ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ നിലവിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് ജോഫ്രാ ആര്‍ച്ചര്‍. തുടര്‍ച്ചയായി അസാമാന്യ വേഗത്തില്‍ പന്തെറിയാന്‍ മികവുള്ള താരം മൂന്ന് ഫോര്‍മാറ്റിലും സ്ഥിരതയോടെ കളിക്കുന്നു. മികച്ച ലൈനും ലെങ്തും കാത്ത് സൂക്ഷിക്കുന്ന ആര്‍ച്ചര്‍ ഐപിഎല്‍,ബിബിഎല്‍ തുടങ്ങിയ ഫ്രാഞ്ചൈസി ക്രിക്കറ്റിലെയും നിര്‍ണ്ണായക താരമാണ്.
എന്നാല്‍ സമീപകാലത്തായി പരിക്ക് താരത്തെ വേട്ടയാടുന്നു. കൈമുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. വിശ്രമത്തിന് ശേഷം തിരിച്ചെത്തിയപ്പോള്‍ വീണ്ടും അതേ പരിക്ക് വന്നതോടെ അദ്ദേഹത്തിന് ഏകദേശം ഒരുവര്‍ഷത്തോളം നഷ്ടമായി. ഇന്ത്യക്കെതിരായ പരമ്പരയ്ക്കിടെ വീണ്ടും വേദന അനുഭവപ്പെട്ടതോടെ നാട്ടിലെത്തി ശസ്ത്രക്രിയക്ക് വിധേയനാവുകയായിരുന്നു.
ഇതോടെ ഐപിഎല്ലിന്റെ 14ാം സീസണടക്കം ആര്‍ച്ചര്‍ക്ക് നഷ്ടമായി. ഇപ്പോഴിതാ കൈമുട്ട് ശരിയായില്ലെങ്കില്‍ ഇനി ഒരു ക്രിക്കറ്റും കളിക്കാനാവില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ആര്‍ച്ചര്‍.ഡെയ്‌ലി മെയ്‌ലിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ച്ചര്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. 'കുറച്ച് മാസങ്ങള്‍ക്കൂടി എനിക്ക് നഷ്ടമാവുമെന്നാണ് തോന്നുന്നത്. എന്ന് തിരിച്ചുവരാനാവുമെന്ന് പറയാനാവില്ല.

എന്നാല്‍ കൈമുട്ടിന്റെ പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇനി ഒരു ക്രിക്കറ്റും കളിക്കാന്‍ സാധിക്കില്ല. ഒരിക്കലും ക്രിക്കറ്റിനോട് ഗുഡ് ബൈ പറയാന്‍ ആഗ്രഹിക്കുന്നില്ല. പൂര്‍ണ്ണ കായിക ക്ഷമതയോടെ തിരിച്ചുവരും.അതിന് എന്റേതായ സമയമെടുക്കും. കരിയറിനും ജീവിതത്തിനും നല്ലതായ ഏറ്റവും മികച്ച കാര്യങ്ങളെല്ലാം ചെയ്യും'-ആര്‍ച്ചര്‍ പറഞ്ഞു.
എന്നാല്‍ ആര്‍ച്ചറുടെ പരിക്ക് ഇംഗ്ലണ്ടിനെ സംബന്ധിച്ച് വളരെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇന്ത്യക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ആര്‍ച്ചര്‍ കളിക്കില്ലെന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു. ഈ വര്‍ഷം ഒക്ടോബറിലും നവംബറിലും ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കുന്നുണ്ട്. ആര്‍ച്ചറില്ലാത്തത് ഇംഗ്ലണ്ടിനെ സംബന്ധിച്ച് നികത്താനാവാത്ത വിടവാണ്.
26കാരനായ ആര്‍ച്ചര്‍ ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാനും കെല്‍പ്പുള്ള താരമാണ്. 13 ടെസ്്റ്റില്‍ നിന്ന് 42 വിക്കറ്റും 17 ഏകദിനത്തില്‍ നിന്ന് 30 വിക്കറ്റും 12 ടി20യില്‍ നിന്ന് 14 വിക്കറ്റും ആര്‍ച്ചറുടെ പേരിലുണ്ട്. 35 ഐപിഎല്ലില്‍ നിന്ന് 46 വിക്കറ്റാണ് ആര്‍ച്ചര്‍ വീഴ്ത്തിയിട്ടുള്ളത്. ഐപിഎല്‍2021 പുനരാരംഭിച്ചാലും ആര്‍ച്ചര്‍ രാജസ്ഥാന്‍ നിരയില്‍ ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി. സെപ്തംബറിലാണ് ബിസിസി ഐ ഐപിഎല്‍ പുനരാരംഭിക്കാന്‍ പദ്ധതിയിടുന്നത്.