
ഉപുല്‍ തരംഗ- നമാന്‍ ഓജ
ശ്രീലങ്കന്‍ താരം ഉപുല്‍ തരംഗയും ഇന്ത്യയുടെ നമാന്‍ ഓജയുമാണ് ഓപ്പണര്‍മാര്‍. രണ്ട് പേരും ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ചവരാണ്. 36കാരനായ തരംഗ ഒരുകാലത്ത് ശ്രീലങ്കയുടെ പ്രധാന ഓപ്പണര്‍മാരിലൊരാളായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി പരിക്കേറ്റതും ഫോം നഷ്ടമായതും വലിയ കരിയര്‍ സൃഷ്ടിക്കുന്നതിന് തിരിച്ചടിയായി. തിലകര്തന ദില്‍ഷന്‍-ഉപുല്‍ തരംഗ ഓപ്പണിങ് കൂട്ടുകെട്ട് ഒരുകാലഘട്ടത്തില്‍ ശ്രീലങ്കയുടെ വിശ്വസ്ത ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു. 31 ടെസ്റ്റില്‍ നിന്ന് മൂന്ന് സെഞ്ച്വറി ഉള്‍പ്പെടെ 1754 റണ്‍സും 235 ഏകദിനത്തില്‍ നിന്ന് 15 സെഞ്ച്വറി ഉള്‍പ്പെടെ 6951 റണ്‍സും 26 ടി20യില്‍ നിന്ന് 407 റണ്‍സുമാണ് തരംഗ നേടിയത്.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഓജക്ക് ഇന്ത്യന്‍ ടീമിനൊപ്പം വലിയ അവസരം ലഭിച്ചില്ല. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഇന്ത്യക്കായി ഒരു ടെസ്റ്റില്‍ നിന്ന് 56 റണ്‍സും ഒരു ഏകദിനത്തില്‍ നിന്ന് ഒരു റണ്‍സും രണ്ട് ടി20യില്‍ നിന്ന് 12 റണ്‍സുമാണ് ഓജ നേടിയത്. 113 ഐപിഎല്ലില്‍ നിന്ന് 1554 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്.

ബ്രണ്ടന്‍ ടെയ്‌ലര്‍, അസ്ഹര്‍ അഫ്ഗാന്‍, എബി ഡിവില്ലിയേഴ്‌സ്
സിംബാബ് വെയുടെ സൂപ്പര്‍ താരം ബ്രണ്ടന്‍ ടെയ്‌ലര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതും ഈ വര്‍ഷമാണ്. സിബാംബ് വെ ക്രിക്കറ്റില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ചുരുക്കം ചില താരങ്ങളിലൊരാളാണ് ബ്രണ്ടന്‍ ടെയ്‌ലര്‍. 34 ടെസ്റ്റില്‍ നിന്ന് 2320 റണ്‍സും 205 ഏകദിനത്തില്‍ നിന്ന് 6684 റണ്‍സും 44 ടി20യില്‍ നിന്ന് 859 റണ്‍സ് നേടാനും ടെയ്‌ലര്‍ക്ക് സാധിച്ചിട്ടുണ്ട്. നായകനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും തിളങ്ങിയ താരം പന്തുകൊണ്ടും അത്യാവശ്യ സമയങ്ങളില്‍ മികവ് കാട്ടിയിട്ടുണ്ട്.
മുന്‍ അഫ്ഗാനിസ്ഥാന്‍ നായകനായ അസ്ഹര്‍ അഫ്ഗാന്‍ വിരമിച്ചതും ഇതേ വര്‍ഷം. 6 ടി20യില്‍ നിന്ന് 440 റണ്‍സും 114 ഏകദിനത്തില്‍ നിന്ന് 2424 റണ്‍സും 75 ടി20യില്‍ നിന്ന് 1382 റണ്‍സുമാണ് അസ്ഹര്‍ അഫ്ഗാന്‍ നേടിയിട്ടുള്ളത്. അഫ്ഗാന്‍ ക്രിക്കറ്റിനെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് അസ്ഹര്‍ അഫ്ഗാന്‍.
എബി ഡിവില്ലിയേഴ്‌സിന്റെ വിരമിക്കലാണ് ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം. ഐപിഎല്‍ മെഗാ ലേലത്തിന് മുന്നോടിയായി താരങ്ങളെ നിലനിര്‍ത്താനിരിക്കെയാണ് അപ്രതീക്ഷിതമായി അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവിടുന്നതിനായാണ് അദ്ദേഹം ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയത്. ഏകദിനത്തില്‍ വേഗത്തില്‍ 50,100,150 റണ്‍സെന്ന റെക്കോഡ് എബിഡിയുടെ പേരിലാണ്. 114 ടെസ്റ്റില്‍ നിന്ന് 8765 റണ്‍സും 228 ഏകദിനത്തില്‍ നിന്ന് 9577 റണ്‍സും 78 ടി20യില്‍ നിന്ന് 1672 റണ്‍സുമാണ് എബിഡിയുടെ സമ്പാദ്യം. 184 ഐപിഎല്ലില്‍ നിന്ന് 5162 റണ്‍സും നേടി.

റയാന്‍ ടെന്‍, യൂസഫ് പഠാന്‍, ഡ്വെയ്ന്‍ ബ്രാവോ
നെതര്‍ലന്‍ഡ് ഓള്‍റൗണ്ടര്‍ റയാന്‍ ടെന്നാണ് ആറാം നമ്പറില്‍. പേസ് ബൗളിങ് ഓള്‍റൗണ്ടറായ താരം 32 ഏകദിനത്തില്‍ നിന്ന് 1541 റണ്‍സാണ് നേടിയത്. 24 ടി20യില്‍ നിന്ന് 533 റണ്‍സും 13 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ടി20 ലോകകപ്പിലാണ് അദ്ദേഹം അവസാന മത്സരം കളിച്ചത്.
ഇന്ത്യയുടെ യൂസഫ് പഠാനാണ് ഏഴാം നമ്പറില്‍. വമ്പനടിക്ക് പേരുകേട്ട യൂസഫ് ഈ വര്‍ഷം എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയായിരുന്നു. പരിക്കിനെത്തുടര്‍ന്നും ഫോം ഔട്ടിനെത്തുടര്‍ന്നും ഐപിഎല്ലിലും യൂസഫിന് അവസരം കുറവായിരുന്നു. ഇന്ത്യ എംഎസ് ധോണിക്ക് കീഴില്‍ നേടിയ രണ്ട് ലോകകപ്പ് കിരീടത്തിലും യൂസഫ് പങ്കാളിയായിരുന്നു. 57 ഏകദിനത്തില്‍ നിന്നും 810 റണ്‍സും 33 വിക്കറ്റും 22 ടി20യില്‍ നിന്ന് 236 റണ്‍സും 13 വിക്കറ്റും നേടിയ യൂസഫ് 174 ഐപിഎല്ലില്‍ നിന്നായി 3204 റണ്‍സും 42 വിക്കറ്റുമാണ് സ്വന്തമാക്കിയത്.
വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടറായ ബ്രാവോ ടി20 ലോകകപ്പിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഇനിയും അദ്ദേഹം കളിക്കും. 40 ടെസ്റ്റില്‍ നിന്ന് 2200 റണ്‍സും 86 വിക്കറ്റും 164 ഏകദിനത്തില്‍ നിന്ന് 2968 റണ്‍സും 199 വിക്കറ്റും 91 ടി20യില്‍ നിന്ന് 1255 റണ്‍സും 78 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.

ഹര്‍ഭജന്‍ സിങ്, ഡെയ്ല്‍ സ്റ്റെയിന്‍, ലസിത് മലിംഗ
ഇന്ത്യയുടെ സീനിയര്‍ താരം ഹര്‍ഭജന്‍ സിങ് വിരമിക്കല്‍ ഡിസംബറിലാണ് പ്രഖ്യാപിച്ചത്. 23 വര്‍ഷത്തോളം നീണ്ട കരിയറിനാണ് ഹര്‍ഭജന്‍ വിരാമമിട്ടത്. ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ഹാട്രിക്കിന് ഉടമയായ ഹര്‍ഭജന്‍ 103 ടെസ്റ്റില്‍ നിന്ന് 417 വിക്കറ്റും 236 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 28 ടി20യില്‍ നിന്ന് 25 വിക്കറ്റും നേടിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്‍ തുടര്‍ച്ചയായുള്ള പരിക്കിനെത്തുടര്‍ന്നാണ് വിരമിക്കല്‍ തീരുമാനത്തിലേക്കെത്തിയത്. . 93 ടെസ്റ്റില്‍ നിന്ന് 439 വിക്കറ്റും 125 ഏകദിനത്തില്‍ നിന്ന് 196 വിക്കറ്റും 47 ടി20യില്‍ നിന്ന് 64 വിക്കറ്റും സ്റ്റെയിന്‍ നേടിയിട്ടുണ്ട്. 95 ഐപിഎല്ലില്‍ നിന്ന് 97 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.
ശ്രീലങ്കന്‍ സൂപ്പര്‍ പേസര്‍ ലസിത് മലിംഗയും കളി മതിയാക്കിയത് ഇതേ വര്‍ഷമാണ്. നേരത്തെ തന്നെ ടെസ്റ്റ് മതിയാക്കിയ മലിംഗ ഈ വര്‍ഷത്തോടെ എല്ലാ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. 30 ടെസ്റ്റില്‍ നിന്ന് 101 വിക്കറ്റും 226 ഏകദിനത്തില്‍ നിന്ന് 338 വിക്കറ്റും 84 ടി20യില്‍ നിന്ന് 107 വിക്കറ്റും വീഴ്ത്തിയ മലിംഗ 122 ഐപിഎല്ലില്‍ നിന്ന് 170 വിക്കറ്റും നേടിയിട്ടുണ്ട്.


Click it and Unblock the Notifications











