സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരം ഡിസംബര്‍ 6ന് അഡ്ലെയ്ഡില് ആരംഭിക്കുകയാണ്. ഇരു ടീമുകളും ദിവസങ്ങളോളമായി കഠിന പരിശീലനത്തിലാണ്. എതിര് കളിക്കാരെ വീഴ്ത്താനുള്ള തന്ത്രങ്ങളും ടീമുകള്‍ തയ്യാറാക്കിക്കഴിഞ്ഞു. നാലു ടെസ്റ്റുകളുടെ പരമ്പര ആരു നേടുമെന്നത് പ്രവചനാതീതമാണ്. മുന്‍ കളിക്കാരും മറ്റും ഇതിനകംതന്നെ പരമ്പരയെ വിലയിരുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ കളിക്കാരില്‍ വിരാട് കോലിയാണ് ഏവരുടെയും ശ്രദ്ധാകേന്ദ്രം. അടുത്തിടെ ഇംഗ്ലണ്ടില്‍ നടന്ന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടി കോലി ഇന്ത്യയെ മുന്നില്‍നിന്നും നയിച്ചു. ക്യാപ്റ്റന്റെ ബാറ്റിങ് ഫോം തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക ഇത്തവണ പരമ്പര നേടാന്‍ ഏറെ സാധ്യതയുണ്ട്. എന്നാല്‍, കോലിയേക്കാളും ഇടംകൈയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ആയിരിക്കും ഇന്ത്യയുടെ മാച്ച് വിന്നറെന്നാണ് മുന്‍ താരം സുനില്‍ ഗാവസ്കര്‍ പറയുന്നത്.
കൈക്കുഴ ബൗളര്‍മാര്‍ക്ക് ഓസ്ട്രേലിയയില്‍ തിളങ്ങാനാകുമെന്ന് ഗാവസ്കര്‍ വിലയിരുത്തി. ഓസ്ട്രേലിയയിലെ പിച്ചുകളിലെ ബൗണ്‍സ് റിസ്റ്റ് സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ്. ടി20 പരമ്പരയില്‍ കുല്‍ദീപിനെ കളിക്കാന്‍ ഓസ്ട്രേലിയ ബുദ്ധിമുട്ടിയിരുന്നു. ടെസ്റ്റ് സീരീസില്‍ കുല്‍ദീപിന് ഇന്ത്യയുടെ മാച്ച് വിന്നറാകാന്‍ കഴിയുമെന്നും ഗാവസ്കര്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് ഇന്നോളം ഒരു ടെസ്റ്റ് പരമ്പരയും ഓസ്ട്രേലിയയില്‍ നേടാനായിട്ടില്ല. മൂന്നു തവണ പരമ്പര സമനിലയിലാക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, ഇക്കുറി ഇന്ത്യ 3-0ത്തിന് പരമ്പര നേടുമെന്നാണ് ഗാവസ്കറുടെ വിലയിരുത്തല്‍. മെല്‍ബണ്‍ ടെസ്റ്റ് സമനിലയിലാകാനാണ് സാധ്യത. കാരണം മഴ കളി തടസ്സപ്പെടുത്തിയേക്കും. മറ്റു ടെസ്റ്റുകള്‍ ഇന്ത്യ ജയിക്കുമെന്നും ഗാവസ്കര്‍ പറഞ്ഞു.