കൊല്‍ക്കത്ത: ഐപിഎല്ലില്‍ മികച്ച പ്രകടനം തുടരുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം പുതിയൊരു താരം കൂടി. ഓസ്‌ട്രേലിയന്‍ പേസര്‍ മാത്യു കെല്ലിയാണ് പുതുതായി കെകെആറിനൊപ്പം ചേര്‍ന്നത്. പരിക്കു മൂലം പിന്മാറിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ചെ നോര്‍ട്ടെയുടെ പകരക്കാരനായാണ് 24കാരനായ കെല്ലി കെകെആറിലെത്തിയത്.

ഇതാദ്യമായാണ് കെല്ലി ഐപിഎല്ലിന്റെ ഭാഗമാവുന്നത്. വലം കൈയന്‍ പേസര്‍ 16 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളിലും അഞ്ച് ലിസ്റ്റ് എ മല്‍സരങ്ങളിലും 12 ടി20കളിലും കളിച്ചിട്ടുണ്ട്. ഐപിഎല്‍ നിയമപ്രകാരം ഒരു താരം പിന്‍മാറിയാല്‍ പകരമെത്തുന്നയാളുടെ മൂല്യം അതിനേക്കാള്‍ കൂടാന്‍ പാടില്ല. 20 ലക്ഷം രൂപയ്ക്കാണ് നോര്‍ട്ടെയെ കെകെആര്‍ ഈ സീസണില്‍ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.
രണ്ടു തവണ ജേതാക്കളായ കെകെആര്‍ ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ കളിച്ച ആറു മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ ജയിച്ച കെകെആര്‍ രണ്ടെണ്ണത്തില്‍ തോല്‍വിയുമേറ്റുവാങ്ങി. നിലവില്‍ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്താണ് ദിനേഷ് കാര്‍ത്തിക് നയിക്കുന്ന ടീം.