മൊഹാലി: കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പ്രതീക്ഷാ താരമാണ് ഇന്ത്യയുടെ കെ.എല്‍ രാഹുല്‍. ടോപ് ഓഡറില്‍ വിനാശകാരിയായ ബാറ്റ്‌സ്മാനാണ് രാഹുല്‍. 2016 ഐ.പി.എല്‍ എഡിഷണില്‍ ബംഗളൂരുവിനുവേണ്ടി 14 മത്സരങ്ങളില്‍ നിന്ന് 397 റണ്‍സ് നേടിയതോടെയാണ് രാഹുലിനെ ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ നോട്ടമിട്ടത്. പരിക്ക് മൂലം 2017 സീസണ്‍ നഷ്ടമായ രാഹുലിനെ കൈയൊഴിയാന്‍ ബംഗളൂരു തീരുമാനിച്ചതോടെ 2018 സീസണില്‍ 11 കോടി രൂപയ്ക്ക് താരത്തെ പഞ്ചാബ് ടീമിലെത്തിച്ചു.

ഈ തീരുമാനം ശരിവെക്കുന്ന തരത്തില്‍ ബാറ്റുവീശിയ രാഹുല്‍ 54.91 ശരാശരില്‍ 659 റണ്‍സാണ് അടിച്ചെടുത്തത്. തട്ടുപൊളിപ്പന്‍ ബാറ്റിങുകൊണ്ട് അവസാന സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സൂപ്പര്‍ ഹീറോയായ രാഹുല്‍ തന്റെ ഐ.പി.എല്‍ കരിയറിനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു വലിയൊരു ടീമാണെങ്കിലും തന്നെപ്പോലുള്ള യുവതാരങ്ങള്‍ക്ക് ഉയര്‍ന്നുവരാനുള്ള സാഹചര്യം കുറവായിരുന്നു. പലപ്പോഴും വിരാട് കോലിയുടെയും എ.ബി ഡിവില്ലിയേഴ്‌സിന്റെയും നിഴലായി ഒതുങ്ങിപ്പോയി. എന്നാല്‍ പഞ്ചാബില്‍ എനിക്ക് നല്ല പരിഗണന ലഭിക്കുന്നുണ്ട്.
അവസാന സീസണില്‍ പഞ്ചാബിലെത്തിയതാണ് കരിയറില്‍ വഴിത്തിരിവായതെന്നും രാഹുല്‍ പറഞ്ഞു. ക്രിസ് ഗെയ്ല്‍ ഉള്‍പ്പെടുന്ന പഞ്ചാബ് ടീം കുടുംബം പോലെയാണ്. ഈ സീസണിനെ കൂടുതല്‍ ഗൗരവമായാണ് കാണുന്നത്. ലോകകപ്പ് ടീമില്‍ ഇടം നേടുന്നതിനായി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യം. തിരിഞ്ഞെടുപ്പ് എന്റെ കൈയിലുള്ള കാര്യമല്ലെങ്കിലും ലഭിക്കുന്ന അവസരത്തെ പരമാവതി വിനിയോഗിക്കാനാണ് ശ്രമിക്കുന്നത്. അവസാന രണ്ടു മാസം കരിയറിലെ ഏറ്റവും മോശം സമയമായിരുന്നെന്നും രാഹുല്‍ പറഞ്ഞു. രാജസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ രാഹുലിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. നാല് പന്തില്‍ നാല് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.