ലണ്ടന്‍: ഐ സി സി ട്വന്റി 20 ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ദക്ഷണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ സെമി ഫൈനല്‍ കടന്നതോടെ താരമായത് വിരാട് കോലിയാണ്. പ്രതിഭയും സൗന്ദര്യവും ഒരുമിച്ച് വന്നാല്‍ ഇതാണ് കുഴപ്പം. കോലിക്ക് ദിവസേനെ വരുന്ന വിവാഹാഭ്യര്‍ത്ഥനകള്‍ക്ക് കണക്കില്ല.
എന്നാല്‍ ഒടുവില്‍ വന്ന വിവാഹാഭ്യര്‍ത്ഥന ഹിറ്റാകുകയാണ്. എന്നെ വിവാഹം കഴിക്കാമോ കോലി എന്ന ചോദിച്ച് ഇംഗ്ലണ്ടില്‍ നിന്ന് ഒരു താരമാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ വനിതാ ക്രിക്കറ്റ് ടീം താരമായ ഡാനിയേലയ്ക്കാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം കോലിയെ വിവാഹം കഴിക്കാന്‍ മോഹം.

ട്വിറ്ററിലൂടെയാണ് ഡാനിയേല കോലിയോട് വിവാഹഭ്യര്‍ത്ഥന നടത്തിയത്. ഡാനിയേലിന്റെ ട്വീറ്റ് കണ്ട് നടി അനുഷ്‌ക ശര്‍മയുമായി കോലി ബുക്ക്ഡാണെന്ന് ഒരാള്‍ റീ ട്വീറ്റ് ചെയ്തു. എന്നാല്‍ അതൊരിക്കലുമില്ലെന്നായിരുന്നു ഡാനിയേലയുടെ മറുപടി.
ഏതായാലും കോലിയെ വിവാഹാഭ്യര്‍ത്ഥന നടത്തിയ ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ തിരക്കേറുകയാണ്. 20,000 ഫോളോവേഴ്‌സുണ്ടായിരുന്ന താരത്തിനിപ്പോള്‍ 35,000 അടുത്ത് ഫോളോവേഴ്‌സായി. 22 കാരിയായ ഡാനിയേല ഇംഗ്ലണ്ടിന് വേണ്ടി 32 ഏകദിനങ്ങളും അമ്പത് ട്വന്റി 20 മാച്ചുകളും കളിച്ചിട്ടുണ്ട്.