ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡും ഇംഗ്ലണ്ടും തമ്മില്‍ ഹാമില്‍ട്ടണില്‍ നടക്കുന്ന ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ആദ്യ ഇന്നിങ്‌സില്‍ തകര്‍ച്ചയ്ക്കുശേഷം കരകയറിയ ഇംഗ്ലണ്ട് ലീഡ് നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് കിതയ്ക്കുകയാണ്. കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ച്വറി നേടിയ ജോ റൂട്ടിന്റെ മികവാണ് ഇംഗ്ലണ്ടിനെ മാന്യമായ സ്‌കോറിലെത്തിച്ചത്.
ന്യൂസിലന്‍ഡിന്റെ 375 റണ്‍സ് എന്ന സ്‌കോറിന് മറുപടിയായി ഇംഗ്ലണ്ട് 476 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ടിനുവേണ്ടി ജോ റൂട്ട് 226 റണ്‍സ് നേടി. ഒലി പോപ്പിനെ(75) കൂട്ടുപിടിച്ചുനടത്തിയ രക്ഷാപ്രവര്‍ത്തനം ഇംഗ്ലണ്ടിന് 101 റണ്‍സ് ലീഡാണ് നല്‍കിയത്. ഒലി പോപ്പുമായി ആറാം വിക്കറ്റില്‍ 193 റണ്‍സും റോറി ബേണ്‍സുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 177 റണ്‍സിന്റെ കൂട്ടുകെട്ടും റൂട്ടിന് നേടാനായി.

ഇംഗ്ലണ്ടിനായി മൂന്ന് ഇരട്ടശതകം നേടിയ കെവിന്‍ പീറ്റേഴ്‌സണിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും റൂട്ടിന് കഴിഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ ന്യൂസിലന്‍ഡിനെതിരെ ഉയര്‍ന്ന സ്‌കോര്‍ നേടിയ താരമെന്ന് ബഹുമതിയും ഇപ്പോള്‍ റൂട്ടിനാണ്. നാലാംദിനം 5 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് എന്ന നിലയില്‍ കളി ആരംഭിച്ച ഇംഗ്ലണ്ടിനെ റൂട്ടും ഒലി പോപ്പും ചേര്‍ന്ന് മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ന്യൂസിലന്‍ഡിനായി നെയ്ല്‍ വാഗ്നര്‍ 5 വിക്കറ്റ് വീഴ്ത്തി. ടിം സൗത്തി 2 വിക്കറ്റും സ്വന്തമാക്കി.
നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ന്യൂസിലന്‍ഡ് 2 വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് എന്ന നിലയിലാണ്. 37 റണ്‍സെടുത്ത കെയ്ന്‍ വില്യംസണും 31 റണ്‍സെടുത്ത റോസ് ടെയ്‌ലറുമാണ് ക്രീസില്‍. 18 റണ്‍സെടുത്ത ടോം ലതാമും റണ്ണൊന്നുമെടുക്കാതെ ജീത് റാവലും പുറത്തായി. ഒരു ദിവസത്തെ കളി ശേഷിക്കെ മത്സരം സമനിലയിലാക്കാനാണ് ന്യൂസിലന്‍ഡ് ആഗ്രഹിക്കുക. സമനിലയിലായാല്‍ ആദ്യ ടെസ്റ്റ് ജയിച്ചതിനാല്‍ രണ്ട് മത്സരങ്ങളുടെ പരമ്പര നേടാന്‍ ആതിഥേയര്‍ക്ക് കഴിയും.