കൊല്‍ക്കത്ത: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ലീഗ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കവെ പോയന്റ് നിലയില്‍ പിറകിലുള്ള രാജസ്ഥാന് റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടുന്നു. കൊല്‍ക്കത്തയില്‍ രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുക. പ്ലേ ഓഫിലെത്താനുള്ള വിദൂര സാധ്യതയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്.
തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ തോറ്റാണ് കൊല്‍ക്കത്തയുടെ വരവ്. തുടര്‍തോല്‍വികള്‍ക്ക് കാരണങ്ങള്‍ പലതാണെങ്കിലും ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കിന് നിലനില്പിന്റെ പോരാട്ടം കൂടിയാണ് ശേഷിക്കുന്ന മത്സരങ്ങള്‍. ബാറ്റിങ്ങില്‍ ടീമില്‍ പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ല. മുന്നേറ്റ നിരയ്ക്കുശേഷം ആന്ദ്രെ റസ്സലിന്റെ വെടിക്കെട്ട് ബാറ്റിങ് ടീമിനെ പല കളികളിലും ജയത്തിന്റെ വക്കോളമെത്തിച്ചിരുന്നു. എന്നാല്‍, ബൗളര്‍മാരുടെ പിടിപ്പുകേട് ടീമിന് തലവേദനയാണ്.
സ്ഥിരതയില്ലാത്ത ഒരാള്ക്കൂട്ടവുമായാണ് രാജസ്ഥാന് ഇക്കുറി കളിക്കുന്നത്. ബൗളിങ്ങില്‍ ഐപിഎല്ലിലെ ഏറ്റവും മോശം ടീമുകളിലൊന്നാണവരുടേത്. എത്ര വലിയ ടോട്ടലുയര്ത്തിയാലും പ്രതിരോധിക്കാന്‍ ടീം പാടുപെടുകയാണ്. കോടികള്‍ ചെലവഴിച്ച ഉനദ്കട്ടും ബെന്‍സ്റ്റോക്കും രണ്ടാം സീസണിലും പൂര്‍ണ പരാജയമായി. മുന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ഫോമിലെത്തിയത് ആശ്വാസകരമാണ്. ടീമെന്ന നിലയില്‍ കെട്ടുറപ്പ് കാട്ടാതെ രാജസ്ഥാന് ജയിച്ചുകയറാനാകില്ല.
ഐപിഎല്‍: ഇനി ധോണിയില്ലാത്ത സിഎസ്കെ? പിന്മാറിയേക്കും!! കാരണം വെളിപ്പെടുത്തി സൂപ്പര്‍ ക്യാപ്റ്റന്‍
ഇരു ടീമുകളും മാറ്റങ്ങളുമായാണ് കളിക്കാനിറങ്ങുക. നിര്‍ണായക മത്സരമായതിനാല്‍ ജയ സാധ്യതയുള്ള ടീമിനെ അണിനിരത്താന്‍ ടീം മാനേജ്മെന്റ് നിര്‍ബന്ധിതമാകും. നാട്ടിലേക്ക് പോയ ജോസ് ബട്ലര് തിരിച്ചെത്താത്തത് രാജസ്ഥാനെ ദുര്‍ബലമാക്കും. അതേസമയം, റിയാന്‍ പരാഗ്, സ്റ്റ്യുവര്‍ട്ട് ബിന്നി എന്നിവര്‍ അന്തിമ ഇലവനിലുണ്ടാകും. കഴിഞ്ഞ മത്സരത്തില്‍ പരീക്ഷിച്ച പൃഥ്വി രാജ്, കെസി കരിയപ്പ എന്നിവരെ കൊല്‍ക്കത്ത ഒഴിവാക്കും. റോബിന് ഉത്തപ്പയും കുല്‍ദീപ് യാദവും ടീമില്‍ തിരിച്ചെത്തും.