ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചെങ്കിലും ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിക്ക് നേട്ടം. ഒരു സെഞ്ചുറിയും ഒരു അര്‍ദ്ധ സെഞ്ചുറിയുമായി ആദ്യം ടെസ്റ്റിലെ മാന്‍ ഓഫ് ദ മാച്ചായ കോലി കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗിലാണ് ഇപ്പോള്‍. ഒമ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കോലി പതിനൊന്നാം റാങ്കിലെത്തി.
ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എ ബി ഡിവില്ലിയേഴ്‌സാണ് ബാറ്റിംഗ് പട്ടികയില്‍ ഒന്നാമത്. ഹാഷിം ആംല രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ മറ്റൊരു സെഞ്ചുറി വീരനായ ചേതേശ്വര്‍ പൂജാര ഏഴാം സ്ഥാനത്ത് തുടരുന്നു. രണ്ടാമിന്നിംഗ്‌സില്‍ സെഞ്ചുറിയോടെ പൂജാരയാണ് ഇന്ത്യയുടെ പോരാട്ടത്തിന് അടിത്തറയിട്ടത്. ഒന്നാം ഇന്നിംഗ്‌സില്‍ 119 റണ്‍സെടുത്ത കോലിക്ക് രണ്ടാമിന്നിംഗ്‌സില്‍ നാല് റണ്‍സിന് സെഞ്ചുറി നഷ്ടമായിരുന്നു.

ബൗളര്‍മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കയുടെ യുവ ഫാസ്റ്റ് ബൗളര്‍ വെര്‍ണന്‍ ഫിലാന്‍ഡറാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ തന്നെ ഫാസ്റ്റ് ബൗളറായ ഡെയ്ല്‍ സ്റ്റെയിനാണ് ഫിലാന്‍ഡറിന് പിന്നില്‍ രണ്ടാം സ്ഥാനത്ത്. ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏഴാമത്തെ ദക്ഷിണാഫ്രിക്കന്‍ ബൗളറാണ് ഫിലാന്‍ഡര്‍. ആദ്യ ഇന്നിംഗ്‌സില്‍ നാലും രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നും ഇന്ത്യന്‍ വിക്കറ്റുകളാണ് ഫിലാന്‍ഡര്‍ വീഴ്ത്തിയത്.
ആവേശകരമായ ഒന്നാം ടെസ്റ്റ് സമനിലയില്‍ പിടിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇന്ത്യ. എന്നാല്‍ ജയിച്ചു എന്ന് തോന്നിപ്പിച്ച ശേഷം സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന സ്ഥിതിയിലാണ് ദക്ഷിണാഫ്രിക്ക. അവസാന ദിവസം ഇരുടീമുകള്‍ക്കൊപ്പവും മാറി മറിഞ്ഞ ടെസ്റ്റ് ജയിക്കാന്‍ ഒമ്പത് റണ്‍സ് കൂടി വേണ്ട നിലയില്‍ ദക്ഷിണാഫ്രിക്ക സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു.