സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഗ്രൗണ്ടില്‍ വച്ചു മോശമായി പെരുമാറിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് പിഴയിട്ടു. മാച്ച് ഫീയുടെ 25 ശതമാനമാണ് താരത്തിനു പിഴ ചുമത്തിയിരിക്കുന്നത്. ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ 1 കോലി ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഐസിസിയുടെ പെരുമാറ്റച്ചത്തിലെ ആര്‍ട്ടിക്കിള്‍ 2.1.1ലെ നിയമങ്ങളുടെ ലംഘനമാണ് കോലിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ഐസിസി ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച ദക്ഷിണാഫ്രിക്കയുടെ രണ്ടാമിന്നിങ്സ് ബാറ്റിങിനിടെയാണ് വിവാദ സംഭവമുണ്ടായത്. മഴ മൂലം തടസ്സപ്പെട്ട മല്‍സരം പുനരാരംഭിച്ചപ്പോഴാണ് കോലി കലിപ്പ് കാണിച്ചത്. പിച്ചിലെ ഈര്‍പ്പം മൂലം ബൗളിങ് ദുഷ്കരമാണെന്ന് കോലി ഓണ്‍ഫീല്‍ഡ് അംപയര്‍ മൈക്കല്‍ ഗഫിന് അരികിലെത്തി പരാതി പറയുകയായിരുന്നു. ഇതിനിടെ കുപിതനായി കോലി പന്ത് ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. ഈ പെരുമാറ്റമാണ് ഇന്ത്യന്‍ നായകന് വിനയായത്.
ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡാണ് കോലി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് താരത്തില്‍ നിന്നും വിശദീകരണം അടക്കമുള്ളവ നടപടികള്‍ ഇല്ലാതെ തന്നെ അദ്ദേഹം പിഴ വിധിക്കുകയായിരുന്നു.