കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പർ കിങ്സ് രാജസ്ഥാൻ റോയൽസ് ഐപിഎൽ മത്സരം കളിക്കളത്തിൽ ആവേശം പടർത്തിയെങ്കിലും ചില താരങ്ങൾക്ക് അത് വികാരദീനമായ നിമിഷങ്ങൾ കൂടിയായിരുന്നു. സഞ്ജു സാംസണിന്റെ ട്രേഡിന് വേണ്ടി സാം കരൺ (ടീമിനൊപ്പമില്ല) രവീന്ദ്ര ജഡേജ എന്നിവരെ ചെന്നൈ രാജസ്ഥാനിലേക്ക് ട്രേഡ് ചെയ്തിരുന്നു. അതിനാൽ, ഈ താരങ്ങൾ തങ്ങളുടെ മുൻ ടീമിനെതിരെയായിരുന്നു അണിനിരന്നിരുന്നത്. മത്സരം രാജസ്ഥാൻ റോയൽസ് വളരെ എളുപ്പത്തിൽ ജയിച്ചെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് രവീന്ദ്ര ജഡേജയുടെ ഒരു വീഡിയോയാണ്.
മത്സരത്തിന്റെ ഒമ്പതാം ഓവർ. 60 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ സിഎസ്കെ രാജസ്ഥാനെതിരെ തകർന്ന് അടിഞ്ഞിരിക്കുന്ന സമയം. അപ്പോൾ ക്രൗഡിൽ നിന്നും സിഎസ്കെ, സിഎസ്കെ എന്ന മുറവിളികൾ ഉയർന്നു. ഒപ്പം സിഎസ്കെ ആരാധകരിൽ നിന്നും ജഡ്ഡു, ജഡ്ഡു എന്നും. സ്ക്രീനിൽ കണ്ടിരുന്ന വിഷ്വലിൽ വളരെ പെട്ടന്ന് ഒരു മാറ്റം സംഭവിക്കുന്നു. ജെയ്മി ഒവേർട്ടണിൽ നിന്നും രാജസ്ഥാൻ ജേഴ്സിയിൽ നിൽക്കുന്ന ജഡേജയെയാണ് അപ്പോൾ കാണിച്ചത്. തീർത്തും ഇമോഷണലായി, ബൗണ്ടറി ലൈനിന് അടുത്ത് നിൽക്കുന്ന ജഡേജ. അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്തോ പറയാനുണ്ട് എന്ന പോലെ, വളരെ ഇമോഷണലായി ജഡേജ ഫീൽഡ് ചെയ്യുന്ന രംഗം. ഇന്നലെ മുതൽ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും ഈ വീഡിയോ വൈറലാണ്.

ഇത്രയും കാലം ചെന്നൈയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ സിഎസ്കെ ആരാധകരുടെ ദളപതിയുടെ ഇമോഷണൽ വീഡിയോ കൂടുതലും പ്രചാരത്തിലുള്ളത്, സ്വാഭാവികമായും സിഎസ്കെ ആരാധകർക്കിടയിലാണ്. ജഡേജയെ മിസ് ചെയ്യുന്നു എന്നും എന്തൊക്കെ വന്നാലും നിങ്ങൾ തന്നെയാണ് ഞങ്ങളുടെ ദളപതി എന്നുമെല്ലാമുള്ള കമന്റുകൾ കൊണ്ട് ജഡേജയെ മൂടുകയാണ് സിഎസ്കെ സൈബർ ലോകം. നിങ്ങൾ എന്നെന്നും ഞങ്ങൾക്കൊപ്പം ഉണ്ടാകും എന്നായിരുന്നു പിന്നീട് മറ്റ് ആരാധകർ എക്സിൽ കുറിച്ചത്.
ഏകപക്ഷീയമായ മത്സരം എന്നുതന്നെ കഴിഞ്ഞ ദിവസത്തെ രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തെ നമുക്ക് വിശേഷിപ്പിക്കാം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ 127 റൺസ് എന്ന മോശം സ്കോറിന് പുറത്താകുന്നു. ഒന്ന് പൊരുതാൻ പോലും സിഎസ്കെയുടെ യുവനിരയ്ക്ക് സാധിച്ചില്ല എന്നതാണ് മറ്റൊരു സത്യം. സിഎസ്കെയ്ക്കായി തന്റെ ആദ്യ മത്സരം കളിക്കുന്ന സഞ്ജു സാംസണ് വെറും ആറ് റൺസ് എടുക്കാനേ സാധിച്ചുള്ളൂ. എന്നാൽ, മറുഭാഗത്ത് വെറും 18 റൺസ് വിട്ടുകൊടുത്ത് ജഡേജ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. വെറും 12.1 ഓവറിൽ രാജസ്ഥാൻ ലക്ഷ്യം കണ്ടു. വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് രാജസ്ഥാനെ ആധികാരിക വിജയം നേടാൻ സഹായിച്ചത്. വൈഭവ് അർദ്ധ സെഞ്ച്വറി നേടുകയും യശസ്വി ജെയ്സ്വാൾ പുറത്താകാതെ കളി ഫിനിഷ് ചെയ്യുകയും ചെയ്തതോടെ ചെന്നയെ വീണ്ടും രാജസ്ഥാൻ മുട്ടുകുത്തിച്ചു.