വെല്ലിംഗ്ടണ്‍: ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേര് ഓരോന്നായി റെക്കോര്‍ഡ് പുസ്തകങ്ങളില്‍ നിന്നും അപ്രത്യക്ഷമാകുകയാണ്. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സങ്കക്കാരയാണ് സച്ചിന്റെ ഒരു റെക്കോര്‍ഡ് മറികടന്നിരിക്കുന്നത്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 12000 റണ്‍സ് തികച്ച ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡാണ് സച്ചിനില്‍ നിന്നും സങ്ക തട്ടിയെടുത്തത്.
ന്യൂസിലന്‍ഡിനെതിരെ വെല്ലിംഗ്ടണില്‍ സങ്ക കളിക്കുന്നത് തന്റെ 222 ആമത്തെ ഇന്നിംഗ്‌സാണ്. 130 ടെസ്റ്റുകളില്‍ നിന്നാണ് സങ്ക ഇത്രയും ഇന്നിംഗ്‌സുകള്‍ കളിച്ചത്. 152 ടെസ്റ്റുകളില്‍ നിന്നായി 247 ഇന്നിംഗ്‌സുകള്‍ വേണ്ടി വന്നിരുന്നു സച്ചിന് 12000 ടെസ്റ്റ് റണ്‍സുകള്‍ തികയ്ക്കാന്‍. സച്ചിനെക്കാള്‍ 23 ഇന്നിംഗ്‌സുകള്‍ കുറച്ച് കളിച്ച് സങ്കക്കാര ഈ ലക്ഷ്യത്തിലെത്തി.

2010 ല്‍ 247 ഇന്നിംഗ്‌സില്‍ 12000 റണ്‍സ് തികച്ച് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായിരുന്ന റിക്കി പോണ്ടിംഗ് സച്ചിനൊപ്പം എത്തിയിരുന്നു. 12000 റണ്‍സിന്റെ റെക്കോര്‍ഡ് കൈമോശം വന്നെങ്കിലും 13000, 14000, 15000 റണ്‍സുകള്‍ വേഗത്തില്‍ തികച്ചതിന്റെ റെക്കോര്‍ഡ് സച്ചിന്റെ പേരില്‍ തന്നെയാണ്. 200 ടെസ്റ്റുകളിലായി 15,921 റണ്‍സുകളോടെ സച്ചിനാണ് ടെസ്റ്റ് റണ്‍വേട്ടയുടെ തലപ്പത്ത്.
168 ടെസ്റ്റില്‍ നിന്നും 13378 റണ്‍സെടുത്ത പോണ്ടിംഗ് രണ്ടാമതാണ്. ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസ്, ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ് എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. അഞ്ചാം സ്ഥാനത്തുള്ള സങ്കക്കാര മാത്രമാണ് റണ്‍വേട്ടക്കാരില്‍ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. കൂട്ടത്തില്‍ ഏറ്റവും അധികം ബാറ്റിംഗ് ആവറേജും സങ്കയ്ക്ക് തന്നെ. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സച്ചിന്റെ ടെസ്റ്റ് റണ്‍സുകള്‍ മറികടക്കാന്‍ സങ്കയ്ക്ക് ഇനിയും മൂവായിരത്തിനടുത്ത് റണ്‍സുകള്‍ വേണം.