ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ദുബായിലെ സ്റ്റേഡിയത്തില്‍ മലയാളികളുടെ വലിയൊരുനിര കളികാണാനെത്തിയിട്ടുണ്ടായിരുന്നു. മത്സരങ്ങള്‍ യുഎഇയില്‍ ആയതുകൊണ്ടുതന്നെ മലയാളി പ്രവാസികളും സ്റ്റേഡിയത്തിലെത്തുന്നുണ്ട്. പ്രത്യേകിച്ചും ഇന്ത്യയുടെ കളികാണാന്‍ പ്രവാസികളുടെ തിക്കും തിരക്കുമാണ്.
കഴിഞ്ഞദിവസം ദുബായ് പാക്കിസ്ഥാന് മത്സരത്തിനിടെ മലയാളികള്‍ സാനിയ മിര്‍സയുടെ ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷൊയബ് മാലിക്കിനെ പുയ്യാപ്ലയെന്ന് വിളിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലായി മാറുന്നുത്. ഇന്ത്യയുടെ ഇന്നിങ്സിനിടെ മാലിക് മൈതാനത്തിന്റെ അതിര്‍ത്തിയില്‍ ഫീല്‍ഡ് ചെയ്തുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം.
പുയ്യാപ്ലേ.. പുയ്യാപ്ലേ.. മാലിക് പുയ്യാപ്ലേ, എന്ന് വിളിക്കുമ്പോള്‍ മാലിക് തിരിഞ്ഞുനോക്കി പ്രതികരിക്കുന്നതും വീഡിയോയില്‍ കാണാം. വര്‍ഷങ്ങളായി പാക്കിസ്ഥാന് ടീമില്‍ സ്ഥിരതയോടെ കളിക്കുന്ന മാലിക് ഇന്ത്യയ്ക്കെതിരെ മോശമല്ലാത്ത കളിയാണ് കാഴ്ചവെച്ചത്. മറ്റു താരങ്ങള്‍ കാര്യമായി സ്കോര്‍ ചെയ്യാതിരുന്നതിനാല്‍ പാക്കിസ്ഥാന്റെ ചെറിയ സ്കോര്‍ ഇന്ത്യ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയും ചെയ്തു.
നേരത്തെ ഇന്ത്യ പാക്കിസ്ഥാന് മത്സരത്തിന് മുന്‍പ് സാനിയ മിര്‍സയുടെ ട്വീറ്റ് വൈറലായിരുന്നു. കളി തുടങ്ങാന്‍ മണിക്കൂറുകള്‍മാത്രം ശേഷിക്കെ സോഷ്യല്‍ മീഡിയയില്‍നിന്നും വിട്ടുനില്‍ക്കുന്നതാണ് തനിക്ക് സുരക്ഷിതമെന്നാണ് സാനിയയുടെ ട്വീറ്റ്. കുറേ ദിവസമായി അസംബന്ധങ്ങള്‍ പ്രചരിക്കുന്നു. ഗര്‍ഭിണിയായ തന്നെ വിട്ടേക്കൂ, ഇത് വെറുമൊരു ക്രിക്കറ്റ് മത്സരം മാത്രമാണെന്നും സാനിയ പറഞ്ഞുവെച്ചു. സാനിയ ഇന്ത്യക്കാരിയും ഭര്‍ത്താവ് പാക്കിസ്ഥാന്കാരനുമായതിനാല് ഇരു രാജ്യങ്ങളും തമ്മില്‍ മത്സരം നടക്കുമ്പോള്‍ സാനിയയെ സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നത് പതിവാണ്.