രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍: കേരളം 171ന് പുറത്ത്, ഗുജറാത്തിന് 195 റണ്‍സ് വിജയലക്ഷ്യം

വയനാട്: കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനെതിരേ ഗുജറാത്തിന് 194 റണ്‍സ് വിജയലക്ഷ്യം. ഒന്നാമിന്നിങ്‌സില്‍ 23 റണ്‍സിന്റെ നേരിയ ലീഡുണ്ടായിരുന്ന കേരളം രണ്ടാമിന്നിങ്‌സില്‍ 171ന് പുറത്താവുകയായിരുന്നു. രണ്ടു ദിവസം കൊണ്ട് ഗുജറാത്തിന് ജയിക്കാന്‍ വേണ്ടത് 195 റണ്‍സ് മാത്രമാണ്. അതുകൊണ്ടു തന്നെ അവിശ്വസനീയ ബൗളിങ് പ്രകടനം തന്നെ പുറത്തെടുത്താല്‍ മാത്രമേ കേരളത്തിന് വിജയപ്രതീക്ഷയുള്ളൂ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കേരളത്തിന് ഒന്നാമിന്നിങ്‌സില്‍ 185 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മികച്ച ബൗളിങിലൂടെ ഗുജറാത്ത് കേരളത്തെ വരിഞ്ഞുകെട്ടുകയായിരുന്നു. കേരള നിരയില്‍ ഒരാള്‍ക്കു പോലും അര്‍ധസെഞ്ച്വറി തികയ്ക്കാന്‍ കഴിഞ്ഞില്ല. മറുപടി ബാറ്റിങില്‍ ഗുജറാത്തിനെ 162 റണ്‍സില്‍ എറിഞ്ഞൊതുക്കാന്‍ കേരളത്തിന് കഴിഞ്ഞു. നാലു വിക്കറ്റെടുത്ത സന്ദീപ് വാര്യറും മൂന്നു വിക്കറ്റ് വീതം നേടിയ ബേസില്‍ തമ്പിയും എംഡി നിധീഷുമാണ് ഗുജറാത്തിനെ തകര്‍ത്തത്.
തുടര്‍ന്ന് രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ കേരളത്തിന് വെറും 171 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി കളിയില്‍ ഗുജറാത്തിന് വെല്ലുവിളിയുയര്‍ത്താനുള്ള അവസരമാണ് കേരളം നഷ്ടപ്പെടുത്തിയത്. സിജോമോന്‍ ജോസഫും (56) ജലജ് സക്‌സേനയും (44*) മാത്രമേ കേരളാ നിരയില്‍ പൊരുതി നോക്കിയുള്ളൂ. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 24 റണ്‍സിന് പുറത്തായി. മൂന്നു വിക്കറ്റ് വീതമെടുത്ത അക്ഷര്‍ പട്ടേലും റൂഷ് കലേറിയയും ചേര്‍ന്നാണ് കേരളത്തെ വരിഞ്ഞുകെട്ടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications