മുംബൈ: ഇന്ത്യയുടെ യുവതാരം വിരാട് കോലി പരസ്യ വരുമാനത്തിന്റെ കാര്യത്തില്‍ സച്ചിനെയും ക്യാപ്റ്റന്‍ ധോണിയെയും പിന്തള്ളി. ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ ഭീമന്മാരായ അഡിഡാസുമായുള്ള പത്തുകോടിയുടെയും എം ആര്‍ എഫുമായുള്ള ഏഴ് കോടിയുടെയും കരാറുകളാണ് കോലിയെ മുന്നിലെത്തിച്ചത്.
പരസ്യരംഗത്തുനിന്നും ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയിരുന്ന ഇന്ത്യന്‍ താരമാണ് സച്ചിന്‍. എം ആര്‍ എഫ്, അഡിഡാസ് തുടങ്ങിയ ബ്രാന്‍ഡുകളുടെ അംബാസിഡര്‍ പദവിയും പരസ്യവരുമാനവും സച്ചിനെ ലോകത്തെ ഏറ്റവും സമ്പന്നരായ സ്‌പോര്‍ട്‌സ് താരങ്ങളുടെ പട്ടികയിലെത്തിച്ചു.

ക്യാപ്റ്റന്‍ ധോണിയുടെ നാളുകളായിരുന്നു പിന്നീട്. സച്ചിനെയും പിന്നിലാക്കിയായിരുന്നു പരസ്യവരുമാനത്തില്‍ ധോണിയുടെ കുതിപ്പ്. എന്നാലിതാ ഇരുവരെയും പിന്നിലാക്കിയ വിരാട് കോലി വരാനുള്ളത് തന്റെ നാളുകളാണ് എന്ന സൂചനയാണ് നല്‍കുന്നത്. യുവത്വത്തിന്റെ ആവേശമായ കോലിക്ക് ഗ്ലാമറും ആറ്റിറ്റിയൂഡും പ്രതിഭയും വേണ്ടുവോളമുണ്ട്.
കളിക്കളത്തിലെ സ്വാധീനം കളത്തിനും പുറത്തുകൊണ്ടുവരാന്‍ ഈ 25 കാരന് കഴിയുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ധോണിയെ അതിര്‍ത്തി രക്ഷാ സേനയായ ബി എസ് എഫ് തങ്ങളുടെ അംബാസിഡറാക്കി നിയമിച്ചത്. അണ്ടര്‍ 19 ക്രിക്കറ്റ് ടീമിനെ ലോക കിരീടത്തിലേക്ക് നയിച്ച കോലി ധോണിയുടെ അഭാവത്തില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിനെയും നയിച്ചിരുന്നു.