2007 ലെ ട്വന്റി20 ലോകകപ്പ് ഫൈനല്‍. എന്ന് വെച്ചാല്‍ ചരിത്രത്തില്‍ ആദ്യത്തെ ട്വന്റി20 ലോകകപ്പ് ഫൈനല്‍. കളി നടക്കുന്നത് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍. 158 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന പാകിസ്താന് അവസാന ഓവറില്‍ വേണ്ടത് 13 റണ്‍സ്. സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിന് ഒരോവര്‍ ബാക്കിയുണ്ട്. എന്നാല്‍ എം എസ് ധോണി ഭാജിക്ക് പന്ത് കൊടുത്തില്ല.
പിന്നെയോ, മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന പാക് ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖിന് നേരെ പന്തെറിയാന്‍ ധോണി തിരഞ്ഞെടുത്തത് തുടക്കക്കാരന്‍ ജോഗീന്ദര്‍ ശര്‍മയെ. ആദ്യ രണ്ട് പന്തില്‍ 7 റണ്‍സ് വഴങ്ങി ശര്‍മ ധോണിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. പക്ഷേ മൂന്നാം പന്ത് സ്‌കൂപ്പ് ചെയ്യാനുള്ള മിസ്ബയുടെ ശ്രമം മലയാളി താരം ശ്രീശാന്തിന്റെ കയ്യില്‍ ഒതുങ്ങി. ഇന്ത്യയ്ക്ക് ലോകകപ്പ്. വിജയശില്‍പി ജോഗീന്ദര്‍ ശര്‍മ.

2007 സെപ്തംബര്‍ 24 ലെ ആ ഫൈനലിന് ശേഷം ജോഗീന്ദര്‍ ശര്‍മ പിന്നെ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടില്ല. സെപ്തംബര്‍ 17ന് തുടങ്ങി സെപ്തംബര്‍ 24ന് അവസാനിച്ചു ശര്‍മയുടെ ട്വന്റി 40 കരിയര്‍. ആകെ കളിച്ചത് നാല് ട്വന്റി 20 മത്സരങ്ങള്‍. നാല് വിക്കറ്റുകളും വീഴ്ത്തി. ഇന്ത്യന്‍ ടീമില്‍ കളിച്ചില്ലെങ്കിലും കുറച്ച് കാലം കൂടി ജോഗീന്ദര്‍ ശര്‍ ഐ പി എല്ലില്‍ കളിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി.
ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ ജോഗീന്ദര്‍ ശര്‍മ ചേര്‍ന്നത് പോലീസിലാണ്. സ്ഥാനക്കയറ്റങ്ങള്‍ കിട്ടി കിട്ടി ഇപ്പോള്‍ ഹരിയാന പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടാണ് ജോഗീന്ദര്‍ ശര്‍മ. ജോഗീന്ദര്‍ ശര്‍മയുടെ ഫേസ്ബുക്ക് പേജില്‍ പോലീസ് വേഷത്തിലുള്ള ഇഷ്ടം പോലെ ചിത്രങ്ങളും കാണാം. കഴിഞ്ഞ വര്‍ഷമാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും ശര്‍മ വിരമിച്ചത്.