പുതിയ ഐസിസി ടെസ്റ്റ് റാങ്കിങ് പട്ടിക പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയുടെ നീണ്ടകാലത്തെ അപ്രമാദിത്വം തകര്‍ന്നു. ഓസ്‌ട്രേലിയയാണ് ഇപ്പോള്‍ തലപ്പത്ത്. ടെസ്റ്റില്‍ മാത്രമല്ല ട്വന്റി-20 ക്രിക്കറ്റിലും കംഗാരുക്കള്‍ത്തന്നെ മുന്നില്‍. കുട്ടിക്രിക്കറ്റില്‍ പാകിസ്താനെ കടന്നാണ് ഓസ്‌ട്രേലിയ പ്രഥമ സ്ഥാനം വരിച്ചത്.
ഐസിസി ടെസ്റ്റ്, ട്വന്റി-20 റാങ്കിങ്ങില്‍ ഓസ്‌ട്രേലിയ ഒന്നാമതെത്തിയതില്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാങ്കറിനുള്ള പങ്കും ചെറുതല്ല. പഴയ പ്രതാപം ഉണര്‍ത്തി സ്വന്തം ടീം ക്രിക്കറ്റില്‍ വിരാജിക്കുമ്പോള്‍ ലാങ്കര്‍ ഏറെ സന്തോഷവാനാണ്. അടുത്തിടെ നടന്ന അഭിമുഖത്തില്‍ ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ഇക്കാര്യം തുറന്നുപറയുകയും ചെയ്തു.

എന്നാല്‍ റാങ്കിങ് പട്ടികയില്‍ ഒന്നാമതെത്തിയതുകൊണ്ടു മാത്രം കാര്യമില്ല, ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പട്ടം കരസ്ഥമാക്കുകയാണ് ഓസ്‌ട്രേലിയയുടെ പ്രധാന ലക്ഷ്യം, ജസ്റ്റിന്‍ ലാങ്കര്‍ വ്യക്തമാക്കി. സ്വന്തം മണ്ണില്‍ ഇന്ത്യയുമായി ടെസ്റ്റ് പരമ്പരയും നടക്കാനിരിക്കുകയാണ്. എന്തുവിലകൊടുത്തും ടെസ്റ്റില്‍ ഇന്ത്യയെ തോല്‍പ്പിക്കാനും ടീം ആഗ്രഹിക്കുന്നു.
എഫ്ടിപി ഷെഡ്യൂള്‍ പ്രകാരം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒരു ടെസ്റ്റ് പരമ്പര നിശ്ചയിച്ചിട്ടുണ്ട്. അടുത്തവര്‍ഷം ഓസ്‌ട്രേലിയന്‍ സംഘം ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ വീണ്ടുമൊരു ടെസ്റ്റ് പരമ്പര നടക്കും. ഇന്ത്യയുമായുള്ള ഈ രണ്ടു ടെസ്റ്റ് പരമ്പരയും കൈക്കലാക്കുകയാണ് ഓസ്‌ട്രേലിയയുടെ മറ്റൊരു ദൗത്യമെന്ന് ജസ്റ്റിന്‍ ലാങ്കര്‍ അറിയിച്ചു. ഏറ്റവും മികച്ച ടീമുകളെ തോല്‍പ്പിക്കുമ്പോള്‍ മാത്രമേ ഓരോ സംഘവും എത്രമാത്രം ശക്തരാണെന്ന് തിരിച്ചറിയുകയുള്ളൂവെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018 മെയ് മാസമാണ് ജസ്റ്റിന്‍ ലാങ്കര്‍ ഓസ്‌ട്രേലിയയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. പന്തു ചുരുണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ഡാരന്‍ ലെഹ്മാന്‍ രാജിവെച്ചതിന് പിന്നാലെയായിരുന്നു ലാങ്കറിന്റെ കടന്നുവരവ്. കുപ്രസിദ്ധമായ കേപ് ടൗണ്‍ ടെസ്റ്റിന് ശേഷം ലാങ്കറിന് കീഴില്‍ ഓസ്‌ട്രേലിയന്‍ സംഘം പ്രതിച്ഛായ മെച്ചപ്പെടുത്തി; വിജയവഴിയില്‍ തിരിച്ചെത്തി.
ക്രിക്കറ്റിലെ മികച്ച ടീമാന്‍ ഓസ്‌ട്രേലിയക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ കഠിനാധ്വാനം ഇപ്പോള്‍ ഫലം കാണുകയാണ്. കളത്തിനകത്തും പുറത്തും ഒരുപോലെ മികച്ചു നില്‍ക്കാന്‍ ഓസ്‌ട്രേലിയക്ക് കഴിയുന്നതായി ജസ്റ്റിന്‍ ലാങ്കര്‍ വ്യക്തമാക്കി.