മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണെന്ന് തന്നെ പറയാം. ഇത്രയും സ്ഥിരതയോടെ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയില്‍ കളിക്കാന്‍ കോലിയെക്കൊണ്ടല്ലാതെ മറ്റാരെക്കൊണ്ടും എളുപ്പത്തില്‍ സാധിക്കില്ല. നിരവധി ഇതിഹാസങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടായിട്ടുണ്ടെങ്കിലും കോലിയുടെ ഒരു മികവിനെ വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ളവരായി ആരും തന്നെയില്ല.
അത് മറ്റൊന്നുമല്ല കോലിയുടെ ചേസിങ്ങിലെ മികവ് തന്നെയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിനും രാഹുല്‍ ദ്രാവിഡിനും സൗരവ് ഗാംഗുലിക്കുമൊന്നും സാധിക്കാത്ത ബാറ്റിങ് മികവാണ് ചേസിങ്ങില്‍ കോലി കാണിക്കുന്നത്. സമീപകാലത്തായി ബാറ്റിങില്‍ അല്‍പ്പം നിറം മങ്ങിയിട്ടുണ്ടെങ്കിലും ചേസിങ്ങില്‍ കോലിയോട് കിടപിടിക്കാന്‍ ആരുമില്ലെന്നതാണ് വസ്തുത.

ഏകദിനത്തില്‍ ഇന്ത്യ 300ന് മുകളില്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച മത്സരങ്ങളിലെ വിരാട് കോലിയുടെ ബാറ്റിങ് പ്രകടനത്തിന്റെ കണക്കുകള്‍ വ്യക്തമാക്കും അദ്ദേഹത്തിന്റെ ബാറ്റിങ് മികവ് എത്രത്തോളമുണ്ടെന്നത്. ഏഴ് തവണയാണ് അദ്ദേഹം വിജയകരമായി 300ന് മുകളില്‍ ചേസ് ചെയ്ത മത്സരങ്ങളില്‍ സെഞ്ച്വറി നേടിയത്. ഒരു തവണ മാത്രമാണ് കോലി പൂജ്യത്തിന് പുറത്തായത്. ന്യൂസീലന്‍ഡിനെതിരെയായിരുന്നു ഇത്. ഓസ്‌ട്രേലിയക്കെതിരേ എട്ട് റണ്‍സിനും പുറത്തായിട്ടുണ്ട്.
ഇന്ത്യ വിജയകരമായി പിന്തുടര്‍ന്ന് 300ന് മുകളില്‍ വിജയലക്ഷ്യം കണ്ട ബാക്കി എല്ലാ മത്സരത്തിലും കോലി 50ന് മുകളില്‍ സ്‌കോര്‍ നേടിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ശ്രീലങ്കയ്‌ക്കെതിരേ 107,133*.പാകിസ്താനെതിരേ 183,ഓസ്‌ട്രേലിയക്കെതിരേ 100*,115*,ഇംഗ്ലണ്ടിനെതിരേ 122,വെസ്റ്റ് ഇന്‍ഡീസിനെതിരേ 140 എന്നിങ്ങനെയാണ് ഇന്ത്യ 300ന് മുകളില്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച മത്സരങ്ങളിലെ സെഞ്ച്വറി പ്രകടനങ്ങള്‍.
റണ്‍സ് പിന്തുടരുമ്പോള്‍ 100നോടടുത്താണ് കോലിയുടെ ശരാശരി. റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യ വിജയിച്ച മത്സരങ്ങളില്‍ 55.45 മാത്രമാണ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ശരാശരി. 124 ഇന്നിങ്‌സില്‍ നിന്ന് 5490 റണ്‍സാണ് സച്ചിന്‍ നേടിയത്. സച്ചിന്റെ ഏകദിന സെഞ്ച്വറികളുടെ ലോക റെക്കോഡിന് ഭീഷണി ഉയര്‍ത്തുന്ന ഏക താരം കോലിയാണ്. 43 സെഞ്ച്വറി നേടിയിട്ടുള്ള കോലിക്ക് ഏഴ് സെഞ്ച്വറികൂടി നേടിയാല്‍ ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലെന്ന് വിലയിരുത്തപ്പെട്ട സച്ചിന്റെ സെഞ്ച്വറി റെക്കോഡ് തകര്‍ക്കപ്പെടും. എന്നാല്‍ 2019 നവംബറിന് ശേഷം ഒരു ഫോര്‍മാറ്റിലും കോലിക്ക് സെഞ്ച്വറി നേടാനായിട്ടില്ല. കരിയറില്‍ സമയം ഏറെ ബാക്കിയുള്ളതിനാല്‍ സച്ചിന്റെ പല റെക്കോഡുകളും ഇനിയും കോലി തിരുത്തിയേക്കും.