കാര്‍ഡിഫ്: പാക്കിസ്ഥാനെതിരായ ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിന് 7 വിക്കറ്റിന്റെ വിജയം. 20 ഓവറില്‍ പാക്കിസ്ഥാന്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 19.2 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചറും ഇയോയിന്‍ മോര്‍ഗനും തിളങ്ങി. ബാബര്‍ അസം, ഹാരിസ് സൊഹൈല്‍ എന്നിവരാണ് പാക്കിസ്ഥാന്‍ ഇന്നിങ്‌സിന് കരുത്തായത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനുവേണ്ടി ബാബര്‍ അസം(65), ഹാരിസ് സൊഹൈല്‍(50) എന്നിവര്‍ അര്‍ധശതകം നേടി. ഇമാദ് വസിം(18), ഫഹീം അഷ്‌റഫ്(17) എന്നിവര്‍ വാലറ്റത്തും കരുത്തുകാട്ടി. ഐപിഎല്ലില്‍ തിളങ്ങി ഇംഗ്ലണ്ട് ടീമില്‍ ഇടം നേടിയ ജോഫ്ര ആര്‍ച്ചര്‍ 29 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ടോം കറന്‍, ക്രിസ് ജോര്‍ദന്‍ എന്നിവര്‍ ഓരോവിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി ജെയിംസ് വിന്‍സി(36), ജോയ് റൂട്ട്(47), ഇയോയിന്‍ മോര്‍ഗന്‍(57), ജോയ് ഡെന്‍ലി(20) എന്നിവര്‍ കാര്യമായി സ്‌കോര്‍ ചെയ്തു. അതേസമയം, 2016ന് ശേഷം ആദ്യമായി ദേശീയ ടീമിലെത്തിയ ബെന്‍ ഡെക്കറ്റിന് തിളങ്ങാനായില്ല. ഡെക്കറ്റ് 9 റണ്‍സെടുത്ത് പുറത്തായി. പാക്കിസ്ഥാനുവേണ്ടി ഇമാദ് വസീം, ഷഹീന്‍ അഫ്രീദി, ഹസന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റുവീതം വീഴ്ത്തി. ഇരു ടീമുകളും തമ്മിലുള്ള ഏകദിന പരമ്പര മെയ് 8ന് ആരംഭിക്കും.