
താരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ കോലിയും പരിശീലകന്‍ രവിയും പിന്നിലാണെന്നാണ് കൈഫ് ആരോപിച്ചത്. 'ശ്രേയസ് നാലാം നമ്പറിലെ പ്രധാനപ്പെട്ട താരമാണ്. നാലാം നമ്പറില്‍ ഇറങ്ങി മത്സരം പൂര്‍ത്തിയാക്കാന്‍ കെല്‍പ്പുള്ളവനാണവന്‍. ഐപിഎല്ലിലും ന്യൂസീലന്‍ഡ് പര്യടനത്തിലും നോക്കുക. നാലാം നമ്പറില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അവന് സാധിച്ചു. 50*,30* സ്‌കോറുകളുമായി ടീമിനെ ജയിപ്പിക്കാനും അവനായി. നാലാം നമ്പറില്‍ മികച്ച പ്രകടനമാണ് അവന്‍ നടത്തുന്നത്'.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായിരുന്നു ശ്രേയസ് അയ്യര്‍. മികച്ച പ്രകടനം കാഴ്ചവെക്കാനും ടീമിനെ ഫൈനലിലേക്കെത്തിക്കാനും ശ്രേയസിന് സാധിച്ചിരുന്നു. മുഹമ്മദ് കൈഫ് ഡല്‍ഹിയുടെ സഹ പരിശീലകനായിരുന്നു. റിക്കി പോണ്ടിങ്ങായിരുന്നു മുഖ്യ പരിശീലകന്‍. റിക്കി പോണ്ടിങ് ഉള്‍പ്പെടെ പ്രമുഖരെല്ലാം പ്രശംസിച്ചിട്ടുള്ള താരമാണ് ശ്രേയസ്. നാലാം നമ്പറില്‍ ഏറെ നാളായി താരത്തെ തിരയുന്ന ഇന്ത്യന്‍ ടീമിന് മുന്നിലുള്ള ഉത്തരമായാണ് ശ്രേയസ് അയ്യരെ വിശേഷിപ്പിച്ചിരുന്നത്.

ഏകദിനത്തില്‍ മൂന്ന് മത്സരത്തിലും ശ്രേയസിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഭേദപ്പെട്ട രീതിയില്‍ തുടങ്ങുമെങ്കിലും മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തും മുമ്പെ ശ്രേയസ് മടങ്ങിയിരുന്നു. അതാണ് ടി20 ടീമില്‍ നിന്ന് ശ്രേയസിനെ തഴയാനുള്ള കാരണം. ഭാവി ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ വളര്‍ന്ന് വരുന്ന താരമാണ് ശ്രേയസ് അയ്യര്‍.

താരങ്ങള്‍ക്ക് പിന്തുണ നല്‍കാത്ത സംസ്‌കാരമാണ് ഇന്നത്തെ ഇന്ത്യന്‍ ടീമില്‍ ഉള്ളതെന്ന് കൈഫ് കുറ്റപ്പെടുത്തി. 'ഏകദിനത്തില്‍ ശ്രേയസിന് രണ്ടോ മൂന്നോ ഇന്നിങ്‌സില്‍ തിളങ്ങാനായില്ല. ഇതോടെ ആദ്യ ടി20 ടീമില്‍ നിന്ന് അവനെ മാറ്റി നിര്‍ത്തുന്നു. ഇതാണ് ഇന്ത്യന്‍ ടീമിന്റെ സംസ്‌കാരം. അത് ഞങ്ങള്‍ക്കെല്ലാം മനസിലായിട്ടുണ്ട്. ശ്രേയസിനെ ഒഴിവാക്കിയതില്‍ ഒരു അത്ഭുതവും കാണാനില്ല. ഇതാണ് കോലിയുടെയും രവിയുടെയും ചിന്താഗതി. ഇക്കാര്യം കളിക്കാര്‍ക്കും അറിയാം. രണ്ട് ഇന്നിങ്‌സ് മതി ടീമില്‍ നിന്ന് പുറത്താകാനും കയറിക്കൂടാനും. അത് താരങ്ങള്‍ക്കറിയാം'-കൈഫ് പറഞ്ഞു.

സൗരവ് ഗാംഗുലിയുടെ കാലത്ത് കാര്യങ്ങള്‍ ഇങ്ങനെയായിരുന്നില്ലെന്നും കൈഫ് പറഞ്ഞ്. 'സൗരവ് ഗാംഗുലിയുടെ കാലത്ത് കാര്യങ്ങള്‍ ഇങ്ങനെയല്ല. ഒരു താരത്തിന് നല്‍കാന്‍ കഴിയുന്ന എല്ലാ പിന്തുണയും അദ്ദേഹം നല്‍കുമായിരുന്നു. കോലി ഇന്ത്യന്‍ നായകന്മാരുടെ പാരമ്പര്യം നഷ്ടപ്പെടുത്തുകയാണ്. എന്തുകൊണ്ടാണ് എല്ലാവരും ദാദയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് കൂടുതല്‍ പറയുന്നത്. കാരണം ദാദയാണ് ഇംപാക്റ്റ് കൊണ്ടുവന്നത്. ഞങ്ങള്‍ക്ക് പിന്തുണ നല്‍കി മികച്ച ടീമുണ്ടാക്കിയത് ദാദയാണ്'-കൈഫ് പറഞ്ഞു.


Click it and Unblock the Notifications