ഇംഗ്ലണ്ട്: ആദ്യ ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കായി സ്റ്റീവ് സ്മിത്ത് നങ്കൂരമിട്ടതുകൊണ്ടാണ് ഇംഗ്ലണ്ടിന്റെ പദ്ധതികളെല്ലാം പാളിയത്. ഒന്നാമിന്നിങ്ങ്‌സില്‍ 144 റണ്‍സും രണ്ടാമിന്നിങ്ങ്‌സില്‍ 133 റണ്‍സും കുറിച്ച സ്മിത്ത് ഓസീസ് ബാറ്റിങ്ങിന്റെ നട്ടെല്ലായി മാറുകയായിരുന്നു.

എന്തായാലും ബുധനാഴ്ച്ച ലോര്‍ഡില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ സ്മിത്തിനെ പൂട്ടാനുള്ള തന്ത്രങ്ങള്‍ സ്വരുക്കൂട്ടിയാകും ഇംഗ്ലീഷ് ബോളര്‍മാര്‍ കളത്തിലിറങ്ങുക. ജോഫ്ര ആര്‍ച്ചറിനെയും ജാക്ക് ലീച്ചിനെയും പന്ത്രണ്ടംഗ പട്ടികയില്‍ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്തവണ സ്റ്റീവ് സ്മിത്തിനെതിരെ ജോഫ്ര ആര്‍ച്ചറായിരിക്കും ഇംഗ്ലണ്ടിന്റെ തുറുപ്പുച്ചീട്ട്, പറയുന്നത് മറ്റാരുമല്ല, ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ തന്നെ.

ഉയരമുള്ള, മണിക്കൂറില്‍ 145 കിലോമീറ്ററില്‍ വേഗത്തില്‍ പന്തെറിയുന്ന പേസ് ബോളര്‍മാരെ നേരിടാന്‍ ആരും ഇഷ്ടപ്പെടില്ല. അതുകൊണ്ട് ജോഫ്ര ആര്‍ച്ചറായിരിക്കും രണ്ടാം ടെസ്റ്റില്‍ സ്മിത്തിനെ പരീക്ഷിക്കുകയെന്ന് വോണ്‍ വിലയിരുത്തുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്താന്‍ റോയല്‍സിനായി സ്മിത്തും ആര്‍ച്ചറും ഒരുമിച്ചാണ് കളിക്കുന്നത്. സ്മിത്തിനെതിരെ തന്ത്രങ്ങള്‍ മെനയാന്‍ നെറ്റ്‌സിലെ പരിശീലന അനുഭവം ആര്‍ച്ചറെ സഹായിക്കും — വോണ്‍ വ്യക്തമാക്കി.

ആര്‍ച്ചറിന്റെ ആഷസ് അരങ്ങേറ്റമായിരിക്കും ബുധനാഴ്ച്ച നടക്കുക. പരുക്കുകാരണം പരമ്പരയിലെ ആദ്യ മത്സരം താരത്തിന് നഷ്ടമാവുകയായിരുന്നു. പരുക്കുമാറി കായിക മികവ് തെളിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജോഫ്ര ആര്‍ച്ചര്‍ ടീമില്‍ വീണ്ടുമെത്തുന്നത്.
കഴിഞ്ഞവര്‍ഷം മെയ്യില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ആര്‍ച്ചര്‍, കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ പ്രധാന ബോളറായിരുന്നു. ലോകകപ്പില്‍ മാത്രം ഇരുപതു വിക്കറ്റുകള്‍ താരം നേടുകയുണ്ടായി. ഇതേസമയം, രണ്ടുതവണ ഓസ്‌ട്രേലിയയുമായി മുഖാമുഖം വന്നപ്പോഴും സ്മിത്തിനെ വീഴ്ത്താന്‍ ജോഫ്ര ആര്‍ച്ചറിന് കഴിഞ്ഞിരുന്നില്ല.