ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളിൽ ഒരാളാണ് വിരാട് കോലി എന്ന കാര്യത്തിൽ സംശയമില്ല. ക്രിക്കറ്റിന്റെ ഏത് ഫോർമാറ്റിലും ഒരുപോലെ മികവ് കാട്ടിയിരുന്ന താരത്തെ സംബന്ധിച്ച് അൽപ്പമെങ്കിലും പിന്നിലേക്ക് പോയത് ടെസ്‌റ്റിൽ മാത്രമായിരുന്നു. അതും കോവിഡ് വ്യാപനം രൂക്ഷമാവുകയും അടച്ചിടൽ നടക്കുകയും ഒക്കെ ചെയ്‌തതിന് ശേഷം. അതിന് മുൻപുള്ള കോലിയും ശേഷമുള്ള കോലിയും രണ്ടും രണ്ടായിരുന്നു.
ടെസ്‌റ്റിൽ കൃത്യമായ മേധാവിത്തം പുലർത്തിയിരുന്ന, വിദേശ മണ്ണിൽ ഏത് ബൗളർമാരെയും ഭയമേതുമില്ലാതെ നേരിട്ടിരുന്ന വിരാട് കോലിയെ ക്രിക്കറ് പ്രേമികൾ ആരും തന്നെ മറക്കാൻ ഇടയില്ല. അടുത്തിടെ ടെസ്‌റ്റിൽ നിന്ന് കോലി വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചപ്പോഴും ആരാധകർക്ക് വിശ്വസിക്കാൻ കഴിയാതിരുന്നതിന്റെ കാരണവും അത് തന്നെയാണ്.

പറഞ്ഞുവന്നത് കോലിയുടെ ടെസ്‌റ്റ് മികവിനെ കുറിച്ചാണ്. അതുപോലെ തന്നെ ആധുനിക ക്രിക്കറ്റിലെ ഇതിഹാസമായി പരിഗണിക്കുന്ന മറ്റൊരു താരമാണ് ജോ റൂട്ട്. ടെസ്‌റ്റിൽ കോലിക്ക് ഒരുപടി മുകളിലാണ് താരത്തിന്റെ സ്ഥാനമെന്ന് നോക്കിയാൽ നമുക്ക് മനസിലാവും. റൺ വേട്ടയിൽ ഒരുപക്ഷേ സച്ചിനെ മറികടക്കാൻ സാധ്യതയുള്ള ഒരേയൊരു ക്രിക്കറ്ററും അദ്ദേഹം തന്നെയാണ്.
ക്രിക്കറ്റിലെ വൻ ശക്തികളായ ഇംഗ്ലണ്ടിന്റെയും ഇന്ത്യയുടേയും ഈ താരങ്ങളെ ഒരാൾ പോലും ടീമിൽ നിന്ന് മാറ്റിനിർത്താൻ സാധ്യതയില്ല, കുറഞ്ഞ പക്ഷം അവരുടെ പരിചയസമ്പത്തിനെ എങ്കിലും മാനിച്ചുകൊണ്ട്. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഇന്ത്യ-ഇംഗ്ലണ്ട് സംയുക്ത ഇലവനെ തിരഞ്ഞെടുക്കാൻ പറഞ്ഞപ്പോൾ നാസർ ഹുസൈനും മൈക്കിൾ ആർതെട്ടനും ഒട്ടും ആലോചിക്കേണ്ട വന്നില്ല.
കോലിയും റൂട്ടും ഇല്ലാതെയുള്ള ഇലവനാണ് അവർ തിരഞ്ഞെടുത്തിരിക്കുന്നത്. അതായത് വർത്തമാന ക്രിക്കറ്റിലെ ഏറ്റവും വലിയ രണ്ട് ബാറ്റർമാരെ നിസാരമായി ഒഴിവാക്കി എന്നർത്ഥം. ഇന്ത്യയുടേയും ഇംഗ്ലണ്ടിന്റെയും മികച്ച ഒരുപിടി താരങ്ങളെ ഉൾപ്പെടുത്തിയുള്ള ഇലവൻ മോശമാണ് എന്നാരും പറയില്ലെങ്കിലും കോലിയും റൂട്ടുമില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ കൗതുകം.
ഇന്ത്യ-ഇംഗ്ലണ്ട് മികച്ച ഇലവൻ
രണ്ട് പേരും അവരുടെ ടീമിനുള്ള ചില മാനദണ്ഡങ്ങൾ പാലിച്ചു എന്നത് എടുത്തുപറയേണ്ടതാണ്. ആദ്യത്തേത്, ടീമിൽ ഉൾപ്പെടുന്ന കളിക്കാരൻ 2000ന് ശേഷം നിർബന്ധമായും കളിച്ചിരിക്കണം, രണ്ടാമതായി, രണ്ട് ടീമുകളിൽ നിന്നും അഞ്ച് കളിക്കാർ വീതം ഉണ്ടായിരിക്കണം. അതേസമയം മൂന്നാമത്തെ നിബന്ധനയായി 11-ാമത്തെ കളിക്കാരൻ ഇന്ത്യക്കാരനോ ഇംഗ്ലീഷുകാരനോ ഏതുമാവാമെന്നും അവർ നിശ്ചയിച്ചു.
ഓപ്പണർമാരായി അവർ തിരഞ്ഞെടുത്തത് വീരേന്ദർ സെവാഗിനെയും അലിസ്‌റ്റർ കുക്കിനെയുമാണ്. രോഹിത് ശർമ്മയ്ക്ക് ഈ ടീമിൽ സ്ഥാനം ലഭിച്ചില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. മൂന്നാം സ്ഥാനത്ത് അവർ തിരഞ്ഞെടുത്തത് രാഹുൽ ദ്രാവിഡിനെയാണ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്‌റ്റ് താരങ്ങളിൽ ഒരാളായ രാഹുൽ ദ്രാവിഡിന് അർഹിച്ച അംഗീകാരം.
നാലാമത് ഇതിഹാസ താരമായ സച്ചിൻ തന്നെയാണ്, അഞ്ചാം നമ്പറിൽ കെവിൻ പീറ്റേഴ്‌സണും ഇടം നേടി. ആറാം നമ്പറിൽ ബെൻ സ്‌റ്റോക്‌സ്, ഏഴാം നമ്പറിൽ വിക്കറ്റ് കീപ്പർ ബാറ്ററായി റിഷഭ് പന്ത് എന്നിവരും ഇവരുടെ ടീമിൽ ഇടം നേടിയെന്നതാണ് പ്രത്യേകത. അവിടെ മഹേന്ദ്ര സിംഗ് ധോണിക്കും അവർ അവസരം നൽകിയില്ലെന്നത് പ്രത്യേകം ഓർക്കണം.
ബൗളർമാരുടെ കാര്യത്തിൽ, ജസ്പ്രീത് ബുമ്ര ജെയിംസ് ആൻഡേഴ്‌സൺ എന്നിവരെ ഒഴിവാക്കാൻ കഴിയില്ലെന്നാണ് താരങ്ങൾ പറയുന്നത്. സഹീർ ഖാനെയും ആദ്യം തിരഞ്ഞെടുത്തെങ്കിലും, ഇന്ത്യൻ കളിക്കാർക്ക് അനുവദനീയമായ പരിധി കവിഞ്ഞതിനാൽ ഒഴിവാക്കി. പിന്നാലെ രവിചന്ദ്രൻ അശ്വിൻ, സ്‌റ്റുവർട്ട് ബ്രോഡ് എന്നിവരെയും ടീമിൽ ഉൾപ്പെടുത്തി. ഇതിൽ ആറും ഇന്ത്യൻ താരങ്ങളാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.