ജോഹന്നാസ്ബര്‍ഗ്: സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെപ്പോലെ കളിക്കുന്നു എന്ന ഡോണ്‍ ബ്രാഡ്മാന്റെ ഒരു പരമാര്‍ശം സച്ചിന്റെ കരിയറില്‍ വരുത്തിയ മാറ്റങ്ങള്‍ ചെറുതല്ല. ഐതിഹാസികമായ ആ വിശേഷണം പോലെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ യുവ സൂപ്പര്‍ സ്റ്റാര്‍ വിരാട് കോലിയെക്കുറിച്ച് ദക്ഷിണാഫ്രിക്കയുടെ അലന്‍ ഡൊണാള്‍ഡ് പറഞ്ഞിരിക്കുന്നത്.
വിരാട് കോലി കളിക്കുന്നത് കണ്ടാല്‍ 96 ലെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കളിക്കുന്നത് പോലെയുണ്ട് എന്നാണ് വെളുത്ത ഇടിമിന്നല്‍ എന്നറിയപ്പെടുന്ന ഡൊണാള്‍ഡ് പറഞ്ഞത്. സച്ചിന്റെ സുവര്‍ണകാലമായിരുന്നു തൊണ്ണൂറുകളുടെ രണ്ടാം പകുതി എന്നോര്‍ക്കണം. 96 ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ അപ്പര്‍ കട്ടുകളിലൂടെ ഡോണാള്‍ഡിന്റെയും മറ്റും പന്തുകള്‍ അതിര്‍ത്തി കടത്തിയ സച്ചിന്റെ ഇന്നിംഗ്‌സുകള്‍ ഏറെ പേരുകേട്ടിരുന്നു.

അച്ചടക്കവും ഉത്തരവാദിത്തബോധവുമാണ് കോലിയുടെ പ്രത്യേകതയായി ഡൊണാള്‍ഡ് കരുതുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒഴിച്ചിട്ട നാലാം നമ്പറില്‍ ആദ്യമായി കളിക്കാനെത്തിയ കോലി ദക്ഷിണാഫ്രിക്കയെ അടിച്ചുപരത്തി അടിച്ചെടുത്തത് 119 റണ്‍സാണ്. സച്ചിന്‍ വിരമിച്ചാല്‍ ഇന്ത്യ എന്ത് ചെയ്യുമെന്ന ചോദ്യത്തിനുള്ള മറുപടിയാണ് കോലി.
96 ല്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ നിലം തൊടില്ലെന്ന് ആദ്യം പറഞ്ഞത് ഫാസ്റ്റ് ബൗളറായ അലണ്‍ ഡൊണാള്‍ഡായിരുന്നു. എന്നാല്‍ ഫാസ്റ്റും ബൗണ്‍സും നിറഞ്ഞ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളില്‍ അപ്പര്‍ കട്ടുകള്‍ പോലുള്ള നൂതന ഷോട്ടുകള്‍ അവതരിപ്പിച്ച് സച്ചിന്‍ എതിരാളികളുടെ പോലും കയ്യടി നേടി. ഏകദിനത്തില്‍ തോറ്റ് തുന്നം പാടി നില്‍ക്കുകയായിരുന്ന ഇന്ത്യയെ ഡെയ്ല്‍ സ്റ്റെയിനെയും മോണി മോര്‍ക്കലിനെയും അടിച്ചുപരത്തിയാണ് കോലി ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ നേടിത്തന്നത്.