മുംബൈ: 2020ലെ ഐപിഎല്ലിലേക്കുള്ള താരലേലം ഡിസംബറില്‍ നടക്കും. അടുത്ത മാസം 19ന് കൊല്‍ക്കത്തയിലാണ് ലേലം അരങ്ങേറുക. ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഇതാദ്യമായാണ് ലേലത്തിനു കൊല്‍ക്കത്ത ആതിഥേയത്വം വഹിക്കുന്നത്. ചൊവ്വാഴ്ച ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് ലേലം കൊല്‍ക്കത്തയില്‍ നടത്താമെന്നു ധാരണയായത്. സ്ഥിരം വേദിയായ ബെംഗളൂരുവില്‍ നിന്നും ഇത്തവണത്തെ ലേലം കൊല്‍ക്കത്തയിലേക്കു മാറ്റിയതായി ഭരണസമിതി അറിയിക്കുകയായിരുന്നു.
നിലവിലെ ബിസിസിഐ പ്രസിഡന്റും മുന്‍ നായകനുമായ സൗരവ് ഗാംഗുലിയുടെ നാട്ടില്‍ വച്ച് നടക്കുന്ന ലേലമെന്ന പ്രത്യേകത കൂടി ഇത്തവണത്തെ താര ലേലത്തിനുണ്ട്. കൂടാതെ മുന്‍ ചാംപ്യന്മാരും ബോളിവുഡ് സൂപ്പര്‍ കതാരവുമായ ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ഹോംഗ്രൗണ്ട് കൂടിയാണ് കൊല്‍ക്കത്ത.
അശ്വിനെ വേണം, എന്തിനും തയ്യാറെന്ന് ഡല്‍ഹി... പകരം 2 പേരെ നല്‍കാം, ഒന്ന് സൂപ്പര്‍ താരം
2021ല്‍ ഐപിഎല്ലിലെ മുഴുവന്‍ ഫ്രാഞ്ചൈസികളും തങ്ങളുടെ താരങ്ങളെ മുഴുവന്‍ ഒഴിവാക്കുകയും പകരം പുതിയ സംഘത്തെ തിരഞ്ഞെടുക്കുകയും ചെയ്യും. അതിനു മുമ്പ് നടക്കുന്ന അവസാനത്തെ ലേലമെന്ന പ്രത്യേകത കൂടി ഡിസംബറിലെ താരലേലത്തിനുണ്ട്. കഴിഞ്ഞ സീസണിലെ ലേലത്തില്‍ 82 കോടി രൂപയായിരുന്നു ഒരു ഫ്രാഞ്ചൈസിക്കു താരങ്ങള്‍ക്കു വേണ്ടി ചെലവിടാന്‍ പരമാവധി അനുവദിച്ചിരുന്ന തുക. എന്നാല്‍ വരാനിരിക്കുന്ന അടുത്ത ലേലത്തില്‍ ഇത് 85 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ബാലന്‍സ് വന്നത് ഡല്‍ഹി ക്യാപ്പിറ്റല്സിനായിരുന്നു. 8.2 കോടി രൂപ ഇപ്പോഴും അവരുടെ പക്കലുണ്ട്. രാജസ്ഥാന് റോയല്‍സ് (7.15 കോടി), കൊല്‍ക്കത്ത (6.05 കോടി) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.