കണ്ണീരടക്കാനാകാതെ കുല്‍ദീപ്
കഴിഞ്ഞദിവസം ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിനെതിരെ കുല്‍ദീപ് ഒരിക്കല്‍ക്കൂടി നിറംമങ്ങി. മോയീന്‍ അലിക്കെതിരെ ഒരോവറില്‍ 27 റണ്‍സ് വഴങ്ങിയത് നാണക്കേടാവുകയും ചെയ്തു. മൂന്ന് സിക്സറുകളും 2 ഫോറും ഓവറില്‍ വിട്ടുകൊടുത്തു. അവസാന പന്തില്‍ അലിയെ പുറത്താക്കിയെങ്കിലും കുല്‍ദീപിന് സങ്കടം അടക്കാനായില്ല. കണ്ണീര്‍നിറഞ്ഞ കുല്‍ദീപിനെ സഹതാരം നിധീഷ് റാണയാണ് ആശ്വസിപ്പിച്ചത്.
ബാറ്റ്സ്മാന്മാര് ശ്രദ്ധിച്ചു കളിക്കുന്നു
കുല്‍ദീപ് 4 ഓവറില്‍ 59 റണ്‍സാണ് വിട്ടുകൊടുത്തത്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു സ്പിന്നറുടെ മോശം പ്രകടനത്തിനൊപ്പമെത്തുകയും ചെയ്തു താരം. തന്റെ ഓവറില്‍ പുറത്താകാതിരിക്കാന്‍ ബാറ്റ്സ്മാന്മാര് ശ്രദ്ധിച്ചു കളിക്കുന്നു എന്നാണ് നേരത്തെ കുല്‍ദീപ് പറഞ്ഞത്. ശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തി ലോകകപ്പിന് ഒരുങ്ങാനാകും ഇനി കുല്‍ദീപിന്റെ ശ്രമം.
ബാംഗ്ലൂര്‍ കൊല്‍ക്കത്ത മത്സരം
റണ്‍മഴ കണ്ട പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നാലു വിക്കറ്റിന് 213 റണ്‍സെന്ന കൂറ്റന്‍ സ്കോറാണ് പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങില്‍ മുന്‍നിര തകര്‍ന്നെങ്കിലും മധ്യനിരയില്‍ നിതീഷ് റാണയും (85*) സൂപ്പര്‍ താരം ആന്ദ്രെ റസ്സലും (65) നടത്തിയ വെട്ടിക്കെട്ട് ഇന്നിങ്സുകള്‍ കെകെആറിനെ ജയത്തിന് അരികിലെത്തിച്ചിരുന്നു. അഞ്ചു വിക്കറ്റിന് 203 റണ്‍സെടുത്ത് കെകെആര്‍ മത്സരം കൈവിടുകയായിരുന്നു. ബാംഗ്ലൂര്‍ 10 റണ്‍സിന്റെ ജയം സ്വന്തമാക്കി.