കൊല്‍ക്കത്ത: ഐപിഎല്ലില്‍ മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ കഷ്ടകാലം തീരുന്നില്ല. തുടര്‍ച്ചയായി ആറാമത്തെ കളിയിലും കെകെആറിനു പരാജയം നേരിട്ടു. ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ രാജസ്ഥാന്‍ റോയല്‍സാണ് മൂന്നു വിക്കറ്റിന് കെകെആറിനെ തകര്‍ത്തുവിട്ടത്. ഇതോടെ കെകെആറിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കു മങ്ങലേല്‍ക്കുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 175 റണ്‍സാണ് നേടിയത്. മറുപടിയില്‍ തുടര്‍ച്ചയായ ഇടവേളകളില്‍ രാജസ്ഥാനു വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അഞ്ചാമനായി ഇറങ്ങിയ 17 കാരനായ റിയാന്‍ പരാഗിന്റെ (47) ഇന്നിങ്‌സ് ടീമിനെ രക്ഷിക്കുകയായിരുന്നു. നാലു പന്തും മൂന്നു വിക്കറ്റും ശേഷിക്കെ രാജസ്ഥാന്‍ ലക്ഷ്യം മറികടന്നു. 31 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടങ്ങിയതായിരുന്നു പരാഗിന്റെ ഇന്നിങ്‌സ്. ഒരു ഘട്ടത്തില്‍ രാജസ്ഥാന്‍ അഞ്ചിന് 98 റണ്‍സെന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ടിരുന്നു.
വാലറ്റത്ത് 12 പന്തില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കം പുറത്താവാതെ 27 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചറും ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അജിങ്ക്യ രഹാനെ (34), മലയാളി താരം സഞ്ജു സാംസണ്‍ (22) എന്നിവരാണ് ഭേ്ദപ്പെട്ട പ്രകടനം നടത്തിയ മറ്റു താരങ്ങള്‍. കെകെആറിനു വേണ്ടി പിയൂഷ് ചൗള മൂന്നും സുനില്‍ നരെയ്ന്‍ രണ്ടും വിക്കറ്റെടുത്തു.

നായകന്‍ ദിനേഷ് കാര്‍ത്തികിന്റെ (97*) വണ്‍മാന്‍ ഷോയാണ് കെകെആറിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 175 റണ്‍സ് കെകെആര്‍ നേടി. 50 പന്തില്‍ ഏഴു ബൗണ്ടറികളും ഒമ്പതു സിക്‌സറും കാര്‍ത്തികിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
കെകെആര്‍ നിരയില്‍ മറ്റുള്ളവരൊന്നും 30 റണ്‍സ് പോലും തികച്ചില്ല. നിതീഷ് റാണയാണ് (21) 20നു മുകളില്‍ നേടിയ മറ്റൊരു ഏക താരം. സൂപ്പര്‍ താരം ആന്ദ്രെ റസ്സല്‍ (14), ശുഭ്മാന്‍ ഗില്‍ (14), സുനില്‍ നരെയ്ന്‍ (11), ക്രിസ് ലിന്‍ (0), കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (5) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. രാജസ്ഥാനു വേണ്ടി വരുണ്‍ ആരോണ്‍ രണ്ടു വിക്കറ്റെടുത്തു. ടോസിനു ശേഷം രാജസ്ഥാന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.