ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്ത മത്സരത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി രണ്ടാമത്തെ ഇന്ത്യക്കാരനെന്ന ബഹുമതി സ്വന്തമാക്കിയ കരുണ്‍ നായര്‍ പ്രതിഭാധനനായ ബാറ്റ്‌സ്മാനെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. ഇന്ത്യന്‍ ടീമിലെത്താന്‍ വൈകിയെങ്കിലും തന്റെ പ്രതിഭയ്ക്കിണങ്ങുന്ന ബാറ്റിങ് പ്രകടനമാണ് കരുണ്‍ ചെന്നൈയില്‍ പുറത്തെടുത്തത്.
കഴിഞ്ഞവര്‍ഷം രഞ്ജി ട്രോഫിയിലും കരുണ്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിരുന്നു. 68 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ആയിരുന്നു അന്ന് തകര്‍ക്കപ്പെട്ടത്. രഞ്ജി ഫൈനലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാന്‍ എന്ന ബഹുമതിയും കരുണ്‍ സ്വന്തം പേരില്‍ കുറിച്ചു. തമിഴ്‌നാടിനെതിരായ ഫൈനലില്‍ കര്‍ണാടകത്തിനുവേണ്ടി 328 റണ്‍സാണ് കരുണ്‍ നേടിയത്.

560 പന്തില്‍ 46 ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു കരുണിന്റെ തികവുറ്റ ഇന്നിങ്‌സ്. 1946-47ല്‍ ഹോള്‍ക്കര്‍ ടീമിനെതിരെ രഞ്ജി ഫൈനലില്‍ ബറോഡ താരം ഗുല്‍ മുഹമ്മദ് നേടിയ 319 റണ്‍സാണ് കരുണ്‍ പഴങ്കഥയാക്കിയത്. രഞ്ജി ഫൈനലില്‍ ഒരു കര്‍ണാടക താരം നേടുന്ന ഏറ്റവും മികച്ച സ്‌കോറെന്ന റെക്കോര്‍ഡും ഇതോടെ കരുണിന്റെ പേരിലായി.
1977-78 ഫൈനലില്‍ ഉത്തര്‍പ്രദേശിനെതിരെ ഗുണ്ടപ്പ വിശ്വനാഥ് നേടിയ 247 റണ്‍സാണ് കരുണ്‍ തിരുത്തിക്കുറിച്ചത്. ചെന്നൈയിലേതിന് സമാനമായിരുന്നു കരുണിന്റെ രഞ്ജിയിലെ പ്രകടനവും. തന്റെ കരിയറിലെ ആദ്യ ഡബിള്‍ സെഞ്ച്വറിയും ട്രിപ്പിള്‍ സെഞ്ച്വറിയും ഒരേ ദിവസമാണ് കരുണ്‍ അന്ന് നേടിയത്. ട്രിപ്പിള്‍ സെഞ്ച്വറി നേടിയതോടെ ഇന്ത്യന്‍ ടീമില്‍നിന്നും ഒഴിച്ചുനിര്‍ത്താന്‍ കഴിയാത്ത കളിക്കാരന്‍ കൂടിയായി മാറിയിരിക്കുകയാണ് ഈ മലയാളി താരം.