ഇന്ത്യൻ ക്രിക്കറ്റ് വലിയൊരു പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാമിപ്പോൾ കടന്നുപോവുന്നത്. ഇതിഹാസ താരങ്ങളായ കോലിയും രോഹിതും ഒരേസമയം രണ്ട് ഫോർമാറ്റുകളിൽ നിന്ന് പടിയിറങ്ങുക എന്നത് ആരും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. എന്നാൽ ടി20 ലോകകപ്പിലെ ത്രസിപ്പിക്കുന്ന ജയത്തിന് പിന്നാലെ ഇരുവരും ഒരുമിച്ചാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇത് ആരാധകരിൽ ഉണ്ടാക്കിയ ഞെട്ടൽ വളരെ വലുതായിരുന്നു.
പിന്നാലെ ചാമ്പ്യൻസ് ട്രോഫിയിൽ കിരീടം നേടാൻ ടീമിനെ മുന്നിൽ നിന്ന് നയിച്ച ഇരുവരും ഐപിഎല്ലിൽ തങ്ങളുടെ ടീമുകളെ പ്ലേ ഓഫിൽ എത്തിക്കുന്നതിന്റെ വക്കിൽ എത്തി നിൽക്കവെയാണ് അപ്രതീക്ഷിതമായി യാതൊരു മുന്നറിയിപ്പും കൂടാതെ ടെസ്‌റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. അതും ദിവസങ്ങളുടെ വ്യത്യാസത്തിൽ ആയിരുന്നു തീരുമാനം.

ആധുനിക ക്രിക്കറ്റിൽ ഇതുപോലെയൊരു ദ്വയം ഇനി പിറക്കേണ്ടിയിരിക്കുന്നു എന്നതാണ് വാസ്‌തവം. കാരണം കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇന്ത്യൻ ക്രിക്കറ്റിനെ താങ്ങി നിർത്തിയത് ഇരുവരും ചേർന്നായിരുന്നു. ദൈർഘ്യമേറിയ ഫോർമാറ്റിൽ നിന്ന് ഇരുവരും ഒരുമിച്ച് പിൻവാങ്ങുന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പര മുതലാണ് ഇന്ത്യയുടെ യഥാർത്ഥ വെല്ലുവിളി ആരംഭിക്കുന്നത്. അവിടെ പുതിയ ഇന്ത്യൻ ടീം സ്വയം മികവ് തെളിയിക്കേണ്ടിയിരിക്കുന്നു.
പരിചയസമ്പന്നരായ കോലിയും രോഹിതും ഇല്ലാതെ വേണം ഇന്ത്യൻ സംഘത്തിന് ഇംഗ്ലണ്ടിലേക്ക് പറക്കാൻ. മാത്രമല്ല ടെസ്‌റ്റ് ടീം ക്യാപ്റ്റൻ ആയിരുന്ന രോഹിത് ശർമ്മ പോയതോടെ ഇനി പുതിയ നായകനെ കണ്ടെത്തേണ്ട സാഹചര്യവും അവർക്ക് മുന്നിലുണ്ട്. ഇതോടെ ആരായിരിക്കും വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ നായകനായി മാറുക എന്നതാണ് എല്ലാവരും ഉന്നയിക്കുന്ന പ്രധാന ചോദ്യം.
ഇപ്പോഴിതാ ഇതിൽ തന്റെ അഭിപ്രായം പങ്കുവയ്ക്കുകയാണ് മുതിർന്ന താരം ഇഷാന്ത് ശർമ്മ. ഒരുകാലത്ത് ഇന്ത്യൻ ടെസ്‌റ്റ് നിരയിലെ സ്ഥിര സാന്നിധ്യമായ ഇഷാന്ത് ഒട്ടേറെ മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു. വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ ഉൾപ്പെടെ ഇന്ത്യൻ ടെസ്‌റ്റ് ടീമിനെ നയിക്കാൻ യോഗ്യം ആരെന്ന് ചോദ്യത്തിനായി ഇഷാന്ത് മറുപടി നൽകിയത്.
കൂടുതൽ പേരും ഇതിന് നൽകിയ മറുപടി ഗില്ലിന്റെ പേരായിരുന്നു. യുവതാരം എന്ന നിലയിൽ ശ്രദ്ധേയനായ ഗില്ലിനെ നായകനാക്കണം എന്നാണ് ഭൂരിപക്ഷ അഭിപ്രായം. ഇന്ത്യൻ ടീമിന്റെ മുഖ്യ സെലക്‌ടർ ആയ അജിത് അഗർക്കറും സംഘവും ഇതിൽ അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നും ഗിൽ തന്നെയാവും ഇന്ത്യൻ ടീമിനെ നയിക്കുകയെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഈ വേളയിലാണ് ഇഷാന്ത് തന്റെ അഭിപ്രായം പങ്കുവയ്ക്കുന്നത്.
ഇന്ത്യയുടെ സ്‌റ്റാർ പേസർ ജസ്പ്രീത് ബുമ്രയാണ് ടീമിനെ നയിക്കേണ്ടത് എന്നാണ് ഇഷാന്ത് ശർമ്മ അഭിപ്രായപ്പെടുന്നത്. ബുമ്ര ആരോഗ്യവാൻ ആണെങ്കിൽ ഞാൻ അദ്ദേഹത്തിന്റെ പേര് പറയും. അതാണ് ആദ്യ ചോയ്‌സ്. ഇത്രയും പരിചയസമ്പത്തുള്ള ഒരേയൊരു വ്യക്തി അദ്ദേഹമാണ്. പക്ഷേ, അഞ്ച് ടെസ്‌റ്റ് മത്സരങ്ങളും അദ്ദേഹം കളിക്കുന്നില്ലെങ്കിൽ, തീർച്ചയായും ഗിൽ തന്നെയായിരിക്കും നായകൻ; ഇഷാന്ത് പറയുന്നു.
നിലവിൽ ജസ്പ്രീത് ബുമ്ര നായക പദവിയിൽ എത്താൻ സാധ്യത വളരെ കുറവാണെന്നാണ് ലഭ്യമായ വിവരം. താരത്തിന്റെ ജോലിഭാരവും ശാരീരിക ക്ഷമതയും തന്നെയാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്. എന്നാൽ പരിചയസമ്പത്ത് കണക്കിലെടുത്താണ് ബുമ്രയെ നായകനായി തിരഞ്ഞെടുക്കണമെന്ന് പറയുന്നതെന്ന് ഇഷാന്ത് ശർമ്മ വ്യക്തമാക്കുന്നുണ്ട്. കോലിയുടെ വിരമിക്കലിനെ കുറിച്ചും ഇഷാന്ത് പ്രതികരിച്ചു.
'എനിക്ക് തോന്നുന്നത് അവൻ പക്വതയുള്ളവനാണെന്നാണ്. അവൻ എന്താണ് ചെയ്യുന്നതെന്ന് അവനറിയാം. അവൻ വിരമിച്ചതിന് ശേഷം ഞാൻ അവനോട് ശരിക്കും സംസാരിച്ചില്ല. പക്ഷേ കളിക്കുന്നിടത്തോളം കാലം, കഴിയുന്നത്ര സാധാരണരീതിയിൽ നിൽക്കേണ്ടത് പ്രധാനമാണെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് എനിക്ക് വിരാടുമായി സൗഹൃദമുള്ളത്. ഞങ്ങൾ ഒരിക്കലും ഒന്നും ഞങ്ങളുടെ തലയിൽ കയറ്റി വയ്ക്കാൻ ശ്രമിച്ചിട്ടില്ല' എന്നായിരുന്നു ഇഷാന്തിന്റെ വാക്കുകൾ.