'കോലിയെന്ന വന്മരം', വീരനായകന് കീഴില്‍ ഇന്ത്യ നാട്ടില്‍ നേടിയ നാല് വലിയ ടെസ്റ്റ് ജയങ്ങളിതാ
മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ സൂപ്പര്‍ നായകന്മാരിലൊരാളാണ് വിരാട് കോലിയെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. കോലിയുടെ ടെസ്റ്റിലെ ക്യാപ്റ്റന്‍സി മികവ് നോക്കിയാല്‍ അദ്ദേഹം മറ്റെല്ലാ ഇന്ത്യന്‍ നായകന്മാരെക്കാളും ഒരുപടി മുകളിലാണെന്ന് വ്യക്തം. സൗരവ് ഗാംഗുലി, എംഎസ് ധോണി എന്നിവരെല്ലാം ടെസ്റ്റ് നായക മികവില്‍ കോലിക്ക് താഴെയാണ്. 59ന് മുകളിലാണ് കോലിയുടെ നായകനെന്ന നിലയിലെ ടെസ്റ്റ് വിജയ ശതമാനം.
കോലിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ആദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയത്. ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടത്തിയ ഗംഭീര പ്രകടനവും ആര്‍ക്കും മറക്കാനാവില്ല. നാട്ടില്‍ 2013ന് ശേഷം ഇന്ത്യയെ വീഴ്ത്താന്‍ ആര്‍ക്കുമായിട്ടില്ല. കോലി-രവി ശാസ്ത്രി കൂട്ടുകെട്ടിനെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ്ണകാലമെന്ന് തന്നെ വിശേഷിപ്പിക്കാം. വിരാട് കോലിക്ക് കീഴില്‍ ഇന്ത്യ നാട്ടില്‍ 32 ടെസ്റ്റുകളാണ് കളിച്ചത്. ഇതില്‍ 26 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. രണ്ടെണ്ണം മാത്രമാണ് തോറ്റത്. നാല് മത്സരം സമനിലയായി.
വിരാട് കോലിയെന്ന വന്മരത്തിന് കീഴില്‍ ഇന്ത്യ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവരെയെല്ലാം പരാജയപ്പെടുത്തിയിട്ടുണ്ട്. വിരാട് കോലിക്ക് കീഴില്‍ ഇന്ത്യ നാട്ടില്‍ നേടിയ നാല് അവിസ്മരണീയ ടെസ്റ്റ് ജയങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഇന്ത്യ ദക്ഷിണാഫ്രിക്കയെ 108 റണ്‍സിന് തോല്‍പ്പിച്ചു
ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ലെങ്കിലും നാട്ടിലേക്കെത്തുമ്പോള്‍ ദക്ഷിണാഫ്രിക്കയെ തകര്‍ക്കാന്‍ പല വട്ടം ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. 2015ലെ പരമ്പരയില്‍ മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 108 റണ്‍സിന് തോല്‍പ്പിച്ചത് ഇന്ത്യയുടെ അവിസ്മരണീയ ജയങ്ങളിലൊന്നാണെന്ന് പറയാം.
2015ല്‍ ഇന്ത്യന്‍ പര്യടനത്തിനെത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക അന്ന് ഒന്നാം സ്ഥാനക്കാരായിരുന്നു. 2004, 2008, 2010 എന്നീ വര്‍ഷങ്ങളില്‍ നടന്ന പരമ്പരയെല്ലാം സമനിലയായിരുന്നു. അതുകൊണ്ട് തന്നെ സന്ദര്‍ശകര്‍ വലിയ ആത്മവിശ്വാസത്തിലുമായിരുന്നു. എന്നാല്‍ മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 108 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 201 റണ്‍സാണ് ഇന്ത്യക്ക് നേടാനായത്.
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയെ 184 റണ്‍സിന് പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 200 റണ്‍സിനും കൂടാരം കയറി. 218 റണ്‍സിന്റെ വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വെക്കുകയും ചെയ്തു. എന്നാല്‍ 109 റണ്‍സിന് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടായി. രണ്ട് ഇന്നിങ്‌സിലുമായി എട്ട് വിക്കറ്റ് വീഴ്ത്തി രവീന്ദ്ര ജഡേജ കൈയടി നേടി. ഇന്ത്യക്കായി മുരളി വിജയ് (75,47), ചേതേശ്വര്‍ പുജാര (31,77) എന്നിവര്‍ ബാറ്റിങ്ങില്‍ തിളങ്ങി.

ഇംഗ്ലണ്ടിനെതിരേ ഇന്നിങ്‌സിനും 75 റണ്‍സിനും ജയിച്ചു
2016ല്‍ ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 75 റണ്‍സിനും തോല്‍പ്പിച്ചതും അവിസ്മരണീയ ജയങ്ങളിലൊന്നാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 477 എന്ന വമ്പന്‍ സ്‌കോര്‍ നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 759 റണ്‍സാണ് അടിച്ചെടുത്തത്. കെ എല്‍ രാഹുലിന്റെ (199) സെഞ്ച്വറിയും കരുണ്‍ നായരുടെ (303*) ട്രിപ്പിള്‍ സെഞ്ച്വറിയുമാണ് ഇന്ത്യയെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചത്. പാര്‍ഥിവ് പട്ടേല്‍ (71), ആര്‍ അശ്വിന്‍ (67), രവീന്ദ്ര ജഡേജ (51) എന്നിവരെല്ലാം ഇന്ത്യക്കായി ബാറ്റിങ്ങില്‍ തിളങ്ങി.
282 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡും ഇന്ത്യ സ്വന്തമാക്കി. ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ട് 207 റണ്‍സിനാണ് പുറത്തായത്. ഇതോടെയാണ് ഇന്നിങ്‌സ് ജയം ഇന്ത്യക്ക് നേടാനായത്. രവീന്ദ്ര ജഡേജ ഏഴ് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

ഇംഗ്ലണ്ടിനെതിരേ 317 റണ്‍സ് ജയം
ഈ വര്‍ഷം ഇന്ത്യയില്‍ നടന്ന പരമ്പരയിലാണ് ഇംഗ്ലണ്ടിനെതിരേ വമ്പന്‍ ജയം ഇന്ത്യ നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 329 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 134 റണ്‍സിന് കൂടാരം കയറി. വമ്പന്‍ ലീഡ് നേടി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ 286 റണ്‍സിന് ഓള്‍ഔട്ടായി 482 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുന്നില്‍വെച്ചു. എന്നാല്‍ ആദ്യ ഇന്നിങ്‌സിലെ തകര്‍ച്ച ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ 164 റണ്‍സില്‍ ഇംഗ്ലണ്ട് പുറത്തായി. ഇന്ത്യക്ക് 317 റണ്‍സിന്റെ ചരിത്ര ജയം. ഇംഗ്ലണ്ടിനെപ്പോലൊരു അതിശക്തരായ നിരക്കെതിരെയാണ് ഇത്തരമൊരു വമ്പന്‍ ജയം ഇന്ത്യ നേടിയത്.
ആദ്യ ഇന്നിങ്‌സില്‍ രോഹിത് ശര്‍മ (161) ഇന്ത്യയുടെ ടോപ് സ്‌കോററായപ്പോള്‍ അജിന്‍ക്യ രഹാനെ (67), റിഷഭ് പന്ത് (58) എന്നിവരും തിളങ്ങി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനെ അശ്വിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് തകര്‍ത്തത്. ഇഷാന്ത് ശര്‍മ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി ആര്‍ അശ്വിന്‍ (106) സെഞ്ച്വറി നേടിയപ്പോള്‍ വിരാട് കോലി (62) അര്‍ധ സെഞ്ച്വറിയും നേടി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേലാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. അശ്വിന്‍ മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് രണ്ടുവിക്കറ്റും വീഴ്ത്തി.

ന്യൂസീലന്‍ഡിനെ 372 റണ്‍സിന് തോല്‍പ്പിച്ചു
ന്യൂസീലന്‍ഡിനെ മുംബൈ ടെസ്റ്റില്‍ 372 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റിലെ റണ്‍സ് അടിസ്ഥാനത്തിലെ ഇന്ത്യയുടെ വലിയ ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 325 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് വെറും 62 റണ്‍സില്‍ പുറത്തായി. വമ്പന്‍ ലീഡ് നേടി രണ്ടാം ഇന്നിങ്‌സിലിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 276 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് 540 എന്ന വമ്പന്‍ വിജയലക്ഷ്യം കിവീസിന് മുന്നില്‍വെച്ചു. 167 റണ്‍സിന് ന്യൂസീലന്‍ഡ് പുറത്തായതോടെ ഇന്ത്യ 372 റണ്‍സിന്റെ ജയം ഇന്ത്യ നേടിയെടുത്തു.
ഒന്നാം ഇന്നിങ്‌സില്‍ മായങ്ക് അഗര്‍വാള്‍ (150), അക്ഷര്‍ പട്ടേല്‍ (52) എന്നിവര്‍ ഇന്ത്യക്കായി തിളങ്ങി. മറുപടിക്കിറങ്ങിയ കിവീസിനെ ആര്‍ അശ്വിന്റെ നാല് വിക്കറ്റ് പ്രകടനവും മുഹമ്മദ് സിറാജിന്റെ മൂന്നുവിക്കറ്റ് പ്രകടനവുമാണ് തകര്‍ത്തത്. രണ്ടാം ഇന്നിങ്‌സില്‍ മായങ്ക് അഗര്‍വാള്‍ (62), ചേതേശ്വര്‍ പുജാര (47), ശുബ്മാന്‍ ഗില്‍ (47) എന്നിവരെല്ലാം ഇന്ത്യക്കായി തിളങ്ങി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി അശ്വിനും ജയന്ത് യാദവും നാല് വിക്കറ്റ് വീതം വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications