കൊല്‍ക്കത്ത: ചൈനാമെന്‍ ബൗളറായ കുല്‍ദീപ് യാദവ് ആണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. ഓസ്ട്രേലിയയുടെ ലോകോത്തര നിലവാരമുള്ള ബാറ്റിങ്ങിനെതിരെ ഹാട്രിക് നേടിയ കുല്‍ദീപിന് എങ്ങുനിന്നും പ്രശംസാ പ്രവാഹമാണ്. കുല്‍ദീപിന്റെ പന്തുകളുടെ ഗതി മനസിലാക്കാന്‍ എതിര് ബാറ്റ്സ്മാന്മാര്ക്ക് കഴിയാത്തതാണ് താരത്തെ വ്യത്യസ്ഥനാക്കുന്നത്.
ദുരൂഹതയുണ്ടാക്കുന്ന പന്തുകളാണ് കുല്ദീപിന്റെതെന്നാണ് സംസാരം. എന്നാല്‍, തന്റെ പന്തേറിനെ അങ്ങിനെ വിശേഷിപ്പിക്കുന്നതില്‍ കുല്‍ദീപിന് താത്പര്യമില്ല. ലോക നിലവാരമുള്ള പന്തുകളാണ് അവയെന്നും അതുകൊണ്ടാണ് വിക്കറ്റ് കിട്ടുന്നതെന്നുമാണ് കുല്‍ദീപ് ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.
ഷെയിന്‍ വോണും നരൈനുമൊക്കെ പന്തെറിയുന്നത് വ്യത്യസ്ഥമായിട്ടാണ് ബൗള്‍ ചെയ്യുന്നത്. ഇവരുടെ പന്തേറിനെ ദുരൂഹമെന്ന് ആരും വിളിക്കുന്നില്ല. നല്ല പന്തുകളെറിയുമ്പോള്‍ വിക്കറ്റുകള്‍ ലഭിക്കും. അതിനാണ് തന്റെ ശ്രമം. ഷെയിന്‍ വോണിനെ അനുകരിക്കാനാണ് കളി പഠിപ്പിച്ച ഗുരു നിര്‍ദ്ദേശിച്ചത്. വോണ്‍ നേടിയതിന്റെ 20 ശതമാനമെങ്കിലും രാജ്യത്തിന് നല്കാന് കഴിഞ്ഞാല്‍ താന്‍ സംതൃപ്തനാണെന്നും കുല്‍ദീപ് വ്യക്തമാക്കി.
1991ല്‍ കപില്‍ദേവ് ഇന്ത്യയ്ക്കായി ഹാട്രിക് നേടിയശേഷം ഏകദിനത്തില്‍ ഹാട്രിക് നേടുന്ന ആദ്യ താരമാണ് കുല്‍ദീപ്. ചേതന്‍ ശര്‍മയും ഇന്ത്യയ്ക്കായി ഹാട്രിക് നേടിയിട്ടുണ്ട്. ഇതോടെ ഹാട്രിക് നേടിയ മൂന്നു ബൗളര്‍മാരിലൊരാളായി മാറാനും ഈ ഇരുപത്തിരണ്ടുകാരന് കഴിഞ്ഞു. 2019 ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിങ്ങിന്റെ കുന്തമുനയാകും കുല്‍ദീപ് എന്നാണ് കരുതപ്പെടുന്നത്.