തകര്‍ന്നടിയുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം, മുന്‍ താരങ്ങളുടെ വില കളയുന്നു; 2021ലെ മത്സര ഫലങ്ങള്‍ അറിയാം
കൊളംബോ: നീണ്ട കാലം ക്രിക്കറ്റ് ലോകത്തിലെ ശക്തന്‍മാരായ ടീമിന്റെ പട്ടികയിലെ മുന്‍നിരക്കാരായിരുന്നു ശ്രീലങ്ക. സനത് ജയസൂര്യ,കുമാര്‍ സംഗക്കാര,മഹേല ജയവര്‍ധന,മര്‍വന്‍ അട്ടപ്പട്ടു,മുത്തയ്യ മുരളീധരന്‍,ചാമിന്ദ വാസ് തുടങ്ങി എണ്ണിയാലൊതുങ്ങാത്ത പ്രതിഭാശാലികളെ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച ടീമുകൂടിയാണ് ശ്രീലങ്ക. എന്നാല്‍ സമീപകാലത്തായി ശ്രീലങ്ക വന്‍ തകര്‍ച്ചയെയാണ് നേരിടുന്നത്. ഒന്ന് പൊരുതാന്‍ പോലുമാവാതെ തുടര്‍ തോല്‍വികളേറ്റുവാങ്ങുകയാണ് ടീം.

മുന്‍ താരങ്ങളുടെ നിഴലാവാന്‍ പോലും ശ്രീലങ്കയ്ക്ക് സാധിക്കുന്നില്ല. ഇംഗ്ലണ്ടിനോട് ടി20,ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങിയ ശ്രീലങ്കന്‍ ടീമിനെതിരേ വിമര്‍ശനം ശക്തമാണ്. മുന്‍ താരങ്ങളടക്കം ടീമിനെയും മാനേജ്‌മെന്റിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യക്കെതിരായ പരമ്പരയാണ് ഇനി വരാനിരിക്കുന്നത്. ശ്രീലങ്കയുടെ തട്ടകത്തില്‍ നടക്കുന്ന ഇന്ത്യന്‍ പരമ്പര ശ്രീലങ്കയ്ക്ക് നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറിയിരിക്കുകയാണ്.

2021ലെ അന്താരാഷ്ട്ര മത്സരങ്ങളിലെ പ്രകടനം
2021ല്‍ 22 അന്താരാഷ്ട്ര മത്സരങ്ങളാണ് ശ്രീലങ്ക കളിച്ചത്. ഇതില്‍ മൂന്ന് മത്സരം മാത്രമാണ് ശ്രീലങ്കയ്ക്ക് ജയിക്കാനായത്. 15 മത്സരത്തിലും ടീം പരാജയപ്പെട്ടു. മൂന്ന് മത്സരം സമനിലയിലായപ്പോള്‍ ഒരു മത്സരം ഫലം കാണാതെ ഉപേക്ഷിച്ചു. 2015ലെ ഏകദിന ലോകകപ്പിന് ശേഷം 39 താരങ്ങളെ ഏകദിനത്തില്‍ മാത്രം ശ്രീലങ്ക പരീക്ഷിച്ചിട്ടുണ്ട്. എന്നിട്ടും ഒരു മികച്ച താരത്തെപോലും വാര്‍ത്തെടുക്കാന്‍ ക്രിക്കറ്റ് മാനേജ്‌മെന്റിനായിട്ടില്ല. ദിമുത് കരുണരത്‌നയെ മാറ്റിനിര്‍ത്തിയാല്‍ നിലവില്‍ ശ്രീലങ്കയ്ക്ക് എടുത്തു പറയാന്‍ സാധിക്കുന്ന മറ്റൊരു താരമില്ലാത്ത അവസ്ഥയാണ്.

ക്രിക്കറ്റ് ബോര്‍ഡുമായുള്ള പ്രശ്‌നം
ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ശ്രീലങ്കന്‍ താരങ്ങള്‍ ഉടക്കിലാണ്. ശമ്പളത്തിലെ വെട്ടിക്കുറക്കല്‍ പ്രശ്‌നത്തിലെ അഭിപ്രായ ഭിന്നതയാണ് ഇതിന് കാരണം. നിലവില്‍ കരാര്‍ പുതുക്കാന്‍ ശ്രീലങ്കന്‍ താരങ്ങള്‍ തയ്യാറായിട്ടില്ല. ഇന്ത്യന്‍ പരമ്പരക്ക് മുമ്പ് പുതുക്കിയ കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ സീനിയര്‍ താരങ്ങളെയടക്കം എല്ലാവരെയും മാറ്റിനിര്‍ത്തി പുതിയ യുവനിരയെ ഇന്ത്യന്‍ പരമ്പരയിലിറക്കുമെന്ന് ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞിട്ടുണ്ട്. താരങ്ങളും ബോര്‍ഡും തമ്മിലുള്ള ഈ ഭിന്നത മത്സരഫലത്തെയും ബാധിക്കുന്നുണ്ടെന്ന് തന്നെ വിലയിരുത്താം.

അടിമുടി മാറ്റം വേണ്ടിവരും
2014ലെ ടി20 ലോകകപ്പ് കിരീടം നേടിയ ശ്രീലങ്ക 2021ലെ ടി20 ലോകകപ്പ് കളിക്കാന്‍ യോഗ്യതാ മത്സരം കളിക്കേണ്ട അവസ്ഥയാണുള്ളത്. കുശാല്‍ പെരേരയാണ് പരിമിത ഓവര്‍ നായകന്‍. ടെസ്റ്റില്‍ ദിമുത് കരുണരത്‌നയും. പരിശീലകനായി മിക്കി ആര്‍തറുമുണ്ട്. കുശാല്‍ മെന്‍ഡിസ്,നിരോഷന്‍ ഡിക്വെല്ല,ഏഞ്ചലോ മാത്യൂസ്,ദിനേഷ് ചണ്ഡിമാല്‍,ഓഷാഡോ ഫെര്‍ണാണ്ടോ തുടങ്ങിയവരെല്ലാം ശ്രീലങ്കന്‍ നിരയിലുണ്ട്. എന്നാല്‍ ഇവരില്‍ സ്ഥിരതയുള്ള ആരുമില്ലെന്നതാണ് പ്രശ്‌നം. അടിമുടി മാറ്റം അനിവാര്യമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് എളുപ്പമാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications