ദില്ലി: ചൈനാമെന്‍ ബൗളിങ്ങിലൂടെ അടുത്തിടെ ക്രിക്കറ്റ് ആരാധകര്‍ക്ക് പരിചിതനായ പേരാണ് കുല്‍ദീപ് യാദവ്. നേരത്തെ തന്നെ ഐപിഎല്ലില്‍ സാന്നിധ്യമറിയിച്ചിരുന്നെങ്കിലും ഓസ്ട്രേലിയയ്ക്കെതിരായ ധര്‍മശാല ടെസ്റ്റോടെയാണ് ഈ ഇന്ത്യന്‍ സ്പിന്നര്‍ കൂടുതല്‍ ശ്രദ്ധേയനാകുന്നത്. ഏറ്റവും മികച്ച ബാറ്റ്സ്മാനെപ്പോലും പൊടുന്നനെ കബളിപ്പിക്കുന്ന കുല്‍ദീപിന്റെ ബൗളിങ് മാന്ത്രികത ഐപിഎല്ലിലും തുടരുകയാണ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായ കുല്‍ദീപ് ഇതിനകംതന്നെ ഏഴു കളികളില്‍ നിന്നും എട്ടു വിക്കറ്റുകള്‍ നേടിക്കഴിഞ്ഞു. ഭാവിയില്‍ ഇന്ത്യന്‍ ബൗളിങ്ങിന്റെ കുന്തമുനയാകും കുല്‍ദീപെന്ന് ഈ ഇരുപത്തിരണ്ടുകാരന്റെ ബൗളിങ് വിളിച്ചറിയിക്കുന്നു. റൈസിങ് പൂണെയ്ക്കെതിരെ രണ്ടുവിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് വിജയത്തിന് നിര്‍ണായകമാവുകയും ചെയ്തു.
ഉത്തര്‍ പ്രദേശിനായി രഞ്ജി ട്രോഫിയില്‍ 13 ഇന്നിങ്സുകളില്‍നിന്നായി 35 വിക്കറ്റുകള്‍ നേടിയതാണ് കുല്‍ദീപിന്റെ സീസണ് പെര്‍ഫോമന്‍സ്. വിജയ് ഹസാരെ ട്രോഫി, ടി20 ചാമ്പ്യന്‍ഷിപ്പ്, ഇറാനി കപ്പ് തുടങ്ങിയവയിലും കുല്‍ദീപ് മികവ് തെളിയിച്ചു. ദുലീപ് ട്രോഫിയില്‍ മൂന്നു മത്സരങ്ങളില്‍നിന്നായി 17 വിക്കറ്റുകളാണ് കുല്‍ദീപ് നേടിയത്.
ഇതിന് പിന്നാലെ ധര്‍മശാലയില്‍ ഓസീസിനെതിരെ ആദ്യ ഇന്നിങ്സില്‍ 4 വിക്കറ്റ് നേടിയും കുല്‍ദീപ് രാജ്യാന്തര ക്രിക്കറ്റില്‍ വരവറിയിച്ചു. അശ്വിന് ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം കളിക്കാന്‍ കഴിയുന്നത് തന്റെ കരിയറിന് ഏറെ സഹായകരമാകുമെന്ന് കുല്‍ദീപ് പറയുന്നു. വരാനിരിക്കുന്ന മത്സരങ്ങളിലും മികച്ച പ്രകടനം തുടരാനാണ് യുവതാരത്തിന്റെ പരിശ്രമം.