ദില്ലി: ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് തട്ടുപൊളിപ്പന്‍ ജയം. ഓപ്പണര്‍ ജേസണ്‍ റോയുടെ 78 റണ്‍സിന്റെ മികവിലാണ് ദില്ലി ഫിറോസ് ഷാ കോട്ലയില്‍ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ കെട്ടുകെട്ടിച്ചത്. ലോകകപ്പില്‍ ഇതുവരെ തോല്‍വിയറിയാതിരുന്ന ടീമായിരുന്നു ന്യൂസിലന്‍ഡ്. ഇംഗ്ലണ്ടാകട്ടെ തപ്പിയും തടഞ്ഞുമാണ് സെമിഫൈനല്‍ വരെ എത്തിയത്.
ലോകകപ്പില്‍ ഒരു കളി പോലും തോല്‍ക്കാത്ത ഏക ടീമെന്ന പെരുമയുമായി എത്തിയ ന്യൂസിലന്‍ഡിന് ഇംഗ്ലണ്ട് തുടക്കം മുതലേ പണികൊടുത്തു. മൂന്നാമത്തെ ഓവറില്‍ അപകടകാരിയായ മാര്‍ട്ടിന്‍ ഗുപ്ടില്‍ പുറത്ത്. 9 പന്തില്‍ 15 റണ്‍സായിരുന്നു ഗുപ്ടിലിന്റെ സംഭാവന. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ 32, കോളിന്‍ മണ്‍റോ 46, കോറി ആന്‍ഡേഴ്‌സണ്‍ 28 എന്നിവരുടെ മികവില്‍ ന്യൂസിലാന്‍ഡ് 12 ഓവറില്‍ 100 കടന്നിരുന്നു.

എന്നാല്‍ അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടത് അവരുടെ റണ്ണൊഴുക്കിനെ ബാധിച്ചു. ടെയ്‌ലര്‍ 6, റോഞ്ചി 3, എലിയട്ട് 4, സാന്ത്‌നര്‍ 7, മക്ലനാഗന്‍ 1 എന്നിങ്ങനെയാണ് കീവിസിന്റെ അവസാന 5 ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍. ക്രിസ് ജോര്‍ദാന്‍, ബെന്‍ സ്റ്റോക്സ്, മോയിന്‍ അലി എന്നിവര്‍ പിടിച്ച് പന്തെറിഞ്ഞതോടെ ന്യൂസിലന്‍ഡിന്റെ സ്‌കോര്‍ എട്ട് വിക്കറ്റിന് 153 ല്‍ ഒതുങ്ങി.
മറുപടി ബാറ്റിംഗില്‍ മാന്‍ ഓഫ് ദ മാച്ച് ജേസണ്‍ റോയും അലക്‌സ് ഹെയ്ല്‍സും ചേര്‍ന്ന് മിന്നും തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. 8.2 ഓവറില്‍ 82ലെത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ഇതില്‍ ഹെയ്ല്‍സിന്റെ സംഭാവന 19 പന്തില്‍ 20 റണ്‍സ്. റോയ് 44 പന്തില്‍ 11 ഫോറും 2 സിക്‌സും സഹിതം 78 റണ്‍സെടുത്താണ് കളിയിലെ ടോപ് സ്‌കോററായത്. 17 പന്തില്‍ 2 ഫോറും 3 സിക്‌സും പറത്തി ജോസ് ബട്‌ലര്‍ ഇംഗ്ലണ്ടിനെ 17.1 ഓവറില്‍ ലക്ഷ്യത്തിലെത്തിച്ചു.