എസ് ശ്രീശാന്ത്, സഞ്ജു സാംസണ്‍, റൈഫി വിന്‍സന്റ് ഗോമസ്, പ്രശാന്ത് പരമേശ്വരന്‍.. ഐ പി എല്‍ കളിച്ച മലയാളികളില്‍ ഏറ്റവും ഭാഗ്യവാനായ താരം ആര് എന്ന് ചോദിച്ചാല്‍ ഇവരാരുമല്ല എന്ന് മറുപടി പറയേണ്ടിവരും. അത് മറ്റൊരാളാണ്. സച്ചിന്‍ ബേബി എന്ന് പേര്. വയസ്സ് 26. മധ്യനിര ബാറ്റ്‌സ്മാന്‍. ഓഫ് സ്പിന്‍ ബൗളര്‍. അതെ കേരളത്തില്‍ നിന്നും ബാംഗ്ലൂരിലെത്തി റോയല്‍ ചാലഞ്ചേഴ്‌സിന് വേണ്ടി കളിക്കുന്ന ഈ ഇടംകൈയന്‍ തന്നെ ഭാഗ്യവാനായ ആ മലയാളി.
ഇന്ത്യയുടെ ഭാവി വാഗ്ദാനം എന്നറിയപ്പെടുന്ന സര്‍ഫ്രാസ് ഖാന്‍, ഇന്ത്യന്‍ താരം കേദാര്‍ ജാദവ്, മന്‍ദീപ് സിംഗ് എന്നീ യുവതാരങ്ങളെ മറികടന്നാണ് ക്യാപ്റ്റന്‍ വിരാട് കോലി സച്ചിന്‍ ബേബിയില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. 2013 ല്‍ 4 ഐ പി എല്‍ മത്സരങ്ങള്‍ കളിച്ച പരിചയമേ സച്ചിന്‍ ബേബിക്കുള്ളൂ. എന്നാല്‍ ഇത്തവണ വിജയ് ഹസാരെ ട്രോഫിയിലെ മിന്നും പ്രകടനം സച്ചിന്‍ ബേബിയെ ബാംഗ്ലൂര്‍ ടീമിലെ സ്ഥിരം സാന്നിധ്യമാക്കി.

വിരാട് കോലി, ഷെയ്ന്‍ വാട്‌സന്‍, എ ബി ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയ്ല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം കളിക്കാനുള്ള അവസരമാണ് സച്ചിന്‍ ബേബിക്ക് കിട്ടിയിരിക്കുന്നത്. അതും ഗെയ്‌ലിന് പോലും ഇടംകിട്ടാത്ത സ്റ്റാര്‍ട്ടിങ് ഇലവനില്‍. ഈ സീസണില്‍ നാല് മത്സരങ്ങള്‍ സച്ചിന്‍ ബേബി കളിച്ചുകഴിഞ്ഞു. 53 പന്തുകള്‍ നേരിട്ട് 76 റണ്‍സടിച്ചു. ശരാശരി 25.33. 143 ആണ് സ്‌ട്രൈക്ക് റേറ്റ്.
ഇടംകൈയ്യനാണ് സച്ചിന്‍ ബേബി. 2016 ഐ പി എല്‍ ലേലത്തിലാണ് സച്ചിന്‍ ബേബി ബാംഗ്ലൂര്‍ ടീമിലെത്തിയത്. സഞ്ജു സാംസണ്‍ വലംകൈയ്യനും. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടി സഞ്ജു സാംസനും മികച്ച ബാറ്റിംഗ് പ്രകടനങ്ങള്‍ പുറത്തെടുക്കുമ്പോള്‍ ഐ പി എല്ലിന്റെ ഒമ്പതാം സീസണില്‍ മലയാളിപ്പെരുമ ഉയരുകയാണ്. സഞ്ജുവിനൊപ്പം ഡല്‍ഹി ടീമില്‍ പാതിമലയാളിയായ കരുണ്‍ നായരും കളിക്കുന്നുണ്ട്.