കൊളംബൊ: ശ്രീലങ്കന്‍ ബൗളര്‍ ലസിത് മലിംഗയ്ക്ക് മുന്നറിയിപ്പുമായി ദേശീയ ക്രിക്കറ്റ് ബോര്‍ഡ്. ഐപിഎല്‍ വിട്ട് രാജ്യത്തേക്ക് മടങ്ങിയെത്തി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചില്ലെങ്കില്‍ പിന്നീട് ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. കഴിഞ്ഞ സപ്തംബര്‍ മുതല്‍ ദേശീയ ടീമില്‍ നിന്നും പുറത്താണ് ഈ മുപ്പത്തിനാലുകാരന്‍.
ഐപിഎല്‍ പതിനൊന്നാം സീസണില്‍ മലിംഗയെ ക്ലബ്ബുകളൊന്നും ലേലത്തിലെടുത്തിരുന്നില്ല. മോശം ഫോമില്‍ കളിക്കുന്നതിനാലാണ് മുംബൈ ടീമിന്റെ കളിക്കാരനായിരുന്ന മലിംഗ ടീമില്‍ നിന്നും പുറത്തായത്. എന്നാല്‍, മുംബൈയുടെ മെന്റര്‍ എന്ന നിലയില്‍ ഇപ്പോള്‍ ടീമിനൊപ്പം മലിംഗയുമുണ്ട്. ഈ ജോലി ഒഴിവാക്കി തിരിച്ചുവരണമെന്നാണ് ഇപ്പോള്‍ ശ്രീലങ്കയുടെ ആവശ്യം.

ശ്രീലങ്കയില്‍ മെയ് 2 മുതല്‍ നടക്കുന്ന ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിക്കാനാണ് മലിംഗയ്ക്ക് ലഭിച്ച നിര്‍ദ്ദേശം. ജൂലൈയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ടീമിനെ കണ്ടെത്തുന്നത് ടൂര്‍ണമെന്റിന് ശേഷമായിരിക്കും. അതുകൊണ്ടുതന്നെ മലിംഗയ്ക്ക് ആഭ്യന്തര ക്രിക്കറ്റ് നിര്‍ണായകമാണ്.
അതേസമയം, ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ആവശ്യം മലിംഗ നിഷേധിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ കളിക്കാന്‍ ഒരുക്കമാണെന്നും എന്നാല്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ കഴിയില്ലെന്നുമാണ് താരത്തിന്റെ നിലപാട്. അടുത്തകാലത്തായി നിലവാരം കുറഞ്ഞ പ്രകടനം കാഴ്ചവെക്കുന്ന ശ്രീലങ്കന്‍ ദേശീയ ടീമില്‍ മലിംഗയെ പോലുള്ള താരങ്ങള്‍ ഇല്ലാതാകുന്നത് തിരിച്ചടിയാണ്.