'എം എസ് ധോണിയുടെ ഷൂസ് ഇന്ത്യന്‍ ക്രിക്കറ്റിലെ ആര്‍ക്കും പാകമാവില്ല': കെ എല്‍ രാഹുല്‍
അബുദാബി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ധോണിയുടെ പകരക്കാരനായി പലരും പരിഗണിക്കുന്ന പേരാണ് കെ എല്‍ രാഹുല്‍. ബാറ്റ്‌സ്മാനെന്ന നിലയില്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ച രാഹുല്‍ ധോണിയുടെ വിടവാങ്ങലിന് ശേഷം വിക്കറ്റ് കീപ്പറെന്ന റോളിലേക്കും സ്ഥിരമാകാനുള്ള തയ്യാറെടുപ്പിലാണ്. പടി പടിയായി വളര്‍ന്ന രാഹുല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകനാണ്. ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുമായി സൂമില്‍ നടത്തിയ അഭിമുഖത്തില്‍ ധോണിക്ക് പകരക്കാരനാവുന്നതിനെക്കുറിച്ചും ഐപിഎല്ലിലെ പ്രതീക്ഷകളെക്കുറിച്ചും രാഹുല്‍ പങ്കുവെച്ചിരിക്കുകയാണ്.

ഞാനായി തുടരാനാണ് ആഗ്രഹം
എല്ലാ താരങ്ങളെക്കുറിച്ചും വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്. എന്നെക്കുറിച്ച് മാത്രമല്ല,രാജ്യത്തെ പ്രതിനിധീകരിക്കുന്ന മുഴുവന്‍ ആളുകളില്‍ നിന്നും അവര്‍ വളരെയേറെ പ്രതീക്ഷിക്കുന്നു. ധോണിക്ക് പകരക്കാരനാകുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. ഐപിഎല്ലില്‍ മാത്രമാണ് ചിന്ത. ഇന്ത്യന്‍ ക്രിക്കറ്റില്‍ ആര്‍ക്കും നികത്താന്‍ പറ്റാത്ത സ്ഥാനമാണ് ധോണിയുടേത്. അദ്ദേഹത്തിന്റെ ഷൂ ആര്‍ക്കും പാകമാകില്ല. ഞാനായി തുടരാനാണ് ആഗ്രഹിക്കുന്നത്. രാജ്യത്തിനുവേണ്ടി മികച്ച പ്രകടനം നടത്താനും വിജയം നേടിത്തരാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. എന്ത് റോള്‍ എനിക്ക് തന്നാലും അത് നന്ദിയോടെ ചെയ്യും. വെല്ലുവിളികള്‍ എന്നെ ആവേശം കൊള്ളിക്കും. എന്റെ റോള്‍ എന്താണെന്ന് എനിക്ക് കൃത്യമായി അറിയാം. ലഭിക്കുന്ന അവസരങ്ങളില്‍ എന്റെ കഴിവിന്റെ പരമാവധി അവതരിപ്പിക്കാന്‍ ശ്രമിക്കും.

ആര്‍സിബിയിലെ ഓര്‍മകള്‍
വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ ടി20യിലെ സ്ഥിരതയുടെ പര്യായങ്ങളാണ്. ഡ്രസിങ് റൂമില്‍ അവരോടൊപ്പം ഉണ്ടായിരുന്നപ്പോള്‍ അവരുടെ ഒരുക്കങ്ങളും ശൈലികളുമെല്ലാം ശ്രദ്ധിച്ചിരുന്നു. ക്രീസില്‍ നില്‍ക്കുമ്പോള്‍ അവരുടെ ഉപദേശം വലിയ കൂട്ടുകെട്ടിന് സഹായിക്കും. അവര്‍ എങ്ങനെയാണ് മുന്നൊരുക്കം നടത്തുന്നതെന്ന് അവരോടൊപ്പം പരിശീലനം നടത്തി മനസിലാക്കാന്‍ ശ്രമിച്ചു. ഇത് യുവതാരങ്ങളെ വളരെയധികം സഹായിക്കും. ഒപ്പമുണ്ടായിരുന്നപ്പോള്‍ അവര്‍ നല്‍കിയ ഉപദേശങ്ങള്‍ താരമെന്ന നിലയില്‍ എന്നില്‍ വലിയ മാറ്റം ഉണ്ടാക്കി. ടീമിനെ വിജയത്തിലേക്കെത്തിക്കുന്ന രീതിയിലേക്ക് വളരാന്‍ ആര്‍സിബിയിലെ ജീവിതം ഏറെ സഹായിച്ചു.

ധോണിയേയും കോലിയേയും കണ്ടു പഠിച്ചു
നായകന്മാരെന്ന നിലയില്‍ എം എസ് ധോണിയേയും വിരാട് കോലിയേയും കണ്ടാണ് പഠിച്ചത്. ഇരുവരുടേയും കീഴില്‍ കളിക്കാന്‍ സാധിച്ചത് പഠിക്കാനുള്ള വലിയ അവസരമാണ് ഒരുക്കിയത്. ഇരുവരും രണ്ട് ശൈലിയിലാണ് നയിച്ചതെങ്കിലും ടീമിനോടുള്ള സ്‌നേഹവും രാജ്യത്തോടുള്ള കടപ്പാടും ഒരുപോലെയായിരുന്നു. ടീമിനെ മുന്നില്‍ നിന്ന് നയിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ടീമിനെ കുടുംബം പോലെയാക്കി മാറ്റണം. മറ്റുള്ളവരെ സഹായിക്കുകയും അവരുടെ നേട്ടങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications