Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'മലിംഗ ജൂനിയര്‍ എത്തി', ഏഷ്യാ കപ്പില്‍ യോര്‍ക്കറുകളുടെ പെരുമഴ, മതീഷ പതിരണയെ കരുതിയിരുന്നോളൂ

കൊളംബോ: ശ്രീലങ്കയുടെ ലസിത് മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത പേസറാണ്. തന്റെ വ്യത്യസ്തമായ ബൗളിങ് ആക്ഷന്‍കൊണ്ടും തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാനുള്ള മികവുകൊണ്ടും ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ച മലിംഗ നിലവില്‍ എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിച്ചുകഴിഞ്ഞു. മലിംഗയുടെ ബൗളിങ് ആക്ഷന്‍ അത്ര കൃത്യതയോടെ അനുകരിക്കുക പ്രയാസമാണ്. എന്നാലിപ്പോഴിതാ മലിംഗയുടെ ബൗളിങ് ആക്ഷന്‍കൊണ്ടും യോര്‍ക്കറിലെ കൃത്യതകൊണ്ടും മറ്റൊരു ശ്രീലങ്കന്‍ താരം കൈയടി നേടുകയാണ്.

നടന്നുകൊണ്ടിരിക്കുന്ന അണ്ടര്‍ 19 ഏഷ്യാകപ്പിലൂടെയാണ് മലിംഗ ജൂനിയറെ ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞിരിക്കുന്നത്. അത് മറ്റാരുമല്ല 19 വയസുകാരന്‍ മതീഷ പതിരണയാണ് മലിംഗയുടെ ബൗളിങ് ആക്ഷന്‍കൊണ്ട് വിറപ്പിച്ചിരിക്കുന്നത്. തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയുന്ന താരം ബാറ്റ്‌സ്മാന്‍മാരെ പ്രയാസപ്പെടുത്തുകയാണ്. ശ്രീലങ്കയും കുവൈറ്റും തമ്മില്‍ നടന്ന മത്സരത്തിലെ ബൗളിങ് പ്രകടനത്തിലൂടെ പതിരണ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. മത്സരത്തില്‍ 274 റണ്‍സിന്റെ വമ്പന്‍ ജയമാണ് ശ്രീലങ്ക നേടിയത്. മൂന്ന് ഓവറില്‍ ഏഴ് റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് പതിരണ നേടിയത്.

matheeshapathirana

ഇതാദ്യമായല്ല പതിരണ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.2020ലെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ മണിക്കൂറില്‍ 175 കിലോ മീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞാണ് അദ്ദേഹം കൈയടി നേടിയത്. യുവതാരത്തിന്റെ അതിവേഗ ബോള്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചെങ്കിലും പിന്നീടത് സാങ്കേതിക പിഴവായിരുന്നുവെന്ന് വ്യക്തമായി. എന്തായാലും ഇതിനോടകം തന്റേതായ അടയാളപ്പെടുത്തല്‍ നടത്താന്‍ പതിരണക്കായിട്ടുണ്ട്. അധികം വൈകാതെ ശ്രീലങ്കന്‍ സീനിയര്‍ ക്രിക്കറ്റിലേക്ക് പതിരണക്ക് വിളിയെത്തിയേക്കും. ലങ്കന്‍ പ്രീമിയര്‍ ലീഗിലൂടെയും അണ്ടര്‍ 19 ക്രിക്കറ്റിലൂടെയും തിളങ്ങിയാല്‍ ഐപിഎല്ലിലേക്കും യുവതാരമെത്താന്‍ സാധ്യത കൂടുതലാണ്.

ലസിത് മലിംഗയുടെ ബൗളിങ് ആക്ഷനെ പലരും അനുകരിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും സ്ഥിരതയോടെയും നിയന്ത്രണത്തോടെയും പന്തെറിയാനായില്ല. എന്നാല്‍ പതിരണയുടെ ഓരോ പന്തും സ്റ്റംപിന് നേരെ അതിവേഗത്തിലാണ്. യോര്‍ക്കറുകളോടൊപ്പം അതിവേഗ ബൗണ്‍സുകളെറിയാനും പതിരണക്ക് മികവുണ്ട്. അതുകൊണ്ട് തന്നെ ചുരുങ്ങിയ കാലം കൊണ്ട് കൈയടി നേടുന്ന ബൗളറാവാന്‍ പതിരണക്കായിട്ടുണ്ട്.

38കാരനായ മലിംഗ ടി20 ഫോര്‍മാറ്റിലാണ് ഏറ്റവും ശ്രദ്ധ നേടിയത്. 30 ടെസ്റ്റില്‍ നിന്ന് 101 വിക്കറ്റും 226 ഏകദിനത്തില്‍ നിന്ന് 338 വിക്കറ്റും 84 ടി20യില്‍ നിന്ന് 107 വിക്കറ്റുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 122 ഐപിഎല്ലില്‍ നിന്നായി 170 വിക്കറ്റും മലിംഗയുടെ പേരിലുണ്ട്. ഐപിഎല്ലില്‍ കൂടുതല്‍ വിക്കറ്റെന്ന റെക്കോഡിനുടമ മലിംഗയാണ്.

ഏകദിനത്തില്‍ മൂന്ന് ഹാട്രിക് നേടിയിട്ടുള്ള ഏക ബൗളറാണ് മലിംഗ. 2007ലെ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും 2011ലെ ഏകദിന ലോകകപ്പില്‍ കെനിയക്കെതിരെയും പിന്നീട് ഓസ്‌ട്രേലിയക്കെതിരെയും ഹാട്രിക് നേടാന്‍ മലിംഗയ്ക്കായി. ന്യൂസീലന്‍ഡിനെതിരായ ടി20യില്‍ തുടര്‍ച്ചയായി നാല് പന്തുകളില്‍ വിക്കറ്റ് നേടാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ബിഗ്ബാഷ് ലീഗിലെ മികച്ച ബൗളിങ് റെക്കോഡ് മലിംഗയുടെ പേരിലാണ്. ഏഴ് റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റാണ് മലിംഗ നേടിയത്.

ടി20 ക്രിക്കറ്റില്‍ കൂടുതല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത് മലിംഗയാണ്. നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ അദ്ദേഹത്തിനായി. ഏകദിനത്തിലെ ഉയര്‍ന്ന ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടിനുടമ മലിംഗയാണ്. ഏഞ്ചലോ മാത്യൂസിനൊപ്പം 132 റണ്‍സിന്റെ കൂട്ടുകെട്ടാണ് അന്ന് മലിംഗയുണ്ടാക്കിയത്. പല ഘട്ടത്തിലും ബാറ്റുകൊണ്ടും തിളങ്ങാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. മലിംഗയുടെ പകരക്കാരനെന്ന് വിളിക്കാന്‍ ആളുകള്‍ ഉണ്ടായേക്കാം. എന്നാല്‍ മലിംഗയുടെ റെക്കോഡുകളെ തകര്‍ക്കുക അത്ര എളുപ്പമാവില്ല.

Story first published: Friday, December 24, 2021, 14:39 [IST]
Other articles published on Dec 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+