ഓക്ക്ലാന്‍ഡ്: ന്യൂസിലാന്‍ഡിനെതിരേയുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു അത്ര എളുപ്പത്തില്‍ റണ്‍സ് വാരിക്കൂട്ടാന്‍ സാധിക്കില്ലെന്ന് മുന്നറിയിപ്പ്. ഐപിഎല്ലില്‍ കോലിയുടെ ടീമായ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഡയറക്ടര്‍ കൂടിയായ മൈക്ക് ഹെസ്സനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കിവീസ് പേസര്‍മാര്‍ ന്യൂ ബോള്‍ കൊണ്ട് കോലിക്കു കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും ന്യൂസിലാന്‍ഡിന്റെ മുന്‍ മുഖ്യ കോച്ച് കൂടിയായിരുന്ന ഹെസ്സന് പറഞ്ഞു. കളിയുടെ ആദ്യ 10-20 ഓവറില്‍ ന്യൂസിലാന്‍ഡ് പേസര്‍മാര്‍ക്കെതിരേ കോലിയുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് താന്‍. ന്യൂസിലാന്‍ഡില്‍ നല്ല തുടക്കം ലഭിക്കുകയെന്നത് കോലിയെ സംബന്ധിച്ചു പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ടി20 പരമ്പരയ്ക്കു ശേഷമുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയും കിവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ടും തമ്മിലുള്ള ഏറ്റുമുട്ടലിനെ വളരെ ആവേശത്തോടെയാണ് താന്‍ കാത്തിരിക്കുന്നതെന്നു ഹെസ്സന് വ്യക്തമാക്കി. ന്യൂസിലാന്‍ഡിനെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കുക കടുപ്പമാണ്. അവരുടെ മുന്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും.
ലോകകപ്പ് സെമി ഫൈനല്‍... ന്യൂസിലാന്‍ഡിനോട് തോറ്റത്തില്‍ സന്തോഷം!! ആരാധകരെ ഞെട്ടിച്ച് കോലി
2014ല്‍ ഉള്ളതിനേക്കാള്‍ മികച്ച പേസ് ബൗളിങ് നിരയാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. അതുകൊണ്ടു തന്നെ ഇത്തവണത്തെ പരമ്പര കൂടുതല്‍ ആവേശകരമായിരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം നാട്ടുകാരുടെ പിന്തുണ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡിനു പ്ലസ് പോയിന്റാണ്. മാത്രമല്ല, എതിരാളികളേക്കാള്‍ നന്നായി സാഹചര്യങ്ങളെ അടുത്തറിയുന്നതും കിവീസാണ്. എന്നാല്‍ ഇതൊന്നും വച്ച് ഇന്ത്യന്‍ ടീമിനെ വില കുറച്ചു കണ്ടാല്‍ ന്യൂസിലാന്‍ഡിനു കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഹെസ്സന് മുന്നറിയിപ്പ് നല്കി.