ഐറിഷ് അട്ടിമറി, ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു! ഇന്ത്യയുടെ റെക്കോര്‍ഡ് പഴങ്കഥ

1
46770

സതാംപ്റ്റണ്‍: അയര്‍ലാന്‍ഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയിറങ്ങിയ ഇംഗ്ലണ്ടിനു ഷോക്ക്. അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ അട്ടിമറി വിജയമാണ് ഐറിഷ് പട കൊയ്തത്. റെക്കോര്‍ഡ് റണ്‍ചേസ് നടത്തിയ ഐറിഷ് ടീം ഏഴു വിക്കറ്റിന് ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ടിന്റെ കഥ കഴിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒരു പന്ത് ബാക്കിനില്‍ക്കെ 328 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ നേടിയപ്പോള്‍ അയര്‍ലാന്‍ഡിന് ആരും ജയം പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഒരു പന്ത് ബാക്കിനില്‍ക്കെ വെറും മൂന്നു വിക്കറ്റ് നഷ്ടത്തില്‍ അയര്‍ലാന്‍ഡ് ലക്ഷ്യം മറികടക്കുകയായിരുന്നു. ഐറിഷ് ടോപ്‌സ്‌കോറര്‍ പോള്‍ സ്റ്റിര്‍ലിങ് മാന്‍ ഓഫ് ദി മാച്ചായപ്പോള്‍ ഇംഗ്ലണ്ടിന്റെ ഡേവിഡ് വില്ലിയാണ് പ്ലെയര്‍ ഓഫ് ദി സീരീസ്. ആദ്യത്തെ രണ്ടു മല്‍സരങ്ങളും ജയിച്ച് ഇംഗ്ലണ്ട് നേരത്തേ 2-1ന് പരമ്പര കൈക്കലാക്കിയിരുന്നു.

തകര്‍ത്തടിച്ച് അയര്‍ലാന്‍ഡ്

തകര്‍ത്തടിച്ച് അയര്‍ലാന്‍ഡ്

ഇംഗ്ലണ്ടുയര്‍ത്തിയ 329 റണ്‍സെന്ന വിജയലക്ഷ്യം അയര്‍ലാന്‍ഡിനെ ഭയപ്പെടുത്തിയില്ല. തകര്‍ത്തടിച്ച അവര്‍ ലോക ചാംപ്യന്‍മാരെ സ്തബ്ധരാക്കുകയായിരുന്നു. ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിങിന്റെയും (142) ക്യാപ്റ്റന്‍ ആന്‍ഡ്രു ാല്‍ബിര്‍നിയുടെയും (113) സെഞ്ച്വറികളാണ് ഐറിഷ് വിജയത്തിനു അടിത്തറയിട്ടത്.

128 പന്തില്‍ ഒമ്പത് ബൗണ്ടറികളും ആറു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു സ്റ്റിര്‍ലിങിന്റെ ഇന്നിങ്‌സെങ്കില്‍ 112 പന്തില്‍ 12 ബൗണ്ടറികളോടെയാണ് ബാല്‍ബിര്‍നി 113 റണ്‍സ് നേടിയത്. രണ്ടാം വിക്കറ്റില്‍ സ്റ്റിര്‍ലിങ്- ബാല്‍ബിര്‍നി ജോടി വാരിക്കൂട്ടിയത് 214 റണ്‍സാണ്. ഇരുവരും പുറത്തായ ശേഷം ഹാരി ഹെക്ടറും (26 പന്തില്‍ 29*) കെവിന്‍ ഒബ്രെയ്‌നും (15 പന്തില്‍ 21*) ചേര്‍ന്നു ജയം പൂര്‍ത്തിയാക്കുകയായിരുന്നു.

ഇംഗ്ലണ്ടിനെ രക്ഷിച്ചത് മോര്‍ഗന്‍

ഇംഗ്ലണ്ടിനെ രക്ഷിച്ചത് മോര്‍ഗന്‍

ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്റെ (106) ഇടിവെട്ട് സെഞ്ച്വറിയാണ് ഒരു ഘട്ടത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ രക്ഷിച്ചത്. മൂന്നിന് 44 റണ്‍സെന്ന നിലയില്‍ ഇംഗ്ലണ്ട് തുടക്കത്തില്‍ പതറിയിരുന്നു. മുന്‍നിരയില്‍ ജാസണ്‍ റോയ് (1), ജോണി ബെയര്‍സ്‌റ്റോ (4), ജെയിംസ് വിന്‍സ് (16) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല.

84 പന്തില്‍ 15 ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു മോര്‍ഗന്റെ ഇന്നിങ്‌സ്. ടോം ബാന്റണ്‍ 58 (51 പന്ത്, 6 ബൗണ്ടറി, 1 സിക്‌സര്‍), ഡേവിഡ് വില്ലി 51 (42 പന്ത്, 3 ബൗണ്ടറി, 3 സിക്‌സര്‍), ടോം കറെന്‍ 38 (54 പന്ത്, 4 ബൗണ്ടറി) എന്നിവരുടെ ഇന്നിങ്‌സുകളും ഇംഗ്ലണ്ടിനു കരുത്തായി. അയര്‍ലാന്‍ഡിനായി ക്രെയ്ഗ് യങ് മൂന്നും ജോഷ്വ ലിറ്റിലും കര്‍ട്ടിസ് കാംപറും രണ്ടു വിക്കറ്റ് വീതമെടുത്തു.

വഴിമാറിയ റെക്കോര്‍ഡുകള്‍

വഴിമാറിയ റെക്കോര്‍ഡുകള്‍

ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ ഒരു ടീം ഏകദിനത്തില്‍ നടത്തിയ ഏറ്റവും വലിയ റണ്‍ചേസ് കൂടിയാണ് ഈ മല്‍സരത്തിലേത്. 2002ല്‍ സൗരവ് ഗാംഗുലിക്കു കീഴില്‍ ഇംഗഗ്ലണ്ടിനെതിരേ ഇന്ത്യ സ്ഥാപിച്ച 326 റണ്‍സെന്ന റണ്‍ ചേസ് റെക്കോര്‍ഡ് ഐറിഷ് പട തിരുത്തുകയായിരുന്നു. ലോര്‍ഡ്‌സില്‍ നടന്ന നാറ്റ്‌വെസ്റ്റ് ട്രോഫിയുടെ ഫൈനലിലായിരുന്നു മുഹമ്മദ് കൈഫും യുവരാജ് സിങും ചേര്‍ന്ന് 2002ല്‍ ഇന്ത്യക്കു വേണ്ടി റെക്കോര്‍ഡ് റണ്‍ചേസ് നടത്തിയത്.

ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരേ ഒരു ടീമിന്റെ ഏറ്റവും വലിയ നാലാമത്തെ റണ്‍ചേസാണ് ഐറിഷ് ടീമിന്റേത്. കൂടാതെ അയര്‍ലാന്‍ഡിന്റെ ഏറ്റവും വലിയ റണ്‍ചേസും ഇതു തന്നെയാണ്.. 2011ല്‍ ബെംഗളൂരുവില്‍ ഇംഗ്ലണ്ടിനെതിരേ തന്നെ 328 റണ്‍സ് ചേസ് ചെയ്തതായിരുന്നു അവരുടെ മുന്‍ റെക്കോര്‍ഡ്.

ഏകദിനത്തില്‍ അയര്‍ലാന്‍ഡിന്റെ രണ്ടു ബാറ്റ്‌സ്മാന്‍മാര്‍ ഒരേ കളിയില്‍ സെഞ്ച്വറി നേടിയത് ഇതു മൂന്നാം തവണയാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, August 5, 2020, 9:36 [IST]
Other articles published on Aug 5, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X