ഹൈദരാബാദ്: തൊട്ടുമുമ്പത്തെ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടും മറുനാടന്‍ മലയാളി കരുണ്‍ നായര്‍ക്ക് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചില്ല. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് കര്‍ണാടകയുടെ കരുണിന് അവസരം നിഷേധിക്കപ്പെട്ടത്. ടെസ്റ്റ് ക്രിക്കറ്റിന്റെ തന്നെ ചരിത്രത്തില്‍ ഇതു നാലാമത്തെ സംഭവമാണ്. ട്രിപ്പിള്‍ നേടിയിട്ടും തൊട്ടടുത്ത ടെസ്റ്റില്‍ ഇടം ലഭിക്കാതിരുന്ന നാലാമത്തെ താരമാണ് കരുണ്‍. ആദ്യ ടെസ്റ്റില്‍ കരുണിനു പകരം അജിന്‍ക്യ രഹാനെയ്ക്ക് അന്തിമ ഇലവനില്‍ അവസരം ലഭിക്കുകയായിരുന്നു.

40 വര്‍ഷങ്ങള്‍ക്കു മുമ്പാണ് സമാനമായ സംഭവം ആദ്യമായി നടന്നത്. 1925ല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ആന്‍ഡി സാന്റമാണ് ഇത്തരത്തില്‍ ടീമിനു പുറത്തായ ആദ്യ താരം. പക്ഷെ താരത്തിന് വിനയായത് പരിക്കായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ 40ാം വയസ്സില്‍ സാന്റം ട്രിപ്പിള്‍ നേടി മിന്നിയിരുന്നു. ടെസ്റ്റിനു ശേഷം പരിക്ക് പിടികൂടിയതോടെ താരത്തിന് പിന്നീടൊരിക്കലും വിന്‍ഡീസിനായി കളിക്കാന്‍ സാധിച്ചില്ല. പിന്നീട് ട്രിപ്പിളിനു ശേഷം അവസരം നഷ്ടമായത് ഇംഗ്ലണ്ടിന്റെ ലെന്‍ ഹട്ടനും പാകിസ്താന്റെ ഇന്‍സമാം ഉല്‍ ഹഖിനുമാണ്. ഫിറ്റ്‌നസില്ലാത്തതിനെ തുടര്‍ന്നായിരുന്നു രണ്ടു പേര്‍ക്കും ടീമില്‍ ഇടം ലഭിക്കാതിരുന്നത്.