വിരാട് കോലി-രവി ശാസ്ത്രി യുഗം സൂപ്പര്‍, എന്നാല്‍ വലിയൊരു കുറവുണ്ട്- കപില്‍ ദേവ്
മുംബൈ: ഇന്ത്യ ന്യൂസീലന്‍ഡ് പരമ്പരക്ക് ഇന്ന് തുടക്കമാവുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയൊരു യുഗത്തിന്റെ തുടക്കം കൂടിയാണത്. രാഹുല്‍ ദ്രാവിഡ് എന്ന പുതിയ പരിശീലകനും രോഹിത് ശര്‍മയെന്ന പുതിയ ടി20 നായകനും ചേരുമ്പോള്‍ ഐസിസി കിരീടമാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഉന്നതങ്ങളിലേക്കെത്തിച്ച ശേഷമാണ് രവി ശാസ്ത്രി-വിരാട് കോലി കൂട്ടുകെട്ട് പിരിഞ്ഞത്. 2017ല്‍ ഒത്തുചേര്‍ന്ന ഈ കൂട്ടുകെട്ട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ്ണ കാലമായിത്തന്നെ വിശേഷിപ്പിക്കാം.
ടെസ്റ്റിലാണ് ഈ കൂട്ടുകെട്ടിന് കീഴില്‍ ഇന്ത്യ കൂടുതല്‍ വളര്‍ച്ച കൈവരിച്ചത്. വിദേശ മൈതാനത്തെ പ്രകടനമാണ് എടുത്തുപറയേണ്ടത്. ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ഇന്ത്യയെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം ചൂടിക്കാന്‍ ശാസ്ത്രിക്കായി. സെന രാജ്യങ്ങളിലെല്ലാം ടി20 പരമ്പര നേട്ടത്തിലേക്കെത്താനും ഈ കൂട്ടുകെട്ടിന് സാധിച്ചു. എന്നാല്‍ ഐസിസി കിരീടം അലമാരയിലെത്തിക്കാന്‍ ഇവര്‍ക്കായില്ലെന്നതാണ് എടുത്തുപറയാവുന്ന വലിയൊരു കുറവ്.

ഏറെ നാള്‍ ഇന്ത്യയെ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായി നിര്‍ത്താനും ഈ കൂട്ടുകെട്ടിനായി. ഇപ്പോഴിതാ രവി ശാസ്ത്രി-വിരാട് കോലി യുഗത്തിന് റിപ്പോര്‍ട്ട് കാര്‍ഡ് നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനായ കപില്‍ ദേവ്. 1983ല്‍ ആദ്യമായി ഇന്ത്യക്ക് ഏകദിന ലോകകപ്പ് കിരിടം നേടിത്തന്ന നായകനായ കപില്‍ ഈ കൂട്ടുകെട്ടിന്റെ നേട്ടങ്ങളും പോരായ്മയും ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.
'രണ്ട് പേരും മികച്ച രീതിയിലാണ് തങ്ങളുടെ ജോലി ചെയ്തത്. ഇരുവര്‍ക്കും വലിയ കിരീടങ്ങള്‍ നേടിക്കൊടുക്കാന്‍ ആയില്ലെന്നത് ശരിയാണ്. എന്നാല്‍ ഇവരുടെ കീഴിലെ കഴിഞ്ഞ അഞ്ച് വര്‍ഷം നോക്കുക. കോലി ക്യാപ്റ്റനായ ശേഷം ടീമിന് ഒന്നിനും കുറവില്ലായിരുന്നു. ഐസിസി ട്രോഫി മാത്രമായിരുന്നു കുറവുണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ പരമ്പര നേടി. ഇംഗ്ലണ്ടിലും മികച്ച പ്രകടനം നടത്തി. എവിടെയൊക്കെ പര്യടനം നടത്തിയോ അവിടെയൊക്കെ ജയം നേടാന്‍ ഈ കൂട്ടുകെട്ടിന് സാധിച്ചു.

ലോകകപ്പുകള്‍ നോക്കിയാല്‍ നോക്കൗട്ട് മത്സരങ്ങളാണ് ഇവര്‍ക്ക് കടുപ്പമായിരുന്നത്. 2007ലെ ടി20 ലോകകപ്പിന് ശേഷം നോക്കൗട്ട് മത്സരങ്ങളിലെല്ലാം ഇന്ത്യ വളരെയധികം പ്രയാസപ്പെട്ടു. ടോപ് ഫോറിലേക്ക് എത്തിയിട്ടും പരാജയപ്പെട്ടാല്‍ അത് മനസിലാക്കാവുന്നതാണ്. എന്നാല്‍ ഇതിന് സാധിച്ചില്ലെങ്കില്‍ തീര്‍ച്ചയായും വിമര്‍ശനം നേരിടേണ്ടി വരും'- കപില്‍ ദേവ് പറഞ്ഞു.
ഇത്തവണത്തെ ടി20 ലോകകപ്പ് നായകനെന്ന നിലയില്‍ കോലിയുടെയും പരിശീലകനെന്ന നിലയില്‍ രവി ശാസ്ത്രിയുടെയും അവസാനത്തെ ടൂര്‍ണമെന്റായിരുന്നു. ഇവര്‍ക്ക് ഗംഭീര യാത്രയയപ്പിനായി ഇന്ത്യ കിരീടം നേടുമെന്ന് പ്രതീക്ഷിച്ചവരാണ് ഏറെയും. എന്നാല്‍ സെമി പോലും കാണാന്‍ ഇന്ത്യക്കായി. ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ പാകിസ്താനോട് തോല്‍ക്കുകയും ചെയ്തു. എല്ലാ അനുകൂല സാഹചര്യം ഉണ്ടായിട്ടും മുതലാക്കാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയി.

'ട്രോഫികളുടെ അടിസ്ഥാനത്തില്‍ ടീമിനെ വിലയിരുത്തുക മറ്റൊരു തലത്തിലുള്ള കാര്യമാണ്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി അവര്‍ കളിച്ച ക്രിക്കറ്റിനായി 100ല്‍ 90 മാര്‍ക്ക് ഞാന്‍ നല്‍കും. ഐസിസി ട്രോഫി നേടാനാവാത്തതിനാലാണ് ആ 10 ശതമാനം ഞാന്‍ കുറച്ചത്' -കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം ഉറപ്പിച്ച കുതിപ്പാണ് നടത്തിയതെങ്കിലും സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റാണ് പുറത്തായത്.
രാഹുല്‍ ദ്രാവിഡ്-രോഹിത് ശര്‍മ കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ 2022ല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് കിരീടമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. 2013ലാണ് ഇന്ത്യ അവസാനമായി ഐസിസി കിരീടം നേടിയത്. അതിനാല്‍ ദ്രാവിഡ്-രോഹിത് കൂട്ടുകെട്ട് ഇന്ത്യയുടെ അലമാരയില്‍ ടി20 ലോകകപ്പ് കിരീടം എത്തിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications