്രിസ് ഗെയ്‌ലിനെയോ ഡ്വെയ്ന്‍ ബ്രാവോയെയോ പോലെ ഒരു സെലിബ്രിറ്റിയൊന്നുമല്ല സിമ്മണ്‍സ്. ബ്രാത് വൈറ്റ്, സമി, പൊള്ളാര്‍ഡ്, റസ്സല്‍ തുടങ്ങിയവരെ പോലെ ഭീമാകാര രൂപവും ഇല്ല. എന്നാല്‍ എപ്പോഴൊക്കെ ടീമിന് തന്നെ വേണമോ അപ്പോഴൊക്കെ സിമ്മണ്‍സ് വിളിപ്പുറത്തുണ്ടാകും. പുറംവേദന മൂലം ലെന്‍ഡല്‍ സിമ്മണ്‍സ് വിന്‍ഡീസിന്റെ ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടായിരുന്നില്ല. ഫ്‌ലച്ചറിന് പരിക്ക് പറ്റിയത് കൊണ്ട് മാത്രമാണ് സെമി കളിക്കാന്‍ സിമ്മണ്‍സിന് അവസരം കിട്ടിയത്. തട്ടുപൊളിപ്പന്‍ കളിയോടെ സിമ്മണ്‍സ് തിരിച്ചുവരവ് ഗംഭീരമാക്കി.

ക്രിസ് ഗെയ്‌ലിനെയും മര്‍ലോണ്‍ സാമുവല്‍സിനെയും നഷ്ടപ്പെട്ട് വിന്‍ഡീസ് രണ്ടിന് 19 എന്ന നിലയില്‍ പതറുമ്പോഴാണ് സിമ്മണ്‍സ് ക്രീസിലെത്തിയത്. അശ്വിന്‍, പാണ്ഡ്യ എന്നിവരുടെ പന്തുകളില്‍ രണ്ട് തവണ ജീവന്‍ കിട്ടിയത് ഭാഗ്യമായി. മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിന് പറ്റിയ സ്‌ട്രോക് പ്ലേ ആണ് സിമ്മണ്‍സ് പുറത്തെടുത്തത്. ഐ പി എല്‍ ഹോം ഗ്രൗണ്ടില്‍ സിമ്മണ്‍സ് താരമായി.
കഴിഞ്ഞ ഐ പി എല്‍ സീസണ്‍ നോക്കുക. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന് പരിക്ക് പറ്റിയത് കൊണ്ട് മാത്രമാണ് സിമ്മണ്‍സിന് കളിക്കാന്‍ അവസരം കിട്ടിയത്. ആ അവസരം സിമ്മണ്‍സ് ശരിക്കും വിനിയോഗിച്ചു. 540 റണ്‍സുമായി മുംബൈയുടെ ടോപ് സ്‌കോറര്‍. ഫലമോ മുംബൈ ഇന്ത്യന്‍സ് ഐ പി എല്‍ ചാമ്പ്യന്മാരായി. ഇത്തവണ ഐ പി എല്‍ ലേലം വന്നപ്പോള്‍ സിമ്മണ്‍സിനെ നിലനിര്‍ത്തി മുംബൈ ഫിഞ്ചിനെ ഒഴിവാക്കി. സിമ്മണ്‍സിന്റെ ബാറ്റിംഗ് ഐ പി എല്‍ കാണാനിരിക്കുന്നതേ ഉള്ളൂ എന്ന് ചുരുക്കം.