കുമാര്‍ സംഗക്കാര ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റ് താരമാണ്. ഒരു സ്‌പോര്‍ട്‌സ് താരത്തിനപ്പുറത്തേയ്ക്ക് വളര്‍ന്ന ഇമേജ് ആണ് സംഗക്കാരയ്ക്കുള്ളത്. ശ്രീലങ്കയിലെ വംശീയ പ്രശ്‌നങ്ങളോട് പോലും കൃത്യമായി പ്രതികരിച്ച മനുഷ്യ സ്‌നേഹിയാണ്.
എന്തായാലും കുമാര്‍ സംഗക്കാര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചുകഴിഞ്ഞു. കളിയില്‍ നിന്ന് വിരമിച്ചാല്‍ ഈ ക്രിക്കറ്റ് താരങ്ങളെല്ലാം എന്താണ് ചെയ്യുക? പലരും പല ബിസിനസ്സുകളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകും. ചിലരാണെങ്കില്‍ ക്രിക്കറ്റിന്റെ ഓരം പറ്റി തന്നെ പിന്നേയും ജീവിയ്ക്കും.

ക്രിക്കറ്റില്‍ നിന്ന് വിരമിയ്ക്കുന്ന സംഗക്കാര ഇനി എന്തായിരിയ്ക്കും ചെയ്യുക? അദ്ദേഹത്തിന് മുന്നില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ വച്ചിട്ടുള്ളത് ഒരു വമ്പന്‍ ഓഫറാണ്. ബ്രിട്ടനിലെ ശ്രീലങ്കന്‍ ഹൈക്കമ്മീഷണറുടെ ജോലി!!!
ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഇങ്ങനെ ഒരു ഓഫര്‍ സംഗക്കാരയ്ക്ക് മുന്നില്‍ വച്ചത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സംഗക്കാരയുടെ വിടവാങ്ങല്‍ ചടങ്ങില്‍ വച്ചായിരുന്നു ഏവരേയും അത്ഭുതപ്പെടുത്തിയ ഈ നീക്കം പ്രസിഡന്റ് നടത്തിയത്.
ശ്രീലങ്കയുടെ മുഖമാണ് സംഗക്കാര എന്നാണ് സിരിസേന പറഞ്ഞത്. എന്നാല്‍ ഇതൊക്കെ കേട്ടിട്ടും സംഗക്കാരയ്ക്ക് ഒരു കുലുക്കവും ഉണ്ടായില്ല. ആള്‍ക്കൂട്ടം ആരവമുയര്‍ത്തിയപ്പോഴും എല്ലാം ഒരു ചെറുപുഞ്ചിരിയില്‍ ഒതുക്കുകയായിരുന്നു ആ ഇതിഹാസ താരം.