
2021ലെ കണക്കുകള്‍ പ്രകാരം ലോക ക്രിക്കറ്റര്‍മാരില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമാരാണ്? സ്‌പോര്‍ട്‌സ്‌നൈലിന്റെ റിപ്പോര്‍ട്ട് പ്രകാരം ആദ്യ 10ല്‍ ഉള്‍പ്പെടുന്ന താരങ്ങളും അവരുടെ പ്രതിഫലവും എത്രയാണെന്ന് നോക്കാം. മുന്‍ ഇന്ത്യന്‍ താരവും ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവുമായ സുരേഷ് റെയ്‌നയാണ് 10ാം സ്ഥാനത്ത്. 22.34 കോടിയാണ് പ്രതിവര്‍ഷം റെയ്‌നക്ക് ലഭിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് 2020ലാണ് റെയ്‌ന വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഓസീസ് സൂപ്പര്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് ഒമ്പതാം സ്ഥാനത്ത്. ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ തലപ്പത്തുള്ള അദ്ദേഹം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ്. 22.40 കോടിയാണ് അദ്ദേഹത്തിന് ഒരു വര്‍ഷം ലഭിക്കുന്നത്. 15.5 കോടിക്കാണ് താരത്തെ കെകെആര്‍ സ്വന്തമാക്കിയത്. എട്ടാം സ്ഥാനത്ത് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും ഐപിഎല്ലിലെ ആര്‍സിബിയുടെ താരവുമായ എബി ഡിവില്ലിയേഴ്‌സാണ്. 22.50 കോടിയാണ് എബിഡിക്ക് ഒരു വര്‍ഷം ലഭിക്കുന്നത്.

ഇന്ത്യയുടെ സൂപ്പര്‍ പേസറും മുംബൈ ഇന്ത്യന്‍സിന്റെ കുന്തമുനയുമായ ജസ്പ്രീത് ബുംറ ഏഴാം സ്ഥാനത്താണ്. 31.65 കോടിയാണ് ബുംറ പ്രതിവര്‍ഷം പ്രതിഫലമായി സ്വന്തമാക്കുന്നത്. നിലവിലെ ഇന്ത്യയുടെ ഏറ്റവും പ്രധാന ബൗളറാണ് ബുംറ. ഓസീസ് സൂപ്പര്‍ സ്റ്റീവ് സ്മിത്ത് ആറാം സ്ഥാനത്താണ്. മുന്‍ ഓസീസ് നായകന്‍ കൂടിയായ സ്മിത്തിന്റെ പ്രതിഫലം 55.86 കോടിയാണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ് സ്മിത്ത്.

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് അഞ്ചാം സ്ഥാനത്ത്. 59.59 കോടിയാണ് താരത്തിന്റെ പ്രതിവര്‍ഷ സമ്പാദ്യം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. നാലാം സ്ഥാനക്കാരന്‍ ഇംഗ്ലണ്ട് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ സ്‌റ്റോക്‌സിന് 60 കോടിയാണ് ഒരു വര്‍ഷം പ്രതിഫലമായി ലഭിക്കുന്നത്.

മൂന്നാം സ്ഥാനത്ത് ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. 74.49 കോടിയാണ് രോഹിതിന് പ്രതിഫലമായി ലഭിക്കുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനാണ് രോഹിത് ശര്‍മ. രണ്ടാം സ്ഥാനത്ത് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ നായകനുമായ എംഎസ് ധോണിയാണ്. 108.28 കോടിയാണ് പ്രതിവര്‍ഷം ധോണിയുടെ പ്രതിഫലം. 2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ സിഎസ്‌കെയുടെ നായകനായി ധോണി തുടരുന്നു.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് പ്രതിവര്‍ഷ വരുമാനത്തില്‍ ഞെട്ടിപ്പിക്കുന്നത്. 208.56 കോടിയാണ് കോലിയുടെ പ്രതിഫലം. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകനാണ് കോലി. രണ്ടാം സ്ഥാനക്കാരനായ ധോണിയേക്കാള്‍ ഇരട്ടിയോടടുത്ത് പ്രതിഫലമാണ് കോലിക്ക് ലഭിക്കുന്നത്.


Click it and Unblock the Notifications