IPL 2020: ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല- കെ എല്‍ രാഹുല്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ബാറ്റിങ്ങുകൊണ്ടും നായകമികവുകൊണ്ടും കൈയടി നേടുകയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍. ടീമിന്റെ തുടര്‍ തോല്‍വികളെത്തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന രാഹുല്‍ തുടര്‍ച്ചയായ അഞ്ച് ജയങ്ങളോടെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് പഞ്ചാബിനെ ഉയര്‍ത്തിയാണ് വിമര്‍ശകരുടെ വായടിപ്പിച്ചത്. മുംബൈ, ഡല്‍ഹി, ആര്‍സിബി, ഹൈദരാബാദ്, കെകെആര്‍ തുടങ്ങിയ വമ്പന്മാരെയെല്ലാം തകര്‍ക്കാന്‍ പഞ്ചാബിനായി. 12 മത്സരങ്ങളില്‍ നിന്ന് 595 റണ്‍സുമായി റണ്‍വേട്ടക്കാരിലും മുന്നിലാണ് രാഹുല്‍.

പരിക്കേറ്റ രോഹിത് ശര്‍മ വിശ്രമത്തിലിരിക്കുന്നതിനാല്‍ ഐപിഎല്ലിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ഓസീസ് പര്യടനത്തില്‍ കെ എല്‍ രാഹുലാവും പരിമിത ഓവറില്‍ വൈസ് ക്യാപ്റ്റനാവുക. കഴിഞ്ഞ ദിവസമാണ് ബിസിസി ഐ ഔദ്യോഗികമായി ടീമിനെ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ വൈസ് ക്യാപ്റ്റനാക്കാനുള്ള തീരുമാനം ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ലെന്ന് പറഞ്ഞിരിക്കുകയാണ് രാഹുല്‍. 'വളരെ സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷമായിരുന്നു അത്. ഞാനൊരുക്കിലും പ്രതീക്ഷിച്ചിരുന്നതല്ലെങ്കിലും ഇത്തരമൊരു ബഹുമതിയില്‍ തികച്ചും സന്തോഷവാനാണ്. ഉത്തരവാദിത്തവും വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയ്യാറാണ്. ടീമിന്റെ വിജയത്തിനായി കഴിവിന്റെ പരമാവധി പുറത്തെടുക്കും. വരാനിരിക്കുന്ന ഓസീസ് പര്യടനത്തെ പോസിറ്റീവായാണ് കാണുന്നത്. പരമ്പര ആരംഭിക്കുന്നതിന് മുമ്പുള്ള രണ്ടാഴ്ച വളരെ പ്രധാനപ്പെട്ടതാണ്'-കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വെബ്‌സൈറ്റില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു.

ഇന്ത്യയുടെ ഭാവി നായകനായി ശ്രേയസ് അയ്യരെയാണ് കൂടുതല്‍ ആളുകളും പ്രതീക്ഷിച്ചിരുന്നതെങ്കിലും ഈ വര്‍ഷമാണ് കെ എല്‍ രാഹുല്‍ നായകസ്ഥാനത്തേക്ക് വളര്‍ന്നു വരുന്നത്. പരിക്കേറ്റ രോഹിത് ശര്‍മക്ക് പകരക്കാരനായി ഇന്ത്യയെ ഒരു മത്സരത്തില്‍ നിയന്ത്രിക്കാന്‍ രാഹുലിന് അവസരം ലഭിച്ചിരുന്നു. ഈ സീസണില്‍ പഞ്ചാബും നായകനായി രാഹുലിനെ പ്രഖ്യാപിച്ചതോടെയാണ് നായകനെന്ന നിലയില്‍ രാഹുല്‍ കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. അതേ സമയം രോഹിത് ശര്‍മയുടെ അഭാവം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ തുടരുകയാണ്. മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് അവസാന മൂന്ന് മത്സരത്തിലും കളിച്ചിട്ടില്ല.

എന്നാല്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്നുണ്ട്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ 3ന് ഹൈദരാബാദിനെതിരായ മത്സരത്തിലൂടെ രോഹിത് തിരിച്ചെത്തും. എന്നാല്‍ പരിക്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് രോഹിതിനെ ബിസിസിഐ തഴഞ്ഞത്. രോഹിതിന്റെ അഭാവം വലിയ ചര്‍ച്ചയായതോടെ അദ്ദേഹത്തിന്റെ പരിക്ക് നിരീക്ഷിച്ച് വരികയാണെന്ന നിലപാടാണ് ബിസിസി ഐ സ്വീകരിച്ചത്. എന്നാല്‍ രോഹിത് മടങ്ങിവരാന്‍ സാധ്യത കൂടുതലാണ്. കാരണം ഓസീസ് പരമ്പരയ്ക്ക് ഇനിയും ഒരു മാസത്തോളം സമയമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മടങ്ങിവരവ് സാധ്യത പൂര്‍ണമായും തള്ളി രാഹുലിനെ ഉപനായകനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ദുരൂഹമാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications